മുസ്ലിം സ്ത്രീകള്‍ക്ക് നീതി ഉറപ്പുവരുത്താന്‍ നിദ ഖാന്‍ ബിജെപിയിലേക്ക്

Saturday 11 August 2018 2:35 am IST

ബറേലി: യുപിയില്‍, മുത്തലാഖ് ചെയ്ത സ്ത്രീകള്‍ക്കായി സംഘടന രൂപീകരിച്ചതിന്റെ പേരില്‍ 'ഫത്‌വ'യ്ക്കിരയായ നിദാ ഖാന്‍ ബിജെപിയിലേക്ക്. മുത്തലാഖിനും നിക്കാഹ് ഹലാലയ്ക്കും ഇരയാകുന്ന സ്ത്രീകള്‍ക്ക് നീതി ഉറപ്പ് വരുത്താനാണ് തന്റെ രാഷ്ട്രീയ പ്രവേശമെന്ന് അവര്‍ പറഞ്ഞു. 24 കാരിയായ നിദയും മുത്തലാഖ് ഇരയാണ്. മുസ്ലിം സ്ത്രീകള്‍ക്കായി സന്നദ്ധ സംഘടനയുണ്ടാക്കിയതിന്റെ പേരില്‍  യുപിയിലെ പ്രസിദ്ധമായ ആലാ ഹസ്‌റത്ത് ദര്‍ഗയിലെ പുരോഹിതന്‍ നിദയെ സമൂഹത്തില്‍ ഒറ്റപ്പെടുത്താന്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു. ദേശീയതലത്തില്‍ ഇത് വന്‍ വിവാദമായി. നിദയോട് സംസാരിക്കുന്നതിന,് ഒപ്പം ഭക്ഷണം കഴിക്കുന്നതിന്, മരിച്ചെന്നറിഞ്ഞാല്‍ സന്ദര്‍ശിക്കുന്നതിനു പോലും വിലക്കേര്‍പ്പെടുത്തുന്നതായിരുന്നു ഫത്‌വ. പള്ളിപ്പറമ്പില്‍ ശവമടക്കുന്നതും മരണാനന്തര പ്രാര്‍ഥന നടത്തുന്നതും വിലക്കി.

ജില്ലാടിസ്ഥാനത്തില്‍ സ്ത്രീകളെ സംഘടിപ്പിച്ചായിരുന്നു നിദയുടെ പോരാട്ടം. രണ്ടു മുസ്ലിം കുടുംബങ്ങളില്‍ ഒന്ന് എന്ന നിരക്കില്‍ മുത്തലാഖിനോ നിക്കാഹ് ഹലാലയ്‌ക്കോ ഇരയായ സ്ത്രീകളുണ്ടെന്നായിരുന്നു നിദയുടെ കണ്ടെത്തല്‍. ബിജെപിയില്‍ ചേരുന്നതോടെ ഈ പ്രശ്‌നങ്ങളെല്ലാം ദേശീയ തലത്തില്‍ ഉയര്‍ത്തിക്കാട്ടാനാവുമെന്നാണ് അവരുടെ പ്രതീക്ഷ. പാര്‍ട്ടിയില്‍ ചേരുന്നതിന്റെ സമയവും സ്ഥലവുമെല്ലാം പാര്‍ട്ടി തന്നെ നിശ്ചയിക്കുമെന്നും നിദ പറഞ്ഞു. ഉത്തരാഖണ്ഡ് വനിതാ ശിശുക്ഷേമ മന്ത്രി രേഖ ആര്യയെ പരിചയപ്പെട്ടതാണ് നിദയെ ബിജെപിയിലേക്ക് അടുപ്പിച്ചത്. 

2016 ലാണ് നിദയെ ഭര്‍ത്താവ് ഷീരാന്‍ റാസ മുത്തലാഖ് ചൊല്ലിയത്. ആലാ ഹസ്‌റത്ത് ദര്‍ഗ തലവന്റെ കുടുംബ പരമ്പരയില്‍ പെട്ടയാളാണ് നിദയുടെ ഭര്‍ത്താവ്. മുത്തലാഖിനെ തുടര്‍ന്ന് നിദ കോടതിയെ സമീപിച്ചു. വിവാഹമോചനം കോടതി അസാധുവാക്കി. 2015 ഭര്‍ത്താവിന്റെ പീഡനത്തെ തുടര്‍ന്ന് ഗര്‍ഭഛിദ്രത്തിന് ഇരയായെന്നും നിദ ആരോപിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.