ജയരാജന് രണ്ടാമൂഴം; വിദ്യാഭ്യാസത്തിന്റെ ചിറകരിഞ്ഞു

Saturday 11 August 2018 2:48 am IST

തിരുവനന്തപുരം: പിണറായി സര്‍ക്കാരില്‍ രണ്ടാം സ്ഥാനക്കാരനായി സിപിഎം കേന്ദ്രകമ്മറ്റി അംഗം ജയരാജന്‍ മന്ത്രിയാകുന്നത് ഇത് രണ്ടാം തവണ. ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് 2016 ഒക്ടോബര്‍ 14നാണ് ഇ.പി. ജയരാജന്‍ രാജിവയ്ക്കുന്നത്. 

   ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ മറ്റൊരു സ്ഥാപനത്തില്‍ ജനറല്‍ മാനേജരായും നിയമിച്ചു. ബന്ധു നിയമനങ്ങള്‍ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ല. പാര്‍ട്ടിയിലും ഇത്  വിവാദമായി.   ഇതേ തുടര്‍ന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജയരാജനെയും പി.കെ.ശ്രീമതിയെയും  കണക്കറ്റ് ശാസിച്ചു. വിഷയം സിപിഎം കേന്ദ്രകമ്മറ്റിയിലും ചര്‍ച്ചയായി. സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് കോട്ടം സംഭവിച്ചെന്ന് കാട്ടി   കേന്ദ്രനേതൃത്വം ഇടപെട്ട് ജയരാജനെ മന്ത്രി സ്ഥാനത്ത് നിന്നു പുറത്താക്കുകയായിരുന്നു. എന്നാല്‍ ബന്ധു നിയമന കേസില്‍  വിജിലന്‍സ് ജയരാജന് ക്ലീന്‍ ചിറ്റ് നല്‍കി. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ജയരാജന് അനുകൂല നിലപാടും സ്വീകരിച്ചു.  എന്നിട്ടും വീണ്ടും മന്ത്രിസഭയിലേക്ക് എത്താന്‍ മുഖ്യമന്ത്രി സമ്മതം മൂളിയില്ല.  ഫോണ്‍കെണി വിവാദത്തില്‍ മന്ത്രിസ്ഥാനം രാജിവച്ച എ.കെ. ശശീന്ദ്രന്‍ ഗതാഗതമന്ത്രിയായി തിരികെ വന്നിട്ടും ജയരാജന് മന്ത്രിസ്ഥാനം നല്‍കാത്തത് പാര്‍ട്ടിയില്‍ വിവാദമായി. ഇതേ തുടര്‍ന്നാണ്  മന്ത്രിസ്ഥാനത്തേക്കുള്ള വഴി തുറന്നത്.

    മന്ത്രിസഭാ പുനഃസംഘടനയില്‍  രണ്ടു പേര്‍ക്ക് നഷ്ടം സംഭവിച്ചു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിനും പട്ടികവിഭാഗം കൈകാര്യം ചെയ്യുന്ന എ.കെ. ബാലനും. വിദ്യാഭ്യാസത്തിന്റെ ചിറകരിഞ്ഞാണ് മന്ത്രിസഭാ പുനഃസംഘടന. മന്ത്രി രവീന്ദ്രനാഥിന് ഇനി സ്‌കൂള്‍കുട്ടികളുടെ കാര്യം മാത്രം നോക്കിയാല്‍ മതി. കോളേജ് തലം മുതലുള്ള ഉന്നത വിദ്യാഭ്യാസം ഇനി കെ.ടി.ജലീല്‍ വഹിക്കും. രവീന്ദ്രനാഥിന്റെ കൈകളില്‍ സര്‍വ്വകലാവിദ്യാഭ്യാസത്തിന് കാര്യമായ പുരോഗതി ഉണ്ടായില്ല. സര്‍വ്വകലാശാലകളുടെ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞു. കാമ്പസുകളില്‍ എസ്എഫ്‌ഐയുടെ അപ്രമാധിത്യം രവീന്ദ്രനാഥിനെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയിരുന്നു. പലപ്പോഴും എസ്എഫ്‌ഐ നേതാക്കളുടെ ചൊല്‍പ്പൊടിക്ക്  വഴങ്ങേണ്ടിവന്നു. രവീന്ദ്രനാഥിനെ ഇത് പലപ്പോഴും ചൊടിപ്പിച്ചിരുന്നു. ഇതോടെ ഈ മേഖലയില്‍ മന്ത്രി കാര്യമായ ശ്രദ്ധ നല്‍കിയതുമില്ല. ഏറ്റവും ഒടുവില്‍ എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ വിവാദവും വിദ്യാഭ്യാസ വകുപ്പിന്റെ ചിറകരിയുന്നതിന് ഇടയാക്കി. 

  കെ.ടി.ജലീലാകട്ടെ സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് പാര്‍പ്പിട പദ്ധതി എങ്ങുമെത്തിച്ചതുമില്ല. തദ്ദേശം തെറിക്കുന്നതിന് ഇത് ഇടയാക്കി.  ജലീലിനെതിരെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മന്ത്രി സ്ഥാനത്ത് നിന്നു മാറ്റിയാല്‍ വിമര്‍ശനത്തിന് ഇടയാക്കും. ഇത് മലബാര്‍ മേഖയില്‍ പാര്‍ട്ടിയുടെ വോട്ടിനെ കാര്യമായി ബാധിക്കും. അതിനാല്‍ നിലനിര്‍ത്തുകയായിരുന്നു. 

  മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന ജയരാജന്‍ രാജിവച്ച ഒഴിവില്‍ മറ്റാര്‍ക്കും പിണറായി രണ്ടാം സ്ഥാനം നല്‍കിയില്ല. മന്ത്രി ബാലന്‍ നിയമസഭയില്‍ രണ്ടാം സ്ഥാനം വഹിച്ചിരുന്നു. നിയമസഭയില്‍ മുഖ്യമന്ത്രി്‌ക്കെതിരെ  പ്രതിപക്ഷം പ്രതിഷേധിക്കുമ്പോള്‍ ബാലനായിരുന്നു സഹായത്തിനെത്തിയിരുന്നത്. രണ്ടാമനാക്കിയില്ലെങ്കിലും അപ്രഖ്യാപിത രണ്ടാമനാവുകയായിരുന്നു. ജയരാജന്‍ മന്ത്രിയാകുന്നതോടെ ബാലന്റെ ആ സ്ഥാനം നഷ്ടമാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.