എത്ര പദ്ധതികള്‍ കേരളം പൂര്‍ത്തിയാക്കി? കടകംപള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കണ്ണന്താനം

Saturday 11 August 2018 2:33 am IST

ന്യൂദല്‍ഹി: കേന്ദ്രം അനുവദിച്ച പദ്ധതികളില്‍ എത്രയെണ്ണം ഇതുവരെ പൂര്‍ത്തിയാക്കിയെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. നാലു വര്‍ഷത്തിനിടെ 400 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. സ്വദേശി ദര്‍ശന്‍ പദ്ധതിയില്‍ 282.49 കോടി രൂപയുടെ പദ്ധതികളും പ്രസാദം പദ്ധതിയില്‍  ഗുരുവായൂര്‍ ക്ഷേത്ര നവീകരണത്തിന് 46.14 കോടിയും കൊച്ചിയിലെ പദ്ധതികള്‍ക്ക് 46 കോടിയും നടപ്പാതയ്ക്ക് ഒമ്പത് കോടിയും അനുവദിച്ചു. ശബരിമല, ആറന്മുള, പത്മനാഭ സ്വാമി ക്ഷേത്രം, എരുമേലി പദ്ധതികള്‍ക്കും ഫണ്ട് നല്‍കി. ഇവയൊക്കെ എവിടെയവരെയെത്തിയെന്ന് കടകംപള്ളി പറയണം. പലതും തുടങ്ങിയിട്ട് പോലുമില്ല. ഇതിനൊക്കെ സമയപരിധിയില്ലേയെന്നും കണ്ണന്താനം ചോദിച്ചു. പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതില്‍ കേന്ദ്രം അമാന്തം കാണിക്കുകയാണെന്ന കടകംപള്ളിയുടെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

തികച്ചും സൗഹാര്‍ദപരമായിരുന്നു കടകംപള്ളിയുമായുള്ള കൂടിക്കാഴ്ച. സന്തോഷം കൊണ്ടാണ് അദ്ദേഹം പത്രസമ്മേളനം നടത്തിയതെന്നാണ് ആദ്യം വിചാരിച്ചത്. വാര്‍ത്ത കണ്ടപ്പോഴാണ് കുറ്റപ്പെടുത്താനായിരുന്നുവെന്ന് മനസ്സിലായത്. ഇത് ശരിയായ നടപടിയല്ല. അനുവദിച്ച പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ തയാറാകാതെയാണ് കടകംപള്ളി കേന്ദ്രത്തെ പഴിപറയുന്നത്. കഴിഞ്ഞ ബജറ്റില്‍ ടൂറിസം മന്ത്രാലയത്തിന് 1320 കോടിയാണ് അനുവദിച്ചത്. ഏറ്റവുമധികം പദ്ധതികളും പണവും നല്‍കിയത് കേരളത്തിനാണ്. ഒരു പദ്ധതി പോലും ലഭിക്കാത്ത സംസ്ഥാനങ്ങളുണ്ട്. കേരളത്തെ വഴിവിട്ട് സഹായിക്കാന്‍ നോക്കിയിട്ടുണ്ട്. മുഴുവന്‍ ഫണ്ടും കേരളത്തിന് നല്‍കാനാവില്ല. ഞാന്‍ കേരളത്തിന്റെ മാത്രം ടൂറിസം മന്ത്രിയല്ലെന്നും രാജ്യത്തിന്റെ മന്ത്രിയാണെന്നും സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കണം.

ശിവഗിരി മഠം അധികൃതര്‍ നല്‍കിയ പദ്ധതി സംസ്ഥാന സര്‍ക്കാരിന് കൈമാറിയെങ്കിലും മറ്റ് പദ്ധതികള്‍ ഇതിനൊപ്പം കൂട്ടിച്ചേര്‍ത്ത് നല്‍കിയതിനാലാണ് തിരിച്ചയച്ചത്. 100 കോടിയില്‍ ഒതുക്കി നല്‍കാനാണ് ആവശ്യപ്പെട്ടത്. ഇതില്‍ അധികം തുക ആവശ്യമുള്ള പദ്ധതികള്‍ക്ക് അനുമതി വൈകും. 300 കോടിയുടെ മലബാര്‍ ടൂറിസം പദ്ധതി കേന്ദ്ര നിര്‍ദേശാനുസരണം പുതുക്കി 99 കോടിയുടേതാക്കിയതിനാല്‍ ഉടന്‍ അംഗീകാരം നല്‍കും. പുതിയ എട്ട് പദ്ധതികളും സംസ്ഥാനം സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച പദ്ധതികള്‍ക്ക് മാത്രമാണ് കേരളത്തില്‍ അനുമതി നല്‍കിയിട്ടുള്ളത്. കണ്ണന്താനം ചൂണ്ടിക്കാട്ടി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.