പ്രതികരണങ്ങള്‍

Sunday 12 August 2018 2:36 am IST

മറവിയിലാണ്ട നോവലിസ്റ്റ്

'ആ നോവലിസ്റ്റ് ഇവിടെയുണ്ട്' (2018 ആഗസ്റ്റ് 5) സിജു കറുത്തേടത്തിന്റെ ഫീച്ചര്‍ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. തീക്ഷ്ണമായ ജീവിതാനുഭവങ്ങളിലൂടെ അന്‍പത് വര്‍ഷം മുന്‍പെഴുതിയ ഒരു നോവല്‍! ആരും പറയാന്‍മടിക്കുന്ന സത്യങ്ങള്‍ ഉള്‍ക്കൊണ്ട വിഭജനകാലത്തെ അറിയപ്പെടാത്ത കഥ! 'രസിക്കാത്ത സത്യങ്ങള്‍' എഴുതിയ മനുഷ്യന്‍ കിടപ്പാടം പോലുമില്ലാതെ വാടകവീട്ടില്‍ കഴിയുന്നു!!

ഗോവാ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്ന ടി.സുകുമാരന്‍ എന്ന നോവലിസ്റ്റിന്റെ കഥ ഹൃദയത്തില്‍ തട്ടി. അടിയന്തരാവസ്ഥക്കാലത്ത് നാലുമാസത്തോളം പി. പരമേശ്വര്‍ജി താമസിച്ചത് ഈ എഴുത്തുകാരന്റെ കൂടെയാണെന്നറിയുമ്പോള്‍ ആ മഹത്വം മനസ്സിലാക്കാം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ജീവിതത്തിന് ചെറിയ മാറ്റംവന്നത് നാല്‍പ്പതു വര്‍ഷമായി മുന്‍ കേന്ദ്രസര്‍ക്കാരുകള്‍ നിഷേധിച്ച സ്വാതന്ത്ര്യസമര പെന്‍ഷന്‍ മോദി സര്‍ക്കാര്‍ അനുവദിച്ചു കൊടുത്തപ്പോഴാണ്. 

തൊഴിലാളി നേതാവായിരുന്നിട്ടും തന്റെ കുടുംബത്തെപ്പോലും മറന്ന് തൊഴിലാളികളുടെ കൂടെനിന്ന് സമരം നയിച്ച ചരിത്രവും ഇദ്ദേഹത്തിനുണ്ട്. ഇദ്ദേഹത്തിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ കുടിശ്ശിക എത്രയും വേഗം ലഭിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ മുന്‍കൈ എടുക്കണം.

ഗോപീകൃഷ്ണന്‍,

നന്ത്യാട്ടുകുന്നം,

നോര്‍ത്ത് പറവൂര്‍

 

മനസ്സിലാക്കാന്‍ വൈകിപ്പോയി

ടി. സുകുമാരന്‍ എന്ന നോവലിസ്റ്റിനെക്കുറിച്ച് എഴുതിയത് അഭിനന്ദനാര്‍ഹം. ആദര്‍ശവും വിപ്ലവവും  നിറഞ്ഞ ജീവിതം. രേഖപ്പെടുത്തിയതിനപ്പുറമുള്ള  രസിക്കാത്ത സത്യങ്ങള്‍ പറഞ്ഞ നോവലിസ്റ്റിനെക്കുറിച്ചറിയാന്‍ വൈകിപ്പോയതില്‍ ഈ തലമുറയുടെ ഭാഗമായ എനിക്ക് വിഷമമുണ്ട്. 'ജന്മഭൂമി'യിലൂടെ അറിയാന്‍ സാധിച്ചുവെന്നത് നേട്ടം. ശ്രദ്ധിക്കപ്പെടാതെപോയ പ്രഗത്ഭരെ വായനക്കാരിലേക്ക് കൊണ്ടുവരുന്നതില്‍ ജന്മഭൂമിക്കും ടി. സുകുമാരനെക്കുറിച്ച് എഴുതിയ സിജു കറുത്തേടത്തിനും അഭിനന്ദനങ്ങള്‍. 

സായ് കൃഷ്ണ

സിവില്‍ സര്‍വീസ് അക്കാദമി,

തിരുവനന്തപുരം

 

രസിക്കാത്ത സത്യങ്ങള്‍ സിനിമയാക്കണം

ടി. സുകുമാരനെപ്പറ്റി പ്രസിദ്ധീകരിച്ച ഫീച്ചര്‍ വളരെ ഉചിതമായി. പുതുതലമുറ ഓര്‍ക്കേണ്ടതും, പഴയ തലമുറ മറന്നുകൂടാത്തതുമായ ജീവിതത്തെ വരച്ചുകാട്ടിയ ലേഖകന്‍ സിജു കറുത്തേടത്തിനും, ജന്മഭൂമിക്കും അഭിനന്ദനങ്ങള്‍. രസിക്കാത്ത സത്യങ്ങള്‍ എല്ലാ ഭാഷയിലേക്കും പ്രസിദ്ധീകരിക്കാനും സിനിമയാക്കാനും 'ജന്മഭൂമി' മുന്‍കൈ എടുക്കണം.

എന്‍. ശശികുമാര്‍,

കൈതാരം, നോര്‍ത്ത് പറവൂര്‍

 

അശുതോഷ് ഒരു വികാരമായിരുന്നു

ടി. സുകുമാരേട്ടനെക്കുറിച്ചുള്ള ലേഖനം നന്നായി. പുതുതലമുറയ്ക്ക് രസിക്കാത്ത സത്യങ്ങളും ഗ്രന്ഥകാരനെയും പരിചയപ്പെടാന്‍ അവസരം ഒരുക്കിയതിന് നന്ദി. പഠനകാലത്തെ ഒരു വികാരമായിരുന്നു രസിക്കാത്ത  സത്യങ്ങളിലെ അശുതോഷ്. സുകുമാരേട്ടന്റെ മകന്‍ ശ്യാമപ്രസാദ് എന്റെ സുഹൃത്താണ്. ഒരിക്കല്‍ കൂടി നന്ദി.        

ഭാസി പാലക്കാട്

 

ബാലന്‍ പൂതേരിയെ ഓര്‍ക്കുമ്പോള്‍

ബാലന്‍ പൂതേരിയെക്കുറിച്ച് 'സംഘപഥത്തിലൂടെ' എന്ന പംക്തിയില്‍ പി. നാരായണന്‍ എഴുതിയത് (ഓരം ചേര്‍ന്നു നടന്നതിന്റെ ഓര്‍മകള്‍, 2018 ആഗസ്റ്റ് 5) ഉചിതമായി. ബാലന്‍ പൂതേരിയുടെ എഴുത്തു ജീവിതം പരിഗണിക്കുമ്പോള്‍ അന്ധനായ ഈ മനുഷ്യന് അര്‍ഹിക്കുന്ന അംഗീകാരം ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്. അര്‍ഹതയും അംഗീകാരങ്ങളും ചില തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുന്ന രീതി കേരളത്തിന്റെ സാംസ്‌കാരിക രംഗത്തുണ്ട്. ചിലര്‍ക്ക് കിട്ടിയിരിക്കുന്ന അവാര്‍ഡുകളുടെ എണ്ണമെടുത്താല്‍ ഇത് തിരിച്ചറിയാനാവും.

സി.വി. വാസുദേവന്‍

ഇടപ്പള്ളി, എറണാകുളം

 

അനില്‍കുമാറിന് അഭിനന്ദനങ്ങള്‍

അനില്‍ കുമാര്‍ വടവാതൂരിന്റെ 'ശാസ്ത്രവിചാരം' പംക്തി 200 ലക്കം തികച്ചു എന്നറിയുന്നത് സന്തോഷകരം. മലയാളത്തിന്റെ വിജ്ഞാനസാഹിത്യത്തില്‍ വലിയൊരു മുതല്‍ക്കൂട്ടാണ് അനില്‍ കുമാറിന്റെ എഴുത്ത്. ഒരു ശാസ്ത്രപംക്തി ഇത്രയും നീണ്ടനാള്‍ പ്രസിദ്ധീകരിക്കുന്നതിന്റെ ബഹുമതി ജന്മഭൂമിക്ക് അവകാശപ്പെട്ടതാണ്.

പി.കെ. കൃഷ്ണന്‍കുട്ടി,

ഉപ്പുകണ്ടം, കോതമംഗലം

 

ആത്മീയതയുടെപ്രസക്തി

'വാക്കുകളിലൂടെ ആത്മബോധത്തിലേക്ക്' എന്ന അഭിമുഖം (05-08-2018) നല്ലൊരു വായനാനുഭവമായിരുന്നു. നിഘണ്ടുകാരന്‍ എന്ന നിലയില്‍ ഡോ. ബി.സി. ബാലകൃഷ്ണനെ പരിചയമുള്ളവര്‍ക്കും ആത്മീയ മേഖലയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം അറിയില്ല. ആത്മീയമായ പ്രസിദ്ധീകരണശാലകള്‍ നിരവധിയുണ്ടെങ്കിലും പല പുസ്തകങ്ങള്‍ക്കും ആധികാരികതയില്ല എന്നത് സത്യമാണ്. ഈ കുറവ് നികത്താന്‍ ബാലകൃഷ്ണനെപ്പോലുള്ളവര്‍ക്ക് കഴിയും.

എസ്. അനന്തരാമന്‍,

പട്ടം, തിരുവനന്തപുരം 

അദ്ഭുതകരമായ ജീവിതമാറ്റം

ഈശ്വരന്‍ ഇല്ല എന്ന് വിശ്വസിച്ച് ജീവിച്ചിരുന്ന ഒരാള്‍ പിന്നീട് ആത്മീയ ചിന്തയിലെത്തി പതിനെട്ടായിരം ശ്ലോകങ്ങളുള്ള ദേവീഭാഗവതത്തിന്റെ വ്യാഖ്യാനത്തില്‍ ഏര്‍പ്പെട്ട് അതിന്റെ പൂര്‍ത്തീകരണത്തിനായുള്ള യജ്ഞത്തില്‍ മുഴുകിയിരിക്കുന്നത് അദ്ഭുതം തന്നെ. സ്വന്തം ആയുസ്സിന്റെ കണക്കു പുസ്തകം തിരുത്തിക്കുറിച്ച് 51-ാം വയസ്സില്‍നിന്ന് ഇപ്പോഴത്തെ 90-ലെത്താന്‍ ഡോ. ബി.സി. ബാലകൃഷ്ണനെ സഹായിച്ചത് ലളിതാസഹസ്ര നാമമാണെന്നും, അത് വായിച്ചതിനുശേഷമാണ് തന്റെ ജീവിതം മാറ്റിമറിച്ച ഭക്തി മാര്‍ഗ്ഗത്തിലേക്ക് എത്തിയതെന്നുമുള്ള വെളിപ്പെടുത്തലില്‍ ഒട്ടും അതിശയോക്തിയില്ല.

കെ. പി. സനല്‍ കുമാര്‍

ആലുവ

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.