പൂര്‍ണപിന്തുണയുമായി കേന്ദ്രം; രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളത്തില്‍

Friday 10 August 2018 5:46 pm IST

ന്യൂദല്‍ഹി: പ്രളയ ദുരന്തം നേരിടുന്ന കേരളത്തിന് പൂര്‍ണ പിന്തുണയുമായി കേന്ദ്ര സര്‍ക്കാര്‍. ദുരന്തം വിലയിരുത്തുന്നതിനും പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്നതിനും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഞായറാഴ്ച കേരളം സന്ദര്‍ശിക്കും. ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും കൂടെയുണ്ടാകും. ഉച്ചക്ക് 12.30ഓടെ കൊച്ചിയിലെത്തുന്ന ഇരുവരും ദുരിതബാധിത പ്രദേശങ്ങളും ക്യാമ്പുകളും സന്ദര്‍ശിക്കും. ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. വൈകിട്ട് 4.30വരെ രാജ്‌നാഥ് സിംഗ് കൊച്ചിയിലുണ്ടാകും. 

മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചതായും കേന്ദ്രത്തിന്റെ നടപടികളില്‍ സംസ്ഥാന സര്‍ക്കാര്‍ തൃപ്തരാണെന്നും രാജ്‌നാഥ് സിംഗ് ട്വിറ്ററില്‍ വ്യക്തമാക്കി. എന്ത് സഹായം നല്‍കുന്നതിനും കേന്ദ്രം സന്നദ്ധമാണ്. സംസ്ഥാനത്തെ സാഹചര്യം സൂക്ഷ്മമമായി നിരീക്ഷിക്കുന്നുണ്ടെന്നും രാജ്‌നാഥ് മുഖ്യമന്ത്രിയെ അറിയിച്ചു. ദേശീയ ദുരന്തമായി കണ്ടാണ് കേന്ദ്രം സഹായം നല്‍കുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പത്രസമ്മേളനത്തില്‍ പറഞ്ഞു.

ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നുമില്ല. വാചകക്കസര്‍ത്തല്ല, നടപടികളാണ് ഉണ്ടാവേണ്ടത്. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടപ്പോള്‍ തന്നെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സൈന്യത്തെ അയച്ചു. ഡിസാസ്റ്റര്‍ റിസ്‌ക് മാനേജ്‌മെന്റ് (ഡിആര്‍എസ്) സംഘം കേരളത്തിലുണ്ട്. ഇതിലേക്ക് കൂടുതല്‍ പേരെ നിയോഗിക്കും. പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന കേരളത്തിലെ എംപിമാരുടെ ആവശ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ യുപിഎ സര്‍ക്കാരില്‍ എട്ട് മന്ത്രിമാര്‍ കേരളത്തില്‍നിന്നും ഉണ്ടായിരുന്നു. പ്രളയമനുഭവിച്ചപ്പോള്‍ മന്ത്രിമാരാരും ആ വഴിക്ക് പോയില്ല. ഇത്തരം വിഷയങ്ങളില്‍ അടിയന്തര ഇടപെടലുകളാണ് മോദി സര്‍ക്കാര്‍ നടത്തുന്നത്. മഴക്കെടുതി വിലയിരുത്താന്‍ ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജുവിന്റെ നേതൃത്വത്തില്‍ കേന്ദ്ര സംഘം കേരളം സന്ദര്‍ശിച്ചത് ചൂണ്ടിക്കാട്ടി കണ്ണന്താനം വിശദീകരിച്ചു. ദുരന്തം നേരിടുന്നതിന് ആവശ്യത്തിനുള്ള തുക എല്ലാ സംസ്ഥാനങ്ങള്‍ക്കും മുന്‍കൂറായി കൊടുത്തിട്ടുണ്ട്. ഇത് തീരുമ്പോള്‍ സംസ്ഥാനം ആവശ്യപ്പെടുന്നതനുസരിച്ച് വീണ്ടും നല്‍കുമെന്നും പണം പ്രശ്‌നമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.