പ്രതിപക്ഷത്ത് ഭിന്നത; വിശാല സഖ്യത്തിനില്ലെന്ന് ആം ആദ്മി പാര്‍ട്ടി

Saturday 11 August 2018 2:39 am IST

ന്യൂദല്‍ഹി: തെരഞ്ഞെടുപ്പ് സഖ്യ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിന് മുന്‍പെ പ്രതിപക്ഷത്ത് ഭിന്നത തുടങ്ങി. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരായ വിശാല പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാകാനില്ലെന്ന് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കി. സംയുക്ത പ്രതിപക്ഷമെന്ന് പറഞ്ഞു നടക്കുന്ന പാര്‍ട്ടികള്‍ രാജ്യത്തിന്റെ വികസനത്തില്‍ ഒരു പങ്കുമില്ലാത്തവരാണെന്ന് ആപ്പ് നേതാവും ദല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാള്‍ പറഞ്ഞു. പൊതുതെരഞ്ഞെടുപ്പില്‍ ഒരു സഖ്യത്തിന്റെയും ഭാഗമാകാതെ ആപ്പ് എല്ലാ സീറ്റുകളിലും ഒറ്റയ്ക്കു മത്സരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. 

രാജ്യസഭ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ആപ്പ് രംഗത്തെത്തിയിരുന്നു. പിന്തുണ അഭ്യര്‍ഥിച്ച് രാഹുല്‍ കേജ്‌രിവാളിനെ വിളിച്ചില്ലെന്ന് കുറ്റപ്പെടുത്തി ആപ്പ് വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നിരുന്നു. ഇങ്ങനെയുള്ള കോണ്‍ഗ്രസ്സിന് എങ്ങനെ സംയുക്ത പ്രതിപക്ഷത്തെ നയിക്കാനാകുമെന്നാണ് ആപ്പിന്റെ ചോദ്യം. പ്രതിപക്ഷത്ത് വിള്ളലുണ്ടാക്കിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി വിജയിച്ചത്. 

പ്രതിപക്ഷത്തുള്ള ബിജു ജനതാദള്‍, തെലങ്കാന രാഷ്ട്ര സമിതി എന്നിവരുടെ പിന്തുണ നേടിയെടുക്കാന്‍ എന്‍ഡിഎക്ക് സാധിച്ചു. പ്രതിപക്ഷത്തിന് ഭൂരിപക്ഷമുള്ള രാജ്യസഭയിലെ തോല്‍വി ബിജെപിക്കെതിരെ വിശാല സഖ്യം ലക്ഷ്യമിടുന്ന കോണ്‍ഗ്രസ്സിന് ക്ഷീണമായി. മമതയുടെ നേതൃത്വത്തില്‍ ഫെഡറല്‍ മുന്നണി രൂപീകരണം ശക്തിപ്പെടാന്‍ ഇത് ഇടയാക്കുമെന്നാണ് വിലയിരുത്തല്‍. ടിആര്‍എസ്സും ആപ്പും നേരത്തെ ഇതിനോട് അനുകൂലമായി പ്രതികരിച്ചിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.