ഏഷ്യന്‍ ഗെയിംസ് നീരജ് ചോപ്ര ഇന്ത്യന്‍ പതാകയേന്തും

Saturday 11 August 2018 3:03 am IST

ന്യൂദല്‍ഹി: യുവ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഏഷ്യന്‍ ഗെയിംസ് ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തും. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദ്രര്‍ ബാട്ര അറിയിച്ചതാണിത്. ഇന്തോനേഷ്യയില്‍ ഈമാസം 18 നാണ് ഏഷ്യന്‍ ഗെയിംസ് ആരംഭിക്കുക.

ഈ വര്‍ഷത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ്, ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ്, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്, ദക്ഷിണ ഏഷ്യന്‍ ഗെയിംസ് എന്നിവയില്‍ സ്വര്‍ണമെഡല്‍ നേടിയ താരമാണ് നീരജ് ചോപ്ര. അടുത്തിടെ ഫ്രാന്‍സില്‍ നടന്ന അത്‌ലറ്റിക് മീറ്റില്‍ നീരജ് ചോപ്ര സ്വര്‍ണം നേടിയിരുന്നു. 2012 ലണ്ടന്‍ ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ ജേതാവ് കെഷോണ്‍ വാല്‍ക്കോട്ടിനെ തോല്‍പ്പിച്ചാണ് ഈ ഹരിയാനതാരം ഒന്നാം സ്ഥാനം നേടിയത്.

85.17 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ചാണ് ചോപ്ര സ്വര്‍ണം നേടിയത്. മോള്‍ഡോവയുടെ ആന്‍ഡ്രിയന്‍ മാര്‍ഡയര്‍ (81.48 മീ) ലിത്വാനിയയുടെ എഡിസ് (79.31 മീ) എന്നിവര്‍ യഥാക്രമം രണ്ട്,മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി.

2016 ലെ ദക്ഷിണ ഏഷ്യന്‍ ഗെയിംസില്‍ ചോപ്ര ദേശീയ റെക്കോഡിനൊപ്പം (82.23 മീ) എത്തിയിരുന്നു. ആ വര്‍ഷം അണ്ടര്‍- 20 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 86.48 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച് പുത്തന്‍ ജൂനിയര്‍ ലോക റെക്കോഡ് കുറിച്ച് ചരിത്രമെഴുതി.

2014 ല്‍ ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ 57 മെഡലുകള്‍ നേടി. പതിനൊന്ന് സ്വര്‍ണവും പത്ത് വെള്ളിയും 36 വെങ്കലവും ഇന്ത്യ നേടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.