എന്‍ഡിഎയ്ക്ക് ഉജ്ജ്വല വിജയം

Friday 10 August 2018 1:56 am IST

ന്യൂദല്‍ഹി: പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലെ ഉപാധ്യക്ഷതെരഞ്ഞെടുപ്പിലും ഭരണപക്ഷത്തിന് അനായാസ ജയം. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ജെഡിയു അംഗവുമായ ഹരിവംശ് നാരായണ്‍ സിങ് 125 വോട്ടുകള്‍ നേടി വിജയിച്ചപ്പോള്‍ പ്രതിപക്ഷം സംയുക്തമായി രംഗത്തിറക്കിയ കോണ്‍ഗ്രസ് എംപി ബി.കെ. ഹരിപ്രസാദ് 105 വോട്ടിലൊതുങ്ങി. 

41 വര്‍ഷത്തിന് ശേഷമാണ് ഉപാധ്യക്ഷ സ്ഥാനം കോണ്‍ഗ്രസ്സിന് നഷ്ടപ്പെടുന്നത്. മുന്‍ പത്രപ്രവര്‍ത്തകന്‍ കൂടിയായ ഹരിവംശ് ബീഹാറില്‍നിന്നും എതിരില്ലാതെയാണ് രാജ്യസഭയിലെത്തിയത്. 2019ലെ പൊതുതെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സഖ്യ നീക്കത്തിന് ശ്രമിക്കുന്ന കോണ്‍ഗ്രസ്സിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് ഫലം. 

രാജ്യസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 244 ആണ്. ഏതാനും എംപിമാര്‍ തെരഞ്ഞെടുപ്പില്‍നിന്നും വിട്ടുനിന്നതിനാല്‍ 119 പേരുടെ പിന്തുണയായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. പ്രതിപക്ഷത്തെ ഒന്‍പത് അംഗങ്ങളുള്ള ബിജു ജനതാദളിന്റെയും ആറ് അംഗങ്ങളുള്ള ടിആര്‍എസ്സിന്റെയും പിന്തുണ ലഭിച്ചതാണ് എന്‍ഡിഎയുടെ വിജയം ഉറപ്പിച്ചത്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും നേരിട്ടിറങ്ങിയാണ് പിന്തുണ ഉറപ്പാക്കിയത്. ശിവസേന, ശിരോമണി അകാലിദള്‍, എഐഎഡിഎംകെ എന്നിവരുടെ പിന്തുണയും ലഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടികള്‍, എസ്പി, ബിഎസ്പി, എന്‍സിപി, ടിഡിപി എന്നിവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്തുണച്ചു. വൈഎസ്ആര്‍ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും പിഡിപിയും വിട്ടുനിന്നു. ഡിഎംകെയുടെ രണ്ടും തൃണമൂല്‍ കോണ്‍ഗ്രസ്സിന്റെ ഒരാളും വോട്ടുചെയ്യാനെത്തിയില്ല. 

ഹരിവംശിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. തെരഞ്ഞെടുപ്പുകളില്‍ ജയവും തോല്‍വിയും ഉണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ഉപാധ്യക്ഷന്‍ ഏതെങ്കിലും പാര്‍ട്ടിയുടേതല്ല. രാജ്യത്തിന്റേതാണ്, അദ്ദേഹം ചൂണ്ടിക്കാട്ടി. പശ്ചിമഘട്ട സംരക്ഷണ വിഷയത്തില്‍ പത്രസമ്മേളനം നടത്തിയ എ.കെ. ആന്റണി, എന്നാല്‍ തോല്‍വിയെക്കുറിച്ചുള്ള ചോദ്യത്തില്‍നിന്നും ഒഴിഞ്ഞുമാറി. ജൂലൈ ഒന്നിന് പി.ജെ. കുര്യന്റെ കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.