മന്ത്രവാദം എന്ന തട്ടിപ്പ്

Saturday 11 August 2018 2:53 am IST

കേരളത്തില്‍ ഇടുക്കി ജില്ലയിലെ വണ്ണപ്പുറം കമ്പകക്കാനത്ത് മന്ത്രവാദത്തിന്റെ പേരില്‍ നടന്ന കൂട്ടക്കൊല കേരളത്തെ ലജ്ജിപ്പിച്ചിരിക്കുന്നു. സംസ്ഥാനത്ത് ദുര്‍മന്ത്രവാദക്കാരും കൂടോത്ര സംഘങ്ങളും പലതരത്തില്‍ നടത്തുന്നതു ലക്ഷങ്ങളുടെ തട്ടിപ്പാണ്. ശത്രുസംഹാരം, ബാധ ഒഴിപ്പിക്കല്‍ തുടങ്ങി നിധി കിട്ടുമെന്നു പറഞ്ഞുവരെ ജനങ്ങളെ വിശ്വസിപ്പിച്ചാണു വന്‍ തുക ഇത്തരം സംഘങ്ങള്‍ തട്ടിയെടുക്കുന്നത്. 

ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ പരാതി നല്‍കിയാലും കേസെടുക്കുന്നതിനു പ്രത്യേകിച്ചു വകുപ്പുകളില്ലാത്തതിനാലും തെളിവുകള്‍ ലഭ്യമല്ലാത്തതും പൊലീസിനേയും വലയ്ക്കുകയാണ്. ദുര്‍മന്ത്രവാദവും അന്ധവിശ്വാസവും പെരുകുന്നതു തടയാന്‍ ശക്തമായ നിയമം കൊണ്ടുവരേണ്ടതാണ്. രഹസ്യ നിധി കണ്ടെത്തല്‍, കുടുംബവഴക്കു തീര്‍പ്പാക്കല്‍, കുട്ടികളുടെ ജനനം, രോഗബാധ ഒഴിവാക്കല്‍, ബാധയൊഴിപ്പിക്കല്‍, കേസുകള്‍ തീരുന്നതിന്, ശത്രുനാശം തുടങ്ങി പല കാര്യങ്ങള്‍ക്കായി മന്ത്രവാദം നടത്തുന്ന ഒട്ടേറെ സംഭവങ്ങളാണു ഇടുക്കിയുള്‍പ്പെടെയുള്ള ജില്ലകളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 

പല സംഭവങ്ങളിലും മന്ത്രവാദത്തിനടിപ്പെട്ട് ഇരകളാകുന്നവര്‍ മരണപ്പെടുന്ന സാഹചര്യങ്ങള്‍ നാം കാണുകയാണ്. എന്നാല്‍, പുറംലോകം അറിയുന്നത് വളരെ കുറച്ച് സംഭവങ്ങള്‍ മാത്രമാണ്. പലസംഭവങ്ങളിലും തട്ടിപ്പിനിരയാകുന്നവര്‍ പരാതി നല്‍കാത്തതും ഇത് വീണ്ടും ആവര്‍ത്തിക്കുവാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നു. ഈ തട്ടിപ്പുകാരെ പിടികൂടുന്നതിനുള്ള അന്വേഷണം എല്ലാ കോണുകളില്‍ നിന്നും ശക്തമാക്കേണ്ടതുണ്ട്. 

അന്ധവിശ്വാസത്തിന്റെ പേരില്‍ ബലിയാടുകളാകുന്നവരെ രക്ഷിക്കുവാന്‍ ഫലപ്രദമായ സംവിധാനങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ നടത്തണം.ഇല്ലെങ്കില്‍ പരിഷ്‌കാരത്തിന്റെയും പുരോഗമനത്തിന്റെയും പ്രബുദ്ധതയുടേയും ഉന്നതിയിലെത്തി എന്ന് മേനി നടിക്കുന്ന കേരളത്തില്‍ ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കും.

കണ്ണോളി സുനില്‍

തൃശ്ശൂര്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.