ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗിക ചൂഷണം; വികാരിമാര്‍ക്കെതിരെ നടപടി ഉണ്ടാകും
കോട്ടയം: ഓര്‍ത്തഡോക്സ് സഭയൈ വിവാദത്തിലാക്കിയ വികാരിമാരുടെ ലൈംഗിക ചൂഷണത്തിന്റെ പശ്ചാത്തലത്തില്‍ ചേര്‍ന്ന സഭാ മാനേജിങ് കമ്മിറ്റി യോഗത്തിലും വികാരിമാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തിന് മുന്‍തൂക്കം. രണ്ട് ദിവസമായി നടന്നുവരുന്ന സുന്നഹദോസിന്റെ തുടര്‍ച്ചയായിട്ടാണ് സഭാ മാനേജിങ് കമ്മിറ്റി യോഗം ചേര്‍ന്നത്.
വികാരിമാര്ക്കെതിരെയുള്ള ലൈംഗിക ചൂഷണക്കേസില്‍ നിലപാട് വ്യക്തമാക്കിയ സഭാ പരമാദ്ധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ ആരോപണങ്ങളില്‍ കുറ്റക്കാരെന്ന് തെളിയുന്നവര്‍ക്ക് ഉചിതമായ ശിക്ഷ ലഭിക്കണമെന്ന് പറഞ്ഞു. ഇതേ നിലപാടിനോടാണ് ഭൂരിഭാഗം അംഗങ്ങളും യോജിച്ചതെങ്കിലും വിഷയത്തില്‍ അഭിപ്രായൈക്യം ഉണ്ടായിട്ടില്ലെന്ന വിവരമാണ് പുറത്തുവരുന്നത്.കേസില്‍ പ്രതികളാക്കപ്പെട്ട മൂന്ന് വികാരിമാരെയും ആജീവാനന്തം സഭാ ശുശ്രൂഷകളില്‍ നിന്ന് പുറത്താക്കണമെന്നാണ് വിശ്വാസികള്‍ ആവശ്യപ്പെടുന്നതെന്ന് യോഗത്തില്‍ മാനേജിങ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും പറഞ്ഞു.
വികാരിമാര്ക്കെതിരെയുള്ള നടപടി സംബന്ധിച്ച ഔദ്യോഗിക തീരുമാനം ശനിയാഴ്ച ഉണ്ടാകുമെന്നാണ് വിവരം. സഭയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്ര- മാധ്യമങ്ങളുടെ നടപടിയില്‍ യോഗം പ്രതിഷേധിച്ചു.