അഞ്ചും തുറന്നു

Saturday 11 August 2018 3:15 am IST

ചെറുതോണി(ഇടുക്കി): എല്ലാ പരിധികളും കടന്ന് ഇടുക്കി സംഭരണിയില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോള്‍ ഇന്നലെ ചെറുതോണി അണക്കെട്ടിന്റെ അഞ്ചു ഷട്ടറുകളും തുറക്കുന്ന അസാധാരണ സാഹചര്യം സംജാതമായി. രൗദ്ര ഭാവത്തില്‍ സംഹാര താണ്ഡവമാടി ഏത് നിമിഷവും തീരങ്ങളിലൂടെ വെള്ളം എത്തുമെന്ന് കൂടി അറിഞ്ഞതോടെ കിട്ടിയതും കൈയിലെടുത്ത് നൂറ് കണക്കിന് പേരാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയത്. രാവിലെ മുതല്‍ പെരിയാറിന്റെ തീരങ്ങളിലെ ആലുവയിലടക്കം ആളുകള്‍ ഭീതിയിലായി. ചെറുതോണി ടൗണില്‍ ഉയര്‍ന്ന വെള്ളം വന്‍ നാശമാണ് വരുത്തിയത്. നിരവധി മരങ്ങളാണ് പുഴയെടുത്തത.്

ഉച്ചക്ക് ഒന്നര കഴിഞ്ഞപ്പോഴാണ് അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഉയര്‍ത്തിയത്. ആര്‍ത്തലച്ചു പാഞ്ഞ വെള്ളം ബസ് സ്റ്റാന്‍ഡിന്റെ കല്‍ക്കെട്ട് തകര്‍ത്തു. ഇവിടെ നിന്നിരുന്ന ഒമ്പത് വന്‍ പനകള്‍ കടപുഴകി. പെട്ടിക്കടകള്‍ ഒലിച്ചു പോയി. ഇലക്ട്രിക് പോസ്റ്റ് കടപുഴകി, ട്രാന്‍സ്‌ഫോര്‍മര്‍ തകരാറിലായി. കാഴ്ചക്കാരെ നിയന്ത്രിക്കുന്നതിന് വടം വലിച്ച് കെട്ടി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയോടെ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടാന്‍ നിര്‍ദ്ദേശം നല്‍കി. ചെറുതോണിയിലെ ബഹുനില കെട്ടിടങ്ങളില്‍ കയറി നിന്നവരെ മാറ്റി. തടിയമ്പാട് വരെ നദീതീരത്തുള്ള ഹെക്ടര്‍ കണക്കിന് കൃഷിയും വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. ഇരുപതു വീടുകള്‍ ഭാഗികമായി തകര്‍ന്നു. തടിയമ്പാട് ചപ്പാത്ത് തിരിച്ചറിയാന്‍ കഴിയാത്ത വിധമാണ് പെരിയാര്‍ നിറഞ്ഞൊഴുകുന്നത്. ചെറുതോണി ചപ്പാത്ത് കരകവിഞ്ഞ് ഒഴുകിയതോടെ ഗാന്ധിനഗര്‍ കോളനി ഒറ്റപ്പെട്ടു. നൂറ്റമ്പതിലധികം കുടുംബങ്ങളാണ് ഈ തുരുത്തില്‍ ഒറ്റപ്പെട്ടത്. 

വെള്ളം കൂടുതല്‍ എത്തിയതോടെ ലോവര്‍ പെരിയാറിലും ജലനിരപ്പ് ഉയര്‍ന്നു. ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി വെള്ളം ഇവിടെ നിന്ന് പുറത്തേക്ക് ഒഴുക്കി. ഭൂതത്താന്‍ കെട്ട് ഡാമില്‍ വൈകിട്ട് മാത്രം ഒരു മണിക്കൂറിനിടെ ഒരു മീറ്റര്‍ വെള്ളം ഉയര്‍ന്നു. മഴയുടെ ശക്തി വൈകിട്ടോടെ കുറഞ്ഞെങ്കിലും നീരൊഴുക്കില്‍ കാര്യമായ കുറവ് വന്നിട്ടില്ല.

എം.പി. ശ്രീനിവാസന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.