രക്ഷാപ്രവർത്തനത്തിൽ സൈന്യം സജീവം

Saturday 11 August 2018 2:58 am IST

കോഴിക്കോട്: ഉരുള്‍ പൊട്ടലിന്റെയും മഴക്കെടുതിയുടെയും ദുരന്തങ്ങള്‍ നീക്കാന്‍ കേന്ദ്രസേന. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ദുരന്ത നിവാരണസേന, കര, വ്യോമ, നാവിക സേനകള്‍ എന്നിവയുടെ സംയുക്ത നേതൃത്വമാണ്. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ രണ്ട് ടീമുകളടക്കം 14 ടീമുകളാണ് ദുരന്ത നിവാരണ സേനയുടേതായി സംസ്ഥാനത്ത് പ്രവര്‍ത്തനത്തിനുള്ളത്.  

ചെറുതോണി ഷട്ടറുകള്‍  തുറന്നുവിട്ടതിനെത്തുടര്‍ന്ന് പെരിയാറില്‍ വെള്ളപ്പൊക്കം ഉണ്ടാകുമെന്നതിനാല്‍ ദുരന്ത നിവാരണ സേന ആലുവ, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് മുന്‍തൂക്കം നല്‍കും.

നാദാപുരം മുതല്‍ മലപ്പുറം ജില്ലയുടെ അതിര്‍ത്തി വരെ കെടുതികള്‍ നേരിടുന്ന മലയോര മേഖലയിലും  ദുരന്തനിവാരണ  സേന പ്രവര്‍ത്തിക്കുന്നുണ്ട്. കോഴിക്കോട് ജില്ലയില്‍ എന്‍ഡിആര്‍എഫിന്റെ രണ്ട് പ്ലാറ്റൂണ്‍ ഉള്‍പ്പെടെ 78 അംഗങ്ങള്‍ രംഗത്തുണ്ട്. കുറ്റ്യാടി കേന്ദ്രീകരിച്ച് എന്‍ഡിആര്‍എഫിന്റെ 48 അംഗങ്ങളും താമരശ്ശേരിയില്‍ 60 അംഗങ്ങളുള്‍പ്പെട്ട കരസേനയും മുക്കത്ത് 30 അംഗങ്ങള്‍ ഉള്‍പ്പെട്ട എന്‍ഡിആര്‍എഫ് ടീമും രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്. 

കക്കയം ഡാമില്‍ കുടുങ്ങിയവരെ പുറത്തെത്തിക്കാനുള്ള ശ്രമത്തിലാണ് രാത്രി വൈകിയും ഇവര്‍.  കണ്ണപ്പന്‍കുണ്ടില്‍ സമീപന റോഡ് പുനര്‍നിര്‍മ്മിക്കല്‍, ആളുകള്‍ ഒഴിഞ്ഞുപോയ വീടുകളില്‍ സാധനങ്ങള്‍ പുറത്തെത്തിക്കല്‍, മരങ്ങള്‍ മുറിച്ചു മാറ്റല്‍  എന്നിവയാണ് സേനയുടെ പ്രവര്‍ത്തനങ്ങള്‍.

വിശിഷ്ട സേവാ മെഡല്‍ ജേതാവ് കമാന്‍ഡന്റ് കേണല്‍ അജയ് ശര്‍മ, ലെഫ്റ്റനന്റ് കേണല്‍ തീര്‍ത്ഥാങ്കര്‍ എന്നിവരുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഡിഫന്‍സ് സെക്യൂരിറ്റി കോര്‍പ്പസിന്റെ 62 അംഗ സംഘമാണ് രംഗത്തുള്ളത്. കനത്ത മഴയില്‍ ഒറ്റപ്പെട്ടുപോയ കോട്ടത്തറ പഞ്ചായത്തിലെ വെണ്ണിയോട്, തിരുനെല്ലി പഞ്ചായത്തിലെ ബാവലി, പാല്‍വെളിച്ചം, താനിക്കല്‍, പനമരം പഞ്ചായത്തിലെ നീര്‍വാരം തുടങ്ങിയ സ്ഥലങ്ങളില്‍ ദുരന്ത നിവാരണ സേനയാണ് രക്ഷക്കെത്തിയത്. കുറുവ ദ്വീപില്‍ ഒറ്റപ്പെട്ട 30 വനവാസി കുടുംബങ്ങളെ നാവിക സേന ദുരിതാശ്വാസ ക്യാമ്പിലെത്തിച്ചു.  ഏഴിമല, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുമുള്ള നാവികസേനയും ദേശീയ ദുരന്തനിവാരണസേനയും കണ്ണൂരില്‍ നിന്നുമുള്ള ആര്‍മിയുടെ ഡിഫന്‍സ് സെക്യൂരിറ്റിഫോഴ്‌സുമാണ്  വയനാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ളത്. 

മലപ്പുറത്ത്  മമ്പാട് തൂക്കുപാലം, മൂര്‍ക്കനാട് തൂക്കുപാലം എന്നിവ സൈന്യം പുനര്‍നിര്‍മ്മിക്കും. ക്യാപ്റ്റന്‍ കുല്‍ദീപ് സിംഗിന്റെ നേതൃത്വത്തിലുള്ള 64 അംഗ സംഘമാണ് മലപ്പുറത്ത് ക്യാമ്പ് ചെയ്യുന്നത്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ദുരന്ത നിവാരണ സേനയുടെ ദക്ഷിണ മേഖലാ സീനിയര്‍ കമാന്‍ഡന്റ് രേഖാ നമ്പ്യാര്‍ തിരുവനന്തപുരത്തെത്തി. അസിസ്റ്റന്റ് കമാന്‍ഡര്‍മാരായ രാജന്‍ ബാലു, വിനോദ് ജോസഫ്, ജി. വിജയന്‍ എന്നിവരാണ്  ആരക്കോണത്തു നിന്നെത്തിയ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.