അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ സ്വാതന്ത്ര്യം

Saturday 11 August 2018 2:50 am IST

അഭിപ്രായ സ്വാതന്ത്ര്യമെന്നാല്‍ എന്തിനുമുള്ള വിശാല അവകാശം ആണെന്ന് ധരിച്ചുവച്ചിരിക്കുന്ന ഒട്ടേറെപ്പേര്‍ സമൂഹത്തിലുണ്ട്. തങ്ങളുടെ വിശ്വാസാദര്‍ശങ്ങളനുസരിച്ച് തങ്ങള്‍ പറയുന്നതത്രയും കേട്ടും വിശ്വസിച്ചും മിണ്ടാതിരുന്നുകൊള്ളണം എന്നാണ് അത്തരക്കാര്‍ ശഠിക്കുന്നത്. ആ ശാഠ്യത്തിന്റെ പുന്നാരപ്പേരായി അഭിപ്രായസ്വാതന്ത്ര്യം, ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിവ മാറിയിരിക്കുന്നു. സൂചിത സ്വാതന്ത്ര്യങ്ങള്‍ ഒരു വിഭാഗത്തിനുമാത്രം കുത്തകയെന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ പോവുന്നത്. അതിനെതിരെ പ്രതിഷേധിക്കാനോ രണ്ടുവാക്ക് പറയാനോ കഴിയില്ല. കാരണം അഭിപ്രായ സ്വാതന്ത്ര്യം വിശുദ്ധ സങ്കല്‍പ്പമാണത്രെ.

ഏതായാലും ഇത്തരം ലജ്ജാകരവും ധാര്‍ഷ്ട്യാത്മകവുമായ സമീപനങ്ങളെ കോടതി ഒരു നിരീക്ഷണത്തിലൂടെ തൊഴിച്ചെറിഞ്ഞിരിക്കുന്നു. ജസ്റ്റിസ് ആര്‍. നാരായണപിഷാരടിയാണ് ഇത്തരമൊരു നിരീക്ഷണം നടത്തി ഒരു മുന്‍കൂര്‍ ജാമ്യം നിഷേധിച്ചത്. മലപ്പുറത്തെ ബിജുവാണ് ഇതു സംബന്ധിച്ച ഒരു കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചിരുന്നത്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വന്ന വാര്‍ത്തയ്ക്കടിയില്‍ നടത്തിയ അഭിപ്രായമായിരുന്നു കേസിന് ഇടവെച്ചത്. അത് വായിച്ചവര്‍ക്കുണ്ടായ മാനസികാഘാതവും മനോവിഷമവും വ്യാപകമായാല്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്‌നേഹത്തിനും സൗഭ്രാത്രത്തിനും ഭംഗം നേരിടുമെന്നായിരുന്നു ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടിയിരുന്നത്.

ഒരു മതനിരപേക്ഷ രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിന്റേതായ നിലയും വിലയും ഉള്ളപ്പോള്‍ തന്നെ തന്റെ വിശ്വാസപ്രമാണങ്ങള്‍ വെച്ചുപുലര്‍ത്താന്‍ ആര്‍ക്കും അവകാശം സ്ഥാപിച്ചുകൊടുക്കുന്നുമുണ്ട്. ഈ അവകാശത്തെ ചോദ്യം ചെയ്യുന്ന രീതിയില്‍ സ്ഥിതിഗതികളെ മ്ലേച്ഛമായി ചൂണ്ടിക്കാണിക്കാനും, വഴിതിരിച്ചുവിടാനും ശ്രമിക്കുമ്പോഴാണ് പ്രശ്‌നം മുളപൊട്ടുന്നത്. അത് രാജ്യത്തിന്റെ സുഗമമായ യാത്രയ്ക്ക് അങ്ങേയറ്റത്തെ ഭീഷണിയാണ് വരുത്തിവെക്കുക. ആര്‍ക്കും അഭിപ്രായസ്വാതന്ത്ര്യമുള്ളപ്പോള്‍ തന്നെ മറ്റൊരാള്‍ക്ക് അപമാനമാകുന്ന തരത്തില്‍ ആ സ്വാതന്ത്ര്യം ഉപയോഗിക്കാനും പാടില്ല. ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഗളച്ഛേദം ചെയ്യുന്നതാവരുതെന്ന് ചുരുക്കം.

ഈ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ഉള്‍പ്പിരിവുകളും അടിസ്ഥാനസ്വഭാവവും വ്യവച്ഛേദിച്ച കോടതി യുക്തിസഹമായ വിശദീകരണമാണ് നല്‍കിയിട്ടുള്ളത്. ഒരു മതനിരപേക്ഷ രാജ്യത്ത് മറ്റുള്ളവരുടെ മതവികാരങ്ങളെ വ്രണപ്പെടുത്താനുള്ള അനിയന്ത്രിതമായ ലൈസന്‍സാണ് അഭിപ്രായസ്വാതന്ത്ര്യമെന്ന് കരുതരുതെന്ന് ശക്തമായ ഭാഷയില്‍ ഓര്‍മ്മിച്ചിട്ടുണ്ട്. തല്പര രാഷ്ട്രീയ നേതാക്കന്മാരും അജണ്ടാധിഷ്ഠിത നിലപാടുള്ള സാംസ്‌കാരിക നായകരും അവരുടെ പിന്‍പാട്ടുകാരും കോടതിയുടെ നിരീക്ഷണം കണ്ണുതുറന്ന് കാണുകയും മനസ്സറിഞ്ഞ് കേള്‍ക്കുകയും വേണം. 

അത്തരക്കാര്‍ നിശ്ചയിക്കുന്ന വഴിയിലൂടെയേ സമൂഹം യാത്ര ചെയ്യാവൂ എന്ന സമീപനത്തെ കോടതി എപ്രകാരമാണ് കശക്കിയെറിഞ്ഞതെന്ന് മനസ്സിലാക്കണം. സാഹിത്യമായാലും, അഭിപ്രായപ്രകടനമായാലും ഒരു സമൂഹത്തിനുമേല്‍ തീ മഴയായി വീഴാതിരിക്കാനുള്ള ജാഗ്രതയും അഭിപ്രായസ്വാതന്ത്ര്യത്തിനുണ്ടെന്ന് തിരിച്ചറിയണം. സമൂഹത്തിന്റെ കെട്ടുറപ്പിന് ഭീഷണിയാകാതെ, ഇഴയടുപ്പത്തിനുള്ള സ്‌നേഹദ്രവ്യമാകാനാണ് അഭിപ്രായസ്വാതന്ത്ര്യം എന്ന് ഓര്‍ക്കണം. ഇന്നത്തെ സാമൂഹികാവസ്ഥയില്‍ പ്രത്യേക ശ്രദ്ധ നേടുന്നതാണ് ഹൈക്കോടതിയുടെ ഉത്തരവെന്ന് പറയേണ്ടിവരും. അതിന്റെ സത്തയിലേക്ക് സമൂഹം ഉണര്‍ന്നെഴുന്നേല്‍ക്കുക തന്നെ വേണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.