എന്‍ഡിഎ നിവേദനം നല്‍കി

Friday 10 August 2018 5:51 pm IST

ന്യൂദല്‍ഹി: കേരളത്തിലെ പ്രളയക്കെടുതിയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്. ശ്രീധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന് നിവേദനം നല്‍കി. സമാനതകളില്ലാത്ത ദുരിതമാണ് കേരളം അനുഭവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ നേതാക്കള്‍ ആഭ്യന്തര മന്ത്രി കേരളം സന്ദര്‍ശിക്കണമെന്നും ദുരന്തം വിലയിരുത്തുന്നതിനായി വിദഗ്ധ സംഘത്തെ അയക്കണമെന്നും അഭ്യര്‍ത്ഥിച്ചു. കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉറപ്പു നല്‍കിയ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തുമെന്നും വ്യക്തമാക്കി.

ബിജെപി കേരളാ പ്രഭാരി എച്ച്. രാജ, സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്‍, കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ് എന്നിവരും നിവേദക സംഘത്തിലുണ്ടായിരുന്നു. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിയും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തി. സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായാണ് അദ്ദേഹം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നത്.

കേരളത്തിലെ മഴക്കെടുതികളെക്കുറിച്ചും ശ്രീധരന്‍ പിള്ള അമിത് ഷായെ ധരിപ്പിച്ചു. എച്ച് രാജ, നളിന്‍ കുമാര്‍ കട്ടീല്‍ എംപി എന്നിവരെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കുന്നതിനായി ബിജെപി സംസ്ഥാനത്തേക്ക് അയക്കുമെന്ന് അമിത് ഷാ പറഞ്ഞു. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് നടപടികള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.