ഇന്ത്യയുടെ വ്യവസായിക ഉൽപ്പാദന വളർച്ചയിൽ മുന്നേറ്റം

Saturday 11 August 2018 10:49 am IST

ന്യൂദല്‍ഹി: ഇന്ത്യയുടെ വ്യവവസായിക ഉല്‍പ്പാദന വളര്‍ച്ച ജൂണില്‍ ഏഴു ശതമാനമായി ഉയര്‍ന്നു. നാലു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാ നിരക്കാണ് ഇത്. 2018 ഫെബ്രുവരിയിലും ഏഴു ശതമാനമായിരുന്നു വ്യാവസായിക വളര്‍ച്ച. 

ഉല്‍പ്പാദന മേഖലയിലും മൂലധന സാമഗ്രി മേഖലയിലുമുള്ള ശക്തമായ വളര്‍ച്ചയാണ് ജൂണില്‍ വ്യാവസായിക ഉല്‍പ്പാദനം കൂടാന്‍ സഹായകമായത്. മേയ് മാസം വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 3.9 ശതമാനം മാത്രമായിരുന്നു. ഓണം ഉള്‍പ്പെടെയുള്ള ഉത്സവ സീസണിനു മുന്നോടിയായി കമ്പനികള്‍ ഉല്‍പ്പാദനം വര്‍ധിപ്പിച്ചതാണ് ഉയര്‍ന്ന വളര്‍ച്ചയ്ക്ക് കാരണമായത്. വ്യാവസായിക ഉല്‍പ്പാദന സൂചികയുടെ 77.63 ശതമാനവും സംഭാവന ചെയ്യുന്ന മാനുഫാക്ചറിങ് മേഖല 6.9 ശതമാനം വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. മൂലധന സാമഗ്രി മേഖലയാകട്ടെ 9.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 

ഗൃഹോപകരണങ്ങളുടെ ഉല്‍പ്പാദനം 13.1 ശതമാനമായിട്ടാണ് വര്‍ധിച്ചത്. സുപ്രധാന വ്യവസായ മേഖലകളുടെ മൊത്തം ഉല്‍പ്പാദന വളര്‍ച്ച 6.7 ശതമാനമായിട്ടുണ്ട്. ഇത് ഏഴു മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്. ഖനന മേഖല 6.6 ശതമാനവും, വൈദ്യുതി ഉല്‍പ്പാദനം 8.5 ശതമാനവും, പ്രൈമറി ഗുഡ്‌സ് 9.3 ശതമാനവുമാണ് ഉയര്‍ന്നത്.

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മൂന്നു മാസക്കാലയളവില്‍ വ്യാവസായിക ഉല്‍പ്പാദന വളര്‍ച്ച 5.2 ശതമാനമാണ്. 23 വ്യവസായ മേഖലകളില്‍ 19 എണ്ണവും വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. കംപ്യൂട്ടര്‍ ഇലക്‌ട്രോണിക്‌സ് മേഖലയിലെ ഉല്‍പ്പാദന വളര്‍ച്ച 44 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലായ്-സെപ്റ്റംബര്‍ കാലയളവിലും വ്യാവസായിക ഉല്‍പ്പാദനം മെച്ചപ്പെട്ട നിലയിലായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.