ഓണം, ബക്രീദ്: 3500 വിപണന കേന്ദ്രങ്ങളുമായി കണ്‍സ്യൂമര്‍ഫെഡ്

Saturday 11 August 2018 2:37 am IST

കോഴിക്കോട്: ഓണം-ബക്രീദ് ആഘോഷങ്ങളുടെ ഭാഗമായി കണ്‍സ്യൂമര്‍ഫെഡ് 3500 വിപണികള്‍ തുറക്കും. വിപണിയെക്കാള്‍ 10 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ നിത്യോപയോഗ സാധനങ്ങള്‍ വിതരണം ചെയ്യാനാണ് കണ്‍സ്യൂമര്‍ഫെഡ് ലക്ഷ്യം ഇടുന്നത്. പൊതുവിപണയില്‍ 1000രൂപ വിലയുള്ള സാധനങ്ങള്‍ 495 രൂപയക്ക് ഒരു കുടുംബത്തിന് ലഭ്യമാക്കും.

ഈമാസം 16 മുതല്‍ 24 വരെയാണ് വിപണികള്‍ പ്രവര്‍ത്തിക്കുക. 13 ഇനം സാധനങ്ങള്‍ വിപണികളിലൂടെ ലഭ്യമാക്കും. ജയ, കുറുവ അരി, കുത്തരി, പച്ചരി, പഞ്ചാസാര, ചെറുപയര്‍, വന്‍കടല, ഉഴുന്ന്, വന്‍പയര്‍, തുവരപ്പരിപ്പ്, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവയാണ് സബ്‌സിഡി ലഭ്യമാക്കി വില്‍പനയക്ക് എത്തിക്കുന്നത്. ഇവ കൂടാതെ ഓണക്കാലത്തും ബക്രീദിനും ആവശ്യമായ പായസക്കൂട്ടുകള്‍ ഉള്‍പ്പെടെയുള്ള 28 ഇനങ്ങളും മാര്‍ക്കറ്റ് വിലയേക്കാള്‍ കുറവില്‍ ലഭ്യമാക്കും.

കണ്‍സ്യൂമര്‍ഫെഡിന്റെ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍, പ്രാഥമിക സഹകരണ സംഘങ്ങള്‍, സഹകരണസംഘങ്ങളുടെ നീതി സ്റ്റോറുകള്‍, തിരഞ്ഞെടുക്കപ്പെടുന്ന ഫിഷര്‍മാന്‍ സഹകരണസംഘങ്ങള്‍, വിനിതാ സഹകരണസംഘം, എസ്‌സി- എസ്ടി സഹകരണസംഘം, ജില്ലാ കണ്‍സ്യൂമര്‍ സഹകരണ സ്റ്റോറുകള്‍, കാര്‍ഷിക സഹകരണസംഘങ്ങള്‍ തുടങ്ങിയവയുടെ നേതൃത്വത്തിലാകും വിപണികള്‍. 

സബ്‌സിഡി ഇനങ്ങള്‍ക്കായി 160 കോടിയുടെ പര്‍ച്ചേസിംഗ് ഓഡറാണ് നല്‍കിയത്. 150 കോടി രൂപയുടെ സാധനങ്ങള്‍ എത്തിക്കഴിഞ്ഞു. സബ്‌സിഡി ഇല്ലാത്ത ഇനങ്ങള്‍ക്കായി അനുവദിച്ച് 16 കോടിയില്‍ 10 കോടിയുടെ സാധനങ്ങളും ഗോഡൗണില്‍ എത്തിയിട്ടുണ്ട്. ഗുണമേന്മ ഉറപ്പ് വരുത്തുന്നതിന്റെയും പരിശോധനയുടെയും ചുമതല കാഷ്യൂ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സിലിന്റെ ലോബറട്ടറികള്‍ക്കാണ്. വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം 16 ന് വൈകിട്ട് മൂന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.