'അക്കാലത്താണ് അസഹിഷ്ണുത ഭരണകൂട നയമായത്'

Sunday 12 August 2018 2:30 am IST
ആര്‍ക്കും എന്നെ ഇഷ്ടമുള്ളത് വിളിക്കാം. കാവി, ധിക്കാരി എന്നൊക്കെയാണ് പലരും വിളിച്ചിട്ടുള്ളത്. അതൊന്നും കാര്യമാക്കാറില്ല. രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും എനിക്ക് അഭിമാനമുണ്ട്. ഇതാണ് ചിലരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇടത്, വലത് എന്നൊക്കെ കലാകാരന്മാരെ വേര്‍തിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഞാന്‍ ഇതൊന്നുമല്ല. കലയുടെ നിറം കാവിയോ പച്ചയോ ചുവപ്പോ അല്ല. മഴവില്ല് പോലെയാണത്. ഒരു നിറവും ഒഴിവാക്കാനാവില്ല.

''ഹിറ്റ്‌ലര്‍ വിളിച്ചാലും ഇവര്‍ നൃത്തം അവതരിപ്പിക്കാന്‍ പോകും.'' ദല്‍ഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിലെ മാവ്‌ലങ്കര്‍ ഹാളില്‍ 'വിചാരണ'ക്കിടെ അഗ്നിവേശ് അലറി. കുങ്കുമം പടര്‍ന്ന നെറ്റിയില്‍ ചുളിവുവീഴാതെ മുഖമുയര്‍ത്തി അഭിമാനത്തോടെ സോണാല്‍ മാന്‍സിംഗ് പറഞ്ഞു. ''തീര്‍ച്ചയായും. എന്റെ നൃത്തത്തിന് ഹിറ്റ്‌ലറുടെ മനസ്സിനെപ്പോലും മാറ്റിയെടുക്കാനുള്ള കഴിവുണ്ട്'' അന്നവര്‍ സോണാലിനൊരു വിശേഷണം നല്‍കി-സാഫ്രോണ്‍ ആര്‍ട്ടിസ്റ്റ്. 

ഭാരതീയ ദര്‍ശനത്തിന്റെ അന്തസ്സത്ത ലോകത്തിന് പകര്‍ന്നുനല്‍കിയ സ്വാമി വിവേകാനന്ദന്റെ ചിക്കാഗോ പ്രസംഗത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 1993-ല്‍ വിഎച്ച്പി വാഷിംഗ്ടണില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സോണാല്‍ മാന്‍സിംഗ് പങ്കെടുത്തതാണ് ഇടത്-ജിഹാദി ബ്രിഗേഡുകളെ പ്രകോപിപ്പിച്ചത്. ജെഎന്‍യുവിലും ദന്തേവാഡയിലും രാജ്യദ്രോഹത്തിന്റെ വിത്ത് വിതയ്ക്കുന്നവര്‍ അസഹിഷ്ണുതയുമായി രംഗത്തെത്തി. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാരുടെ നേതൃത്വത്തില്‍ അവര്‍ സോണാലിനെ 'ചോദ്യം ചെയ്തു.' ''നിങ്ങള്‍ കാവിക്കാരുടെ കൂടെയാണ് പോയത്. ബുദ്ധിജീവികള്‍ എന്നവകാശപ്പെടുന്നവര്‍ എന്നോട് ആക്രോശിച്ചു. ഇഷ്ടമുള്ളത് വിളിച്ചോളൂ. എന്താണ് അവതരിപ്പിക്കേണ്ടതെന്ന് എന്നോട് ആജ്ഞാപിക്കാത്തപക്ഷം ആരാണ് വിളിച്ചതെന്ന് ഞാന്‍ നോക്കാറില്ല. ഞാന്‍ മറുപടി നല്‍കി.'' അന്നത്തെ അനുഭവം സോണാല്‍ വിശദീകരിച്ചു. 

അറിയപ്പെടുന്ന കലാകാരിയായപ്പോഴും പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു സോണാലിന്റെ ജീവിതം. പരീക്ഷണഘട്ടങ്ങളെ ആത്മവിശ്വാസത്തോടെ അതിജീവിച്ചാണ് ഒഡീസിക്കും ഭരതനാട്യത്തിനുമൊപ്പം സോണാല്‍ വളര്‍ന്നത്. മുംബൈയിലായിരുന്നു കുട്ടിക്കാലം. മുത്തശ്ശന്‍ മംഗള്‍ദാസ് പക്‌വാസ സ്വാതന്ത്ര്യ സമര സേനാനിയും, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ അഞ്ച് ഗവര്‍ണര്‍മാരില്‍ ഒരാളുമായിരുന്നു. പത്മവിഭൂഷണ്‍ ജേതാവും സാമൂഹ്യ പ്രവര്‍ത്തകയുമായിരുന്നു അമ്മ പൂര്‍ണിമ പക്‌വാസ. നാലാം വയസ്സില്‍ മണിപ്പൂരി നൃത്തവും ഏഴാം വയസ്സില്‍ ഭരതനാട്യവും പഠിക്കാന്‍ ആരംഭിച്ച സോണാലിനെ വീട്ടുകാര്‍ അകമഴിഞ്ഞു പിന്തുണച്ചു. എന്നാല്‍ ജീവിതം എന്താകണമെന്ന് തീരുമാനിക്കേണ്ട ഘട്ടമെത്തിയപ്പോള്‍ നൃത്തം മാത്രം മതിയെന്ന പിടിവാശിയെ ഉള്‍ക്കൊള്ളാന്‍ കുടുംബത്തിന് സാധിച്ചില്ല. സര്‍ക്കാര്‍ സര്‍വ്വീസിലെ ഉയര്‍ന്ന ജോലി, വിദേശത്തെ പഠനം, വിവാഹം എന്നിവ തിരഞ്ഞെടുക്കാന്‍ അവര്‍ നിര്‍ബന്ധിച്ചു. ഇതോടെ പതിനെട്ടാം വയസ്സില്‍ വീടുവിട്ടിറങ്ങിയ സോണാല്‍ ബംഗളൂരുവിലെ ഗുരുവായിരുന്ന പ്രൊഫ.യു.എസ്. കൃഷ്ണ റാവുവിന്റെ അടുത്തെത്തി. പിന്നീട് നൃത്തമായിരുന്നു സോണാലിന്റെ ലോകം. 

നയതന്ത്ര ഉദ്യോഗസ്ഥനായിരുന്ന ലളിത് മാന്‍സിങ്ങിനെ വിവാഹം കഴിച്ച് ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചെങ്കിലും ബന്ധം ഏറെനാള്‍ നീണ്ടുനിന്നില്ല. ഒഡിയ കവിയായിരുന്ന ലളിതിന്റെ അച്ഛന്‍ മായാധര്‍ മാന്‍സിങ്ങാണ് സോണാലിനെ ഒഡീസിയിലേക്ക് തിരിച്ചുവിടുന്നത്. കലാ ജീവിതത്തിന്റെ നിറുകയില്‍ നില്‍ക്കുമ്പോഴായിരുന്നു ജര്‍മ്മനിയിലെ വാഹനാപകടം. നൃത്തം അവസാനിപ്പിക്കേണ്ടി വരുമെന്ന ഡോക്ടര്‍മാരുടെ വാക്കുകള്‍ സോണാലിനെ തളര്‍ത്തി. വേദികള്‍ കീഴടക്കാന്‍ ഇനി സോണാല്‍ ഉണ്ടാകില്ലെന്ന് മാധ്യമങ്ങള്‍ അനുശോചനക്കുറിപ്പെഴുതി. എന്നാല്‍ നിരന്തര പരിശ്രമത്തിലൂടെ അത്ഭുതകരമായി അവര്‍ വീണ്ടും ചിലങ്കയണിഞ്ഞു. മൂന്ന് വര്‍ഷത്തിനുശേഷം 1977-ല്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ ഉയര്‍ച്ചയ്ക്കായി ദല്‍ഹിയില്‍ സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സസ് എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. 

 ആറ് പതിറ്റാണ്ടത്തെ നൃത്ത ജീവിതത്തിനുശേഷമാണ് തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു മേഖലയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. നാല്‍പ്പത് വര്‍ഷം മുന്‍പ്, 1986-ല്‍ സിത്താര്‍ വാദകന്‍ പണ്ഡിറ്റ് രവിശങ്കറാണ് അവതരണകലാ വിഭാഗത്തില്‍നിന്ന് ഇതിനുമുന്‍പ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടത്. പുതിയ ദൗത്യത്തെ എങ്ങനെ കാണുന്നു?

ഏറെ അഭിമാനമുണ്ട്. കലയും കലാകാരിയും ആദരിക്കപ്പെടുന്നുവെന്നത് സന്തോഷം നല്‍കുന്നു. ഇന്ത്യയുടെ കലാപാരമ്പര്യത്തിനും സംസ്‌കാരത്തിനുമുള്ള അംഗീകാരമാണിത്. ഒരു കുടുംബത്തിന്റെ ഭാഗമായതുപോലെ തോന്നുന്നു. ഈയൊരു അവസരം നല്‍കിയതിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനോടും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും നന്ദി പറയുന്നു. കലയും നൃത്തവും മാത്രമല്ല, സ്ത്രീ, പരിസ്ഥിതി, മലിനീകരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിഷയങ്ങളും രാജ്യസഭയില്‍ ഉന്നയിക്കും. എല്ലാ വിഭാഗം ജനങ്ങള്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കും. 

 രാജ്യത്ത് അസഹിഷ്ണുതയുണ്ടെന്ന് പ്രചാരണം നടത്തുന്നവരുടെ അസഹിഷ്ണുതയുടെ ഇരയായിരുന്നു താങ്കള്‍. അവര്‍ക്കിഷ്ടമുള്ള രാഷ്ട്രീയ നിലപാടുകള്‍ പിന്‍പറ്റിയില്ലെന്നതിനാല്‍ ആക്ഷേപിക്കുകയും കാവി കലാകാരിയെന്ന് മുദ്രകുത്തുകയും ചെയ്തു?

ആര്‍ക്കും എന്നെ ഇഷ്ടമുള്ളത് വിളിക്കാം. കാവി, ധിക്കാരി എന്നൊക്കെയാണ് പലരും വിളിച്ചിട്ടുള്ളത്. അതൊന്നും കാര്യമാക്കാറില്ല. രാജ്യത്തിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും എനിക്ക് അഭിമാനമുണ്ട്. ഇതാണ് ചിലരുടെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ഇടത്, വലത് എന്നൊക്കെ കലാകാരന്മാരെ വേര്‍തിരിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയമാണ്. ഞാന്‍ ഇതൊന്നുമല്ല. കലയുടെ നിറം കാവിയോ പച്ചയോ ചുവപ്പോ അല്ല. മഴവില്ല് പോലെയാണത്. ഒരു നിറവും ഒഴിവാക്കാനാവില്ല. 

 ഒരു വിഭാഗം കലാകാരന്മാരും രാഷ്ട്രീയ നേതാക്കളും നടത്തിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതാ പ്രചാരണങ്ങളോട് എന്താണ് അഭിപ്രായം? ഇന്ത്യ ഹിന്ദു പാക്കിസ്ഥാനാകുമെന്ന നിലയിലുള്ള വിഷലിപ്തമായ പരാമര്‍ശങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്നത്?  

നിര്‍ഭാഗ്യകരമാണിത്. എന്തിനാണ് നമ്മള്‍ നമ്മളെത്തന്നെ അവഹേളിക്കുന്നത്? എങ്ങനെയാണ് ഒരാള്‍ക്ക് നമ്മുടെ രാജ്യം ഹിന്ദു പാക്കിസ്ഥാന്‍ ആകും എന്ന് ചിന്തിക്കാനും പറയാനും സാധിക്കുന്നത്? എല്ലാവര്‍ക്കും അഭയം നല്‍കിയ നാടാണിത്. എത്രയെത്ര അധിനിവേശ ശക്തികളാണ് നമ്മളെ ആക്രമിക്കുകയും ഭരിക്കുകയും ചെയ്തിട്ടുള്ളത്. നമ്മളാരെയും ആക്രമിച്ചിട്ടില്ല. ഇതില്‍ക്കൂടുതല്‍ എന്താണ് ഹിന്ദുവിന് ചെയ്യാന്‍ കഴിയുക. എല്ലാക്കാലത്തും എല്ലാവരുടെയും കാല്‍ക്കല്‍ വീഴണമെന്നാണോ? വന്ന് കൊന്നോളൂ എന്ന് പറഞ്ഞുകൊണ്ടിരിക്കണമെന്നാണോ? കഴിഞ്ഞ നാല് വര്‍ഷത്തെക്കുറിച്ച് മാത്രമാണ് ഇവര്‍ സംസാരിക്കുന്നത്. എന്തുകൊണ്ടാണ് ഇതിന് മുന്‍പുള്ള വര്‍ഷങ്ങള്‍ ചര്‍ച്ചയാക്കാത്തത്? യുപിഎ സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം ഞാന്‍ അരക്ഷിതയായിരുന്നു. എന്നെ പിന്തുടര്‍ന്ന് വേട്ടയാടി. എന്തിനാണ് തിലകം അണിയുന്നതെന്ന ചോദ്യം പോലും ഇന്ത്യയില്‍ ഞാന്‍ നേരിട്ടു. 90 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. സാരി ഉടുക്കുന്നതിനെയും തിലകം അണിയുന്നതിനെയും അവിടെയെല്ലാവരും പ്രശംസിച്ചിട്ടേയുള്ളു. സ്വന്തം രാജ്യത്ത് ഹിന്ദുവായിരിക്കാനുള്ള എന്റെ അവകാശത്തെ ചോദ്യം ചെയ്യരുത്. മുസ്ലിങ്ങള്‍ അരക്ഷിതരാണെന്ന് പ്രചരിപ്പിക്കുന്നവര്‍ക്ക് ഇതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്. 

 രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവര്‍ വാദിക്കുന്നു. കോണ്‍ഗ്രസ്സിന്റെ അടിയന്തരാവസ്ഥയുടെ ഇരയായിരുന്നു താങ്കള്‍. എങ്ങനെയായിരുന്നു അക്കാലത്തെ ജീവിതം? 

അടിയന്തരാവസ്ഥയെ എതിര്‍ത്തതിന് ഞാന്‍ വിലക്ക് നേരിട്ടു. ടെലിവിഷനിലും റേഡിയോയിലും സര്‍ക്കാര്‍ സഹായത്തോടെ സംഘടിപ്പിക്കുന്ന പരിപാടികളിലും ഒഴിവാക്കപ്പെട്ടു. അവാര്‍ഡുകളോ സാമ്പത്തിക സഹായമോ നല്‍കാതെ അവഗണിച്ചു. എന്റെ സഹപ്രവര്‍ത്തകര്‍ക്ക് 1970-കളില്‍ പത്മ അവാര്‍ഡുകള്‍ ലഭിച്ചപ്പോള്‍  1992-ലാണ് എനിക്ക് പത്മഭൂഷണ്‍ കിട്ടിയത്. 2003-ല്‍ വാജ്‌പേയ് സര്‍ക്കാര്‍ പത്മവിഭൂഷണും നല്‍കി. രാജീവ് ഗാന്ധിയും മന്‍മോഹന്‍ സിങ്ങും പ്രധാനമന്ത്രിയായപ്പോഴും വിലക്ക് തുടര്‍ന്നു. മറ്റ് കലാകാരന്മാര്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരുന്ന സഹായങ്ങള്‍ എനിക്ക് ലഭിച്ചില്ല. എന്നെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യണമെന്ന് മണി ശങ്കര്‍ അയ്യര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജീവ് ഗാന്ധി എതിര്‍ത്തു. അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടതും അസഹിഷ്ണുത ഭരണകൂടത്തിന്റെ നയമായതും യഥാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥക്കാലത്തായിരുന്നു. 

 സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്ത്‌നിന്നും താങ്കളെ ഒഴിവാക്കിയതും കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു? 

കലാരംഗത്തെ രാഷ്ട്രീയ ഇടപെടലിന്റെ ഏറ്റവും വലിയ ഉദാഹരണമാണത്. 2004-ല്‍ വാജ്‌പേയിയുടെ കാലത്താണ് ഞാന്‍ ചെയര്‍പേഴ്‌സണ്‍ ആയത്. ഇടത് പിന്തുണയോടെ യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ ഉടന്‍ ഒന്‍പത് പേരെ പുറത്താക്കണമെന്ന് അവര്‍ എന്നോടാവശ്യപ്പെട്ടെങ്കിലും ഞാന്‍ വഴങ്ങിയില്ല. ഞാന്‍ ഏകാധിപതിയാണെന്നും 2002-ലെ ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ മോദിക്കുവേണ്ടി പ്രചാരണം നടത്തിയെന്നും ആരോപിച്ച് ഏതാനും പേര്‍ അക്കാദമിയില്‍നിന്ന് രാജിവെച്ചു. ഞാന്‍ ഇതുവരെ മോദിക്ക് വേണ്ടി പ്രചാരണം നടത്തിയിട്ടില്ല. ചട്ടങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നത് ചിലര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. അവര്‍ക്ക് അവരുടേതായ അജണ്ടകളും ഉണ്ടായിരുന്നു. എന്നെ മാറ്റാനാവശ്യപ്പെട്ട് അറുപതോളം പേര്‍ രാഷ്ട്രപതി ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന് പരാതി നല്‍കി. മൂന്നാമത്തെ പ്രാവശ്യമാണ് ഫയല്‍ തന്റെ മുന്‍പാകെ വരുന്നതെന്നും ഒപ്പിടുകയല്ലാതെ മറ്റ് വഴികളില്ലെന്നും കലാം എന്നോട് പറഞ്ഞു. 'ഒഴിവാക്കി' എന്നത് തിരുത്തി 'പകരം നിയമിച്ചു' എന്ന വാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. എന്റെ കണ്ണുകള്‍ നിറഞ്ഞു. ഒരു കലാകാരിയെന്ന നിലയില്‍ അദ്ദേഹം ചെയ്തത് എനിക്കൊരിക്കലും മറക്കാനാവില്ല. 

 മോദിയുമായുള്ള ബന്ധമാണ് രാജ്യസഭാംഗമാക്കിയതിന് പിന്നിലെന്ന് പറയുന്നവരുണ്ട്?

സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും രേഖയെയും കോണ്‍ഗ്രസ്സാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തത്. അവരെക്കുറിച്ച് ഇവര്‍ എന്താണ് പറയുക? നരേന്ദ്ര മോദിയുമായി എനിക്ക് ബന്ധമൊന്നുമില്ല. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹത്തെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. 2014-ല്‍ പ്രധാമന്ത്രിയായപ്പോള്‍ അഭിനന്ദനം അറിയിച്ച് കത്തയച്ചു. 2015-ലാണ് കൂടിക്കാഴ്ച നടത്തിയത്. നൃത്തം, കവിത, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളായിരുന്നു മോദി സംസാരിച്ചത്. നല്ല അനുഭവമായിരുന്നു അത്. പിന്നീട് ഇപ്പോഴാണ് കാണുന്നത്. 

 സച്ചിനും രേഖയും സഭയില്‍ ഹാജരാകാതിരുന്നത് വിവാദമായിരുന്നു? 

 ഞാന്‍ ഒരു സാമൂഹ്യ പ്രവര്‍ത്തകയാണ്. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പോരാടേണ്ടതുണ്ടെന്ന് വിശ്വസിക്കുന്നു. സഭയില്‍ പങ്കെടുക്കുന്നതും ചോദ്യങ്ങള്‍ ഉന്നയിക്കുന്നതും പ്രധാനമാണ്. ഗൗരവമുള്ള വിഷയങ്ങളില്‍ രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിക്കാനുള്ള അവസരമാണത്. പാര്‍ലമെന്റ് അംഗമെന്ന ചുമതലയോട് നീതി പുലര്‍ത്തും. സാധിക്കുമ്പോഴൊക്കെ സഭാ നടപടികളില്‍ പങ്കെടുക്കും. വെറുതെ സാനിധ്യം അറിയിക്കാനല്ല, നിരീക്ഷിക്കാനും പഠിക്കാനും ഇടപെടാനും ശ്രമിക്കും. 

സോണാല്‍ മാന്‍സിംഗ് / കെ. സുജിത്

sujithkckym@gmail.com

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.