ജനാഭിപ്രായം

രാമായണസുഗന്ധം-20
Saturday 11 August 2018 2:48 am IST

അവിടെനിന്നും രാമന്റെയടുത്തേക്കെത്തുവാന്‍ വലിയ തിരക്കായിരുന്നുവെങ്കിലും ത്രിജടന്‍ രാമനെ സമീപിച്ച് തന്റെ ദയനീയാവസ്ഥ അദ്ദേഹത്തെ ധരിപ്പിക്കുകയുണ്ടായി. അഗതിയായ തനിക്ക് അനേകം മക്കളുണ്ടെന്നും യാതൊരു ജീവിതമാര്‍ഗവുമില്ലെന്നും അതിനാല്‍ സ്ഥിരമായി വനത്തിലാണു ജീവിക്കുന്നതെന്നും പറയുകയുണ്ടായി. തന്നെയൊന്നു കടാക്ഷിക്കേണമേ എന്ന് ത്രിജടന്‍ അപേക്ഷിച്ചു. 'താങ്കളുടെ കൈവശമുള്ള ദണ്ഡ് നീട്ടിയെറിയൂ. അതു വീഴുന്നിടംവരെയുള്ള പശുക്കളെ അങ്ങേക്കു തരാം' എന്ന് രാമന്‍ പറഞ്ഞു.

ത്രിജടന്‍ ശക്തിയായി ചുഴറ്റിയെറിഞ്ഞ ദണ്ഡ് സരയൂനദിയുടെ മറുകരയില്‍ മേഞ്ഞുകൊണ്ടിരുന്ന പശുക്കളുടെയിടയില്‍ നിന്നിരുന്ന ഒരു കാളയുടെ അടുത്താണ് പതിച്ചത്. അവിടംവരെ നിന്നിരുന്ന അനേകായിരം പശുക്കളെ രാമന്‍ ത്രിജടന് നല്‍കുകയുണ്ടായി. ഇപ്രകാരം ദണ്ഡ് എറിയാന്‍ പറഞ്ഞത് ഒരു തമാശയായി കണ്ടാല്‍ മതിയെന്നും അതിനെ മറ്റു രീതിയില്‍ കാണേണ്ടതില്ലെന്നും രാമന്‍ വ്യക്തമാക്കി. ത്രിജടനും പത്‌നിയും രാമനെ ഹൃദയപൂര്‍വം അനുഗ്രഹിക്കുകയുണ്ടായി. അയോദ്ധ്യയില്‍ ഒരാള്‍ക്കു പോലും – ബ്രാഹ്മണനോ ഭിക്ഷാംദേഹിയോ ആരുമാകട്ടെ ആദരവും ദാനവും അവര്‍ അര്‍ഹിക്കുന്ന തരത്തില്‍ ലഭിക്കാതിരുന്നിട്ടില്ല.

തങ്ങളുടെ സ്വത്തെല്ലാം ജനങ്ങള്‍ക്ക് ദാനമായി നല്‍കിയ ശേഷം രാമനും സീതാദേവിയും ലക്ഷ്മണനും ദശരഥമഹാരാജാവിനെ ദര്‍ശിക്കുവാനായി പോവുകയുണ്ടായി. അവരുടെ ആയുധങ്ങളും കൂടെക്കരുതിയിട്ടുണ്ടായിരുന്നു. ജനങ്ങള്‍ വീഥികളിലും കെട്ടിടങ്ങളുടെ മുകളിലും നിന്ന് ആ കാഴ്ച ദുഃഖത്തോടെ കണ്ടു. ചതുരംഗ സേനയുടെ സംരക്ഷണമുള്ള രാമന്‍ ഇപ്പോള്‍ ആരുടേയും സംരക്ഷണമില്ലാതെ സുരക്ഷാഭടന്മാരുടെ യാതൊരു അകമ്പടിയുമില്ലാതെ വീഥിയിലൂടെ നടന്നുപോകുന്നത് ജനങ്ങള്‍ നിര്‍ന്നിമേഷരായി നോക്കിക്കണ്ടു. ഗുണവാനല്ലാത്ത മകനെപ്പോലും രാജ്യത്തുനിന്നും നിഷ്‌കാസനം ചെയ്യാറില്ല. പിന്നെങ്ങനെയാണ് എല്ലാ സദ്ഗുണങ്ങളുടേയും കലവറയായ സത്പുത്രനെ നാടുകടത്തുന്നത്.

അതുകൊണ്ട് ലക്ഷ്മണനേപ്പോലെ നമുക്കും രാമനെ അനുഗമിക്കാം. ജനങ്ങളുടെ ചിന്ത ഈ രീതിയില്‍ രൂപപ്പെടുകയുണ്ടായി. നമ്മുടെ ശൂന്യമായ ഗൃഹങ്ങളേയും കൈകേയി അവരുടേതാക്കിക്കൊള്ളട്ടെ. രാമന്‍ വസിക്കുവാന്‍ പോകുന്ന വനപ്രദേശം പട്ടണമായി മാറട്ടേ. അയോദ്ധ്യ വനമായും മാറട്ടെ. സര്‍പ്പങ്ങളും മൃഗങ്ങളും പക്ഷികളും നാമെത്തുന്ന പ്രദേശത്തെയുപേക്ഷിച്ച് അയോദ്ധ്യാനഗരത്തില്‍ വന്നു പാര്‍ക്കട്ടെ. കൈകേയിയും അവരുടെ മകനും അവിടം അവരുടേതാക്കിക്കൊള്ളട്ടെ.

ജനങ്ങളുടെ അഭിപ്രായങ്ങള്‍ രാമനെ തെല്ലും ബാധിച്ചില്ല. രാമന്‍ മാതാവായ കൈകേയിയുടെ കൊട്ടാരത്തിലെത്തി. കൈലാസ പര്‍വതത്തിന്റെ ഒരു കൊടുമുടിയേപ്പോലെയുള്ള ഈ കൊട്ടാരത്തിലാണ് ഇപ്പോള്‍ പിതാവായ ദശരഥനുള്ളത്. അവിടെ സുമന്ത്രരെക്കണ്ടപ്പോള്‍ താന്‍ വന്നിരിക്കുന്ന വിവരം പിതാവിനെ അറിയിക്കുവാന്‍ രാമന്‍ അദ്ദേഹത്തോട് അപേക്ഷിച്ചു.

വി.എന്‍.എസ്. പിള്ള

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.