തൊഴില്‍ മേഖല ചൂഷണ മുക്തമാക്കാന്‍ പോരാടണം: ബിഎംഎസ്

Saturday 11 August 2018 2:37 am IST

കൊച്ചി: രാജ്യത്ത് സംഘടിത മേഖലയില്‍ വര്‍ധിച്ചുവരുന്ന കരാര്‍ തൊഴിലും പാര്‍ശ്വവത്ക്കരിക്കപ്പെട്ട അസംഘടിത തൊഴില്‍ മേഖലയും ചൂഷണത്തിന്റെ വിളനിലമായിരിക്കുകയാണെന്നും ഇതിനെതിരെ പോരാടാന്‍ ബിഎംഎസ് സജ്ജമാകണമെന്നും ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ. സി.കെ. സജിനാരായണന്‍. ബിഎംഎസ് 142-ാമത് അഖിലേന്ത്യ പ്രവര്‍ത്തക സമിതിയോഗം എളമക്കര ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സ്ഥിരം തൊഴിലാളികള്‍ക്ക് കൊടുക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും നിഷേധിച്ചും സേവന വ്യവസ്ഥകള്‍ ഇല്ലാതാക്കിയും കടുത്ത തൊഴിലാളി ചൂഷണവുമാണ് കരാര്‍ മേഖലയില്‍ നടക്കുന്നത്. രാജ്യത്ത് തൊണ്ണൂറ്റിമൂന്ന് ശതമാനം തൊഴില്‍ എടുക്കുന്ന അസംഘടിതമേഖലയില്‍ തൊഴില്‍ സുരക്ഷിതത്ത്വമോ സാമൂഹ്യ സുരക്ഷാ പദ്ധതികളോ മിനിമം വേതനമോ നടപ്പാക്കുന്നില്ല. ഇക്കാര്യത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് തുല്യ ഉത്തരവാദിത്തമാണുള്ളത്. വേതനസംഹിത ബില്ലിലേയും സാമൂഹ്യ സുരക്ഷാ ബില്ലിലെയും തൊഴിലാളി വിരുദ്ധ വ്യവസ്ഥകള്‍ ഒഴിവാക്കി എത്രയും വേഗം പാര്‍ലമെന്റില്‍ അവതരിപ്പിക്കണമെന്ന് ബിഎംഎസ് കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

തൊഴില്‍ മേഖലയില്‍ വരുത്തേണ്ട പ്രധാനപ്പെട്ട പല കാര്യങ്ങളും ബിഎംഎസ് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും ഫലപ്രദമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍എസ്എസ് അഖില ഭാരതീയ സഹസര്‍കാര്യവാഹക് വി. ഭാഗയ്യ, ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ, ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര എന്നിവര്‍ പങ്കെടുത്തു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.