ലണ്ടന്‍: മൂന്നുചക്ര വണ്ടിയിത്.. പറപറക്കും വണ്ടിയിത്… കൊച്ചിരാജാവിലെ ഈ പാട്ട് യുകെയിലെ നഗരങ്ങളും പാടി തുടങ്ങി. കാരണം യുകെയിലും മുച്ചക്രവണ്ടി പറപറക്കുകയാണ്. യുകെയിലെ കാര്‍ഡിഫ് സിറ്റിയിലാണ് ഏറ്റവും പുതുതായി ഓട്ടോറിക്ഷ ഇറക്കിയത്. സംഭവം വന്‍ ഹിറ്റായി. ഇതോടെ യുകെയുടെ പ്രധാന നിരത്തുകളും ഓട്ടോറിക്ഷ സ്വന്തമാക്കി. കാര്‍ഡിഫിലെ തദ്ദേശ കമ്പനിയാണ് ടക് ടക് ടൂര്‍സ് എന്ന പേരില്‍ ഇന്ത്യയുടെ സ്വന്തം ഓട്ടോറിക്ഷ യുകെ സ്റ്റെലില്‍ നിരത്തിലിറക്കിയത്.
യുകെയിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രമാണ് കാര്‍ഡിഫ്. വിനോദസഞ്ചാരികള്‍ക്ക് ബസ് സൗകര്യം ഒരുക്കുവാന്‍ ശ്രമിച്ചുവെങ്കിലും അത് പാഴായി. സിറ്റി സെന്ററിലും കാര്‍ഡിഫ് ബേയിലേക്കും മാത്രമാണ് ബസ് സര്‍വീസുള്ളത്. ഇത് മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നതിന് തടസ്സമാകുന്നുണ്ട്. ഇതിനാലാണ് ഓട്ടോറിക്ഷ ഉപയോഗപ്പെടുത്തുന്നതിലേക്കെത്തിയതെന്ന് കമ്പനി പറയുന്നു. എന്നാല്‍ സിറ്റിക്ക് ചുറ്റുമുള്ള സര്‍വീസിന് മാത്രമാണ് കമ്പനിക്ക് കൗണ്‍സില്‍ അനുമതി നല്‍കിയത്. ഇത് വ്യാപിപ്പിക്കാനുള്ള അപേക്ഷ നല്കി കാത്തിരിക്കുകയാണ് കമ്പനി. സ്വകാര്യകമ്പനികളുടെ നിയന്ത്രണത്തിലാണ് നഗരങ്ങളില്‍ ഓട്ടോറിക്ഷ സേവനം നല്‍കുന്നത്.
യുകെയിലേക്ക് പല കമ്പനികളും ഓട്ടോറിക്ഷകള്‍ ഇറക്കുമതി ചെയ്യുന്നുണ്ട്. ഇവയില്‍ മിക്കതും ഇന്ത്യയില്‍ നിന്നുള്ളവയാണ്. ഇറക്കുമതി ചെയ്യുന്ന ഓട്ടോറിക്ഷ ബ്രിട്ടീഷ് സുരക്ഷാ മാനദണ്ഡങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമായാണ് പുറത്തിറക്കുന്നത്. സിഎന്ജിയിലോ ബാറ്ററിയിലോ ആയാണ് ഓട്ടോറിക്ഷകളുടെ പ്രവര്‍ത്തനം. റിക്ഷ ഹിറ്റായത് ടാക്സി ഓപ്പറേറ്റര്‍മാര്‍ക്ക് ഒരു വെല്ലുവിളിയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: