ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം

Saturday 11 August 2018 12:16 pm IST
ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം നല്‍കും. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

വയനാട്: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വീട് നഷ്ടപ്പെട്ടവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ചു. നാല് ലക്ഷം രൂപ വീതമാണ് ഇവര്‍ക്ക് നല്‍കുക. ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിനും നാല് ലക്ഷം രൂപ വീതം നല്‍കും. വീടും ഭൂമിയും നഷ്ടപ്പെട്ടവര്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

വയനാട് ജില്ലയിലെ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗത്തിലാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. വയനാട് കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.ഐ.ഷാനവാസ് എംപിയും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. യോഗത്തിന് ശേഷം മുഖ്യമന്ത്രിയുടെ സംഘവും വയനാട്ടില്‍ നിന്ന് മടങ്ങി.

അവലോകന യോഗത്തിന് മുന്‍പ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തിയിരുന്നു. പത്തോടെ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടിലെ ഹെലിപ്പാടില്‍ ഇറങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയും സംഘവും ഇവിടെയെത്തിയത്. വയനാടിന്റെ ചുമതലയുള്ള തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, കളക്‌ടര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. 

മൂന്ന് താലൂക്കുകളിലുമായി 135 ദുരിതാശ്വാസ ക്യാമ്പുകളാണ് വയനാട്ടില്‍ പ്രവര്‍ത്തിക്കുന്നത്. 2,761 കുടുംബങ്ങളില്‍ നിന്നായി 10,676 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം ജില്ലയിലുടനീളം ഉണ്ടായിട്ടുണ്ട്. കാലവര്‍ഷത്തില്‍ ഇതുവരെ ജില്ലയില്‍ 584.22 ഹെക്ടര്‍ കൃഷി നശിച്ചതായാണ് ജില്ലാ ഭരണകൂടത്തിന്റെ കണക്ക്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.