ആഹാരം ആവിഷ്കാരം

Saturday 11 August 2018 2:51 am IST
ഹിന്ദുമത വിശ്വാസത്തെ എന്തിനാണിങ്ങനെ വേട്ടയാടുന്നത്. ഒരു പുലഭ്യം എഴുതിക്കൂട്ടിയാല്‍ അത് പ്രചരിപ്പിക്കുന്നത് പത്രധര്‍മ്മമാണോ? അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണോ? എന്തെഴുതിയാലും ഭൂരിപക്ഷ സമുദായം സഹിച്ച് പഞ്ചപുച്ഛമടക്കി മിണ്ടാതിരിക്കുമെന്നത് ധാര്‍ഷ്ട്യമല്ലേ? ഹിന്ദുവിനെതിരെയല്ലാതെ മറ്റേതെങ്കിലും മതവിഭാഗത്തില്‍ കൈവച്ചാല്‍ വിവരമറിഞ്ഞ എത്രയെത്ര സംഭവങ്ങളുണ്ട്?

തിരുവനന്തപുരം ജില്ലയിലെ വിളപ്പില്‍ശാലയില്‍ വ്യാഴാഴ്ച നല്ലൊരു സദസ്സ് ശ്രദ്ധേയമായി. ജന്മഭൂമിയുടെ പ്രാദേശിക ലേഖകന്‍ ശിവാ കൈലാസിനെ അനുമോദിക്കുകയായിരുന്നു ലക്ഷ്യം. അഞ്ച് വര്‍ഷത്തിനിടയില്‍ 25 അവാര്‍ഡുകള്‍ നേടിയ ശിവാകൈലാസ് നാട്ടുകാരുടെ രോമാഞ്ചമാണെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷകനായി എത്തിയ ഈ ലേഖകന് ബോധ്യമായി. മജീഷ്യന്‍ ഗോപിനാഥ് മുതുകാടാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. കാട്ടാക്കട എംഎല്‍എ സതീശ്, ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖരും സന്നിഹിതരായിരുന്നു. 

ഉദ്ഘാടകനായ ഗോപിനാഥ് മുതുകാട് മാധ്യമങ്ങളുടെ സ്വഭാവങ്ങളെ പരാമര്‍ശിച്ചു നടത്തിയ പ്രസംഗത്തിന്റെ അനുബന്ധമായി മുഖ്യപ്രഭാഷണത്തില്‍ ചില കാര്യങ്ങള്‍ വിശദീകരിച്ചത് പ്രസംഗകരില്‍ ചിലര്‍ക്ക് ഒട്ടും പിടിച്ചില്ല. ആവിഷ്‌കാര സ്വാതന്ത്ര്യം പരിമിതിയില്ലാത്തതാണെന്ന ധാരണ തെറ്റാണ്. ആഹാരത്തിനും നിയന്ത്രണമുണ്ട്. അതാണ് കേന്ദ്രസര്‍ക്കാരിനെയും ഈ ലേഖകനെയും വിമര്‍ശിക്കാന്‍ പഴുത് കണ്ടെത്തിയത്. ഏത് ആഹാരം കഴിക്കാനും എന്തെഴുതാനും സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു വാദം. 

എന്തും ചെയ്യാനും എന്തും തിന്നാനും സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്തിനാണ് പൊന്‍മുടിയിലെ ഒരുപോലീസ് ഓഫീസറും പോലീസുകാരും ഒളിവില്‍ പോയത്? മ്ലാവിനെ വെടിവച്ചുകൊന്ന് മാംസം വേവിച്ച് തിന്നു എന്നാണ് പരാതി. വനംവകുപ്പിന്റെ കുളത്തൂപ്പുഴ ഡിവിഷന്‍ കേസേടുത്ത് അന്വേഷണം തുടങ്ങിയതോടെയാണ് എസ്‌ഐയും പോലീസുകാരും ഒളിവില്‍ പോയത്. എന്തും കഴിക്കാനും പാചകം ചെയ്യാനും നമ്മുടെ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടോ? എനിക്ക് ചാരായം കുടിക്കാന്‍ ആഗ്രഹമുണ്ട്. അത് ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമല്ല. അത് അടുക്കളയില്‍ ഉണ്ടാക്കി കഴിക്കാമോ? എക്‌സൈസുകാര്‍ അനുവദിക്കുമോ? അവര്‍ അടുക്കളയില്‍ കയറി വാറ്റിയതും വാറ്റ് ഉപകരണങ്ങളും നശിപ്പിക്കുക മാത്രമല്ല, വാറ്റുകാരനെയും അറസ്റ്റ് ചെയ്ത് കേസെടുക്കില്ലേ? ആവിഷ്‌കാര സ്വാതന്ത്ര്യം അതിരില്ലാത്തതാണോ? അങ്ങനെയെങ്കില്‍ മാനനഷ്ടക്കേസിന്റെ പ്രസക്തിയെന്താണ്?

   ക്ഷേത്രത്തില്‍ പോകുന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. അണിഞ്ഞൊരുങ്ങി പോകുന്നത് പുരുഷന്മാരെ ആകര്‍ഷിക്കാനാണെന്ന് പറഞ്ഞാലോ? അമ്മപെങ്ങന്മാരും മക്കളും മരുമക്കളും മാത്രമല്ല അവര്‍ക്ക് മീശയുള്ള ബന്ധുക്കളുണ്ടെങ്കില്‍ അവരും രംഗത്തിറങ്ങും. 

ഹിന്ദുമത വിശ്വാസത്തെ എന്തിനാണിങ്ങനെ വേട്ടയാടുന്നത്. ഒരു പുലഭ്യം എഴുതിക്കൂട്ടിയാല്‍ അത് പ്രചരിപ്പിക്കുന്നത് പത്രധര്‍മമാണോ? അത് ആവിഷ്‌കാര സ്വാതന്ത്ര്യമാണോ? എന്തെഴുതിയാലും ഭൂരിപക്ഷ സമുദായം സഹിച്ച് പഞ്ചപുച്ഛമടക്കി മിണ്ടാതിരിക്കുമെന്നത് ധാര്‍ഷ്ട്യമല്ലേ? ഹിന്ദുവിനെതിരെയല്ലാതെ മറ്റേതെങ്കിലും മതവിഭാഗത്തില്‍ കൈവച്ചാല്‍ വിവരമറിഞ്ഞ എത്രയെത്ര സംഭവങ്ങളുണ്ട്? 'മീശ' നോവലിനെതിരെ ശബ്ദിച്ചപ്പോള്‍ ആവിഷ്‌കാര സ്വാതന്ത്ര്യം നഷ്ടപ്പെട്ടെന്ന് മുറവിളിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ശബ്ദം നിലച്ച സന്ദര്‍ഭങ്ങള്‍ എത്രയോ നമ്മുടെ മുന്നിലുണ്ട്.

ഒരു ഇംഗ്ലീഷ് പത്രത്തിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ചെറുകഥയിലെ കഥാപാത്രത്തിന് പേര് മുഹമ്മദ് എന്നായിപ്പോയി എന്നാരോപിച്ച് ബാംഗ്ലൂര്‍ നഗരത്തില്‍ കൊള്ളയും കൊലയും നടത്തിയതില്‍ പ്രതിഷേധിക്കാന്‍ പോലും ആര്‍ക്കും ധൈര്യമുണ്ടായില്ല. പ്രവാചകന്റെ കാര്‍ട്ടൂണ്‍ വരച്ചു എന്നതിന്റെ പേരില്‍ പത്രാധിപരെ വെടിവച്ചുകൊന്നത് വിദേശത്താണെങ്കില്‍ ഇവിടെയും അതിന്റെപേരില്‍ കലാപം അഴിച്ചുവിട്ടല്ലൊ. അതിനെ അപലപിക്കുന്നതിനുപകരം മാപ്പെഴുതി തടിയൂരിയ പത്രാധിപര്‍ ഇപ്പോള്‍ ഇനിയും 'മീശ' ചുരുട്ടുമെന്ന് ഒന്നാംപേജില്‍ മുഖപ്രസംഗമെഴുതി രസിക്കുകയാണ്. 

ഇ.കെ. നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് അത്തരമൊരു സംഭവമുണ്ടായത്. ഗോഡ്‌സെയെക്കുറിച്ചെഴുതിയ പുസ്തകം പയ്യന്നൂരിലെ ഒരു പ്രസാധകനിറക്കിയപ്പോള്‍ അത് നിരോധിക്കുക മാത്രമല്ല അറസ്റ്റും നടന്നു. നടപടി ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളംകൂട്ടിയത് കോണ്‍ഗ്രസുകാരാണ്. ആറാം തിരുമുറിവ് എന്ന നാടകം നിരോധിച്ചതും കേരളത്തിലാണ്. നക്‌സല്‍ സാഹിത്യങ്ങള്‍ എഴുതാനോ വായിക്കാനോ ഇവിടെ സ്വാതന്ത്ര്യമുണ്ടോ? അതും ആവിഷ്‌കാരത്തിന്റെ ഭാഗമല്ലേ? നേതൃത്വത്തിന് ദഹിക്കാത്ത ഒരു കവിത എഴുതിയതിന് കണ്ണൂരിലെ എഴുത്തുകാരനും കവിയും പുരോഗമന കലാസാഹിത്യ പ്രവര്‍ത്തകനുമായ കെ.സി. ഉമേഷ് ബാബു സഹിച്ച പീഡനത്തിന് കയ്യും കണക്കുമുണ്ടോ? അഞ്ച് തവണ തന്നെ കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ഉമേഷ് ബാബു പറയുന്നത്.

'മീശ' നോവലിനെ പിന്തുണച്ച് സിപിഎം നേതാക്കള്‍ രംഗത്തിറങ്ങുമ്പോള്‍ ഉമേഷ് ബാബുവിന്റെ വാക്കുകള്‍ക്ക് പ്രസക്തിയേറെയാണ്. എല്ലാ പ്രത്യയശാസ്ത്രങ്ങള്‍ക്കും അസഹിഷ്ണുതയുണ്ടെന്ന് ഉമേഷ് ബാബു പറയുന്നു. അതില്‍ സിപിഎം എന്നോ ബിജെപി എന്നോ വ്യത്യാസമില്ല. എന്നാല്‍ സിപിഎമ്മിനാണ് അസഹിഷ്ണുത ഏറെ. 'ഭയങ്ങള്‍' എന്ന കവിത എഴുതിയതിനുശേഷം അഞ്ചുതവണയാണ് എനിക്കുനേരെ വധശ്രമമുണ്ടായത്. ടി.പി. ചന്ദ്രശേഖരനു മുമ്പ് കൊല്ലപ്പെടേണ്ടിയിരുന്നത് ഞാനായിരുന്നു. നേരിയ വ്യത്യാസത്തിനാണ് പലപ്പോഴും രക്ഷപ്പെട്ടത്. കൊടി സുനിയേയും സംഘത്തെയുമാണ് എന്നെ വധിക്കാന്‍ സിപിഎം ചുമതലപ്പെടുത്തിയിരുന്നത്.

പോലീസ് രേഖകളില്‍ എനിക്കുനേരെ നടന്ന വധശ്രമങ്ങളുടെ വ്യക്തമായ വിവരങ്ങളുണ്ട്. 2012 മുതല്‍ 2014 വരെയാണ് വധശ്രമങ്ങള്‍ നടന്നത്. 2012 മാര്‍ച്ച് 18ന് ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ എന്നെ കൊലയാളി സംഘം പിന്തുടര്‍ന്നു. ഞാന്‍ ആ വിവരം അറിഞ്ഞില്ല. പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന് ഈ വിവരം ചോര്‍ന്നു കിട്ടിയിരുന്നു. അവര്‍ സ്ഥലത്തെത്തിയതിനാലാണ് കൊലയാളികള്‍ എന്നെ ആക്രമിക്കാതിരുന്നത്. ഇക്കാര്യം  ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. 

പിന്നീട് അതേ വര്‍ഷം ഏപ്രില്‍ 22ന് വീണ്ടും വധശ്രമം നടന്നു. തുടര്‍ന്ന് മെയ് നാലിനാണ് കൊടി സുനിയും സംഘവും ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത്. ഉമേഷ്ബാബുവിനെയോ ചന്ദ്രശേഖരനെയോ കൊലപ്പെടുത്തണമെന്നായിരുന്നു സിപിഎം നേതൃത്വം കൊലയാളി സംഘത്തിന് നല്‍കിയ നിര്‍ദേശം. ഇക്കാലയളവില്‍ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയോട് ഞാന്‍ പലതവണ അഭ്യര്‍ഥിച്ചിരുന്നെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ല. കൊലപാതക ശ്രമത്തിന് എഫ്‌ഐആര്‍ ഇടാന്‍ പോലും തയ്യാറായില്ല.

സിപിഎമ്മിനും കോണ്‍ഗ്രസ്സിനും ഇത്തരം കാര്യങ്ങളില്‍ ഒരേ മനസ്സാണ്. എന്നെ വധിക്കാന്‍ ആറംഗസംഘമാണ് ശ്രമിച്ചത്. ഇതുസംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് ജില്ലാ പോലീസ് മേധാവിക്ക് ഉള്‍പ്പെടെ ലഭിച്ചെങ്കിലും സിപിഎം നേതൃത്വത്തിന്റെ താല്‍പര്യപ്രകാരം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. 

ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഏപ്രില്‍ ഒന്നിന് വീടിനുനേരെ അക്രമം നടന്നു. കണ്ണൂര്‍ എസ്‌ഐ അടക്കമുള്ളവര്‍ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും കേസെടുത്തില്ല. സിപിഎം താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായി രചനകള്‍ നടത്തുന്നവരെ അവര്‍ ഏതു രീതിയിലും കൈകാര്യം ചെയ്യും. വേണ്ടിവന്നാല്‍ വധിക്കും. സിപിഎം എന്നെങ്കിലും എന്നെ വധിക്കാനാണ് സാധ്യത. പോലീസ് സംരക്ഷണം കൊണ്ടൊന്നും കാര്യമില്ല. സിപിഎം കൊലയാളികള്‍ തീരുമാനിച്ചാല്‍ അത് നടപ്പാക്കിയിരിക്കും. അതുകൊണ്ടുതന്നെ ഞാന്‍ ഏകനായാണ് സഞ്ചരിക്കുന്നത്. 

നിര്‍ഭയമായി അഭിപ്രായങ്ങള്‍ പറയുന്നവര്‍ക്കും എഴുതുന്നവര്‍ക്കും സംരക്ഷണം നല്‍കുമെന്ന സിപിഎമ്മിന്റെയും സര്‍ക്കാരിന്റെയും നിലപാട് പൊള്ളത്തരമാണ്. അവര്‍ക്കു താല്‍പര്യമുള്ളവരെ മാത്രമേ സംരംക്ഷിക്കുകയുള്ളൂ. വിരുദ്ധാഭിപ്രായമുള്ളവരെ ഇല്ലായ്മ ചെയ്യും - ഉമേഷ് ബാബു പറഞ്ഞു.

സാഹിത്യകാരന്മാര്‍ക്കും സാഹിത്യകൃതികള്‍ക്കും എന്നും പ്രോത്സാഹനം ലഭിച്ചിട്ടുള്ള മണ്ണാണ് ഭാരതത്തിലേത്. ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പിച്ചു നല്‍കുന്ന രാജ്യമെന്ന കീര്‍ത്തിയും ഭാരതം നേടിയെടുത്തിട്ടുണ്ട്. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ നാട് എന്ന വിശേഷണത്തിന് ചിലപ്പോഴൊക്കെ അപഖ്യാതിയുണ്ടാക്കുന്ന സംഭവങ്ങളും അരങ്ങേറിയിട്ടുണ്ട്. അതൊന്നും സംഘപരിവാറിന്റെ സൃഷ്ടിയല്ല. നിരോധനത്തിനും നിശബ്ദമാക്കപ്പെടലിനും വിധേയമാകേണ്ട അവസ്ഥ പലര്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ഇത്തരത്തില്‍ പലകാലങ്ങളിലായി ഇവിടെ നിരോധിക്കപ്പെട്ട പുസ്തകങ്ങള്‍ നിരവധിയാണ്.

സിപിഎമ്മിന് കാക്കയുടെ സ്വഭാവമാണ്. കാക്കയ്ക്ക് ഏത് ആഹാരവുമാകാം. കാക്കയെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ കലഹമായി, ബഹളമായി, കലപിലയായി. ഇത് ഏകപക്ഷീയമാണ്. അവിടെ ജനാധിപത്യമില്ല, അഭിപ്രായ സ്വാതന്ത്ര്യമില്ല. ആവിഷ്‌കാരവും ആഹാരസ്വാതന്ത്ര്യവും മാര്‍ക്‌സിസ്റ്റ് നിഘണ്ടുവിലില്ല.

കെ. കുഞ്ഞിക്കണ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.