പെരിയാർ നിറഞ്ഞൊഴുകുന്നു; ഭീതിയോടെ തീരം

Saturday 11 August 2018 3:07 am IST
"ആശങ്കയുടെ ഷട്ടറുകള്‍.... ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും തുറന്നപ്പോള്‍ കുത്തിയൊഴുകുന്ന വെള്ളം. ഒരു വിദൂര ദൃശ്യം"

ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളില്‍ നിന്ന് സെക്കന്‍ഡില്‍ എട്ടു ലക്ഷത്തോളം ലിറ്റര്‍ വെള്ളം കുത്തിയൊഴുകിയെത്തുമ്പോള്‍ ആശങ്ക സൃഷ്ടിച്ച് പെരിയാര്‍ കരകവിയുന്നു. ഇടുക്കി സംഭരണിയിലെ ജലനിരപ്പ് നിയന്ത്രിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ചെറുതോണി അണക്കെട്ടിലെ അഞ്ചു ഷട്ടറുകളും ഇന്നലെ തുറന്നത്. എന്നിട്ടും സംഭരണിയിലെ നിരപ്പ് പരമാവധി ശേഷിയായ 2403 അടിയിലേക്ക് ഉയര്‍ന്ന് തുടങ്ങിയത് പരിഭ്രാന്തി പരത്തി. എന്നാല്‍ രാത്രി ഒന്‍പത് മണിക്ക് 2401.60 ലേക്ക് ജലനിരപ്പ് താഴ്ന്നത് ആശ്വാസമായി. വനത്തിലുണ്ടായ കനത്ത മഴയും ഉരുള്‍പൊട്ടലുമാണ് പദ്ധതി പ്രദേശത്തേക്ക് വന്‍തോതില്‍ നീരൊഴിക്കിനിടയാക്കിയത്. 

ചെറുതോണി പാലത്തിനു മുകളിലൂടെ കവിഞ്ഞൊഴുകിയ വെള്ളം പെരിയാറില്‍ നിറഞ്ഞു. ആലുവ കേന്ദ്രീകരിച്ച് അതീവ ജാഗ്രതയോടെ രാവിലെ മുതല്‍ തയാറെടുപ്പുകള്‍ നടത്തിത്തുടങ്ങിയിരുന്നു. സംഭരണിയിലെ ജലനിരപ്പ് 2400 അടിയിലേക്കു താഴുന്നതു വരെ ഷട്ടറുകള്‍ അടയ്‌ക്കേണ്ടതില്ല എന്നാണ് തീരുമാനം. ആ നില തുടര്‍ന്നാല്‍ പെരിയാറിന്റെ തീരത്തു നിന്ന് ആറായിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വരും. ഇടുക്കിയിലെ അഞ്ച് ഷട്ടറുകളും തുറന്നതോടെ ഇടമലയാറില്‍ നിന്ന് വെള്ളം തുറന്നു വിടുന്നതിന്റെ അളവു കുറച്ചു. 

വിവിധ ഇടങ്ങളില്‍ കര, നാവിക, വ്യോമ സേനകള്‍ രംഗത്തിറങ്ങിയത് ദുരിതാശ്വാസ പ്രവര്‍ത്തനം ഫലപ്രദമാക്കി. പോലീസും ഫയര്‍ഫോഴ്‌സും അടക്കമുള്ള സംസ്ഥാന സര്‍ക്കാര്‍ വകുപ്പും സജീവമായി. ഷട്ടറുകള്‍ തുറന്നപ്പോള്‍ ചെറുതോണി പട്ടണം വെള്ളത്തിലാവുമെന്ന ആശങ്ക ഉയര്‍ന്നു. ചെറുതോണി പാലം ഒലിച്ചു പോകുമെന്ന സ്ഥിതിയായി പിന്നീട്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്. മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും കൂടുതല്‍ തീവ്രമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് മരണം 29 ആയി. തീരമേഖലകളില്‍ യുദ്ധസമാന മുന്നൊരുക്കങ്ങളാണ് തുടരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.