രാജേന്ദ്ര മേനോന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു

Friday 10 August 2018 11:15 am IST

ന്യൂദല്‍ഹി : മലയാളിയായ രാജേന്ദ്ര മേനോന്‍ ദല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റു. ഭോപ്പാല്‍ വാതക ദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം അനുവദിച്ച കമ്മിഷന്‍ ചെയര്‍മാന്‍ ആയിരുന്നതടക്കം നിയമ ചരിത്രത്തില്‍ തന്നെ ഇടം നേടിയ വ്യക്തിത്വമാണ് രാജേന്ദ്ര മേനോന്റേത്.

വ്യാഴാഴ്ച ദല്‍ഹിയിലെ രാജ് നിവാസില്‍ നടന്ന ചടങ്ങില്‍ ലഫ്. ഗവര്‍ണര്‍ അനില്‍ ബൈജാല്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളും മറ്റ് മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. ദല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഗീത മിത്തലിന് ജമ്മു കാശ്മീര്‍ ചീഫ് ജസ്റ്റിസായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് രാജേന്ദ്ര മേനോന്റെ നിയമനം. പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. 

മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്നപ്പോഴാണ് ഭോപ്പാല്‍ വാതകദുരന്തത്തിന്റെ ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്ന കമ്മിഷന്റെ ചെയര്‍മാനായി മേനോന്‍ നിയമിതനായത്. 2010 മുതല്‍ അഞ്ച് വര്‍ഷം ഈ പദവിയില്‍ സേവനമനുഷ്ഠിച്ചു. വാതകദുരന്തിന്റെ ഇരകളായി മരിച്ചവരുടെ ആശ്രിതര്‍ക്കും ദുരന്തം പേറി ജീവിക്കുന്നവര്‍ക്കും ഏതാണ്ട് 2000 കോടിയുടെ നഷ്ടപരിഹാരം നല്‍കണമെന്ന ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത് രാജേന്ദ്ര മേനോന്‍ ആയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.