പ്രിയാനന്ദമായി ജാനകി

Sunday 12 August 2018 2:40 am IST
അഭിനയ രംഗത്തുള്ളവര്‍ക്ക് വലിയ പാഠമാണ് മലയാളം സിനിമ എന്ന് പ്രിയപറഞ്ഞു. തമിഴ് സിനിമ അതിഭാവുകത്വമാകുമ്പോള്‍ മലയാളം കഥാപരമായും അഭിനയത്തിലും റിയലിസ്റ്റിക്കാണ്. പഴയ കായംകുളം കൊച്ചുണ്ണി കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്. സിനിമകണ്ട് ജാനകിയെ അനുഗ്രഹിക്കണമെന്ന് പ്രിയ ആനന്ദ്‌

സാക്ഷാല്‍ വില്യം ഷേക്‌സ്പിയര്‍ തന്നെ ഒരുപേരില്‍ എന്തിരിക്കുന്നുവെന്നു പറഞ്ഞാലും സമ്മതിച്ചുകൊടുക്കാനാവില്ല, ഒത്തിരിയുണ്ട് കാര്യങ്ങള്‍ ഒരുപേരില്‍. തനിമതെരഞ്ഞ് ഉള്ളിലേക്കു ഊര്‍ന്നുപോകാന്‍ പാകമാകുന്നത്് ചില പേരിനുപിന്നിലെ ആകര്‍ഷണം തന്നെയാവും. മലയാള സിനിമയില്‍ ഒരുപക്ഷേ ഇതിഹാസമായേക്കാവുന്ന കഥാപാത്രത്തിന്റെ പേരാണ് ജാനകി. പണ്ടുതൊട്ടും ഇന്നുവരേയും സാഹിത്യത്തിലും കലയിലുമൊക്കെ ഉള്ളുതൊടുന്നുണ്ട് ഈ ജാനകി നാമം. മലയാളത്തിലെ  ബ്രില്യന്റ് ഡയറക്ടര്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയിലെ നായിക പ്രിയ ആനന്ദ് അവതരിപ്പിക്കുന്ന നായികാവേഷം ജാനകി അവരുടേയും മലയാള സിനിമയുടേയും പുതിയ സ്പര്‍ശമാകും. യാഥാര്‍ഥ്യത്തിനും സങ്കല്‍പ്പത്തിനുമിടയിലെ നൂല്‍പ്പാലത്തിന് അവസരംകൊടുക്കാതെയും ചിലപ്പോള്‍ കൊടുത്തും  ചേര്‍ന്നലിയുകയായിരുന്നു  എസ്രയില്‍ രണ്ടുഭാവം ചെയ്ത പ്രിയാ ആനന്ദ്.

പ്രിയയുടെ ആദ്യ മലയാള ചിത്രമാണ് പൃഥ്വിരാജ് നായകനായ എസ്ര. ഭയത്തിന്റെ മഞ്ഞുപുതപ്പിട്ടെത്തിയ എസ്രയ്ക്ക്  ഹൊറര്‍ പരിവേഷമായിരുന്നു. പ്രമേയപരമായി അതിഭാവുകത്വ സിനിമ. തുടക്കം തന്നെ കാണികള്‍ ഓര്‍ത്തുവെയ്ക്കുന്നതായിരുന്നു പ്രിയയുടെ  വേഷം. അന്നേ ഈ പുതു  നായികയെ കാണികള്‍ മനസ്സിലെടുത്തതിന്റെ ഇമ്പം നിലനില്‍ക്കെയാണ് കൊച്ചുണ്ണിയിലെ ജാനകിയായി രണ്ടാമതും പ്രിയ മലയാളത്തിലെത്തുന്നത്. ബഹുഭാഷാ നടിയായ അവരുടെ വേഷത്തെ ഉയര്‍ത്തിപ്പിടിക്കും കായംകുളം കൊച്ചുണ്ണി എന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ്രക്കുശേഷം വീണ്ടും മലയാളത്തിലെത്തുന്നത്് കാലഘട്ടത്തിന്റെ കഥപറയുന്ന സിനിമയില്‍. ഭൂതകാലത്തിലേക്കു സഞ്ചരിക്കുന്ന സിനിമ. കരിയറിലെ വലിയ ഭാഗ്യവും അനുഗ്രഹവുമാണ് കായംകുളം കൊച്ചുണ്ണിയിലെ ജാനകി. സംവിധായകന്‍ ജാനകിയെക്കുറിച്ച് വിശദമായിത്തന്നെ പഠിപ്പിച്ചുവെന്നു പറയാം. ഭാവവും ചലനവും നടപ്പും ഇരിപ്പും വേഷവും നിറവുമൊക്കെയായി വാക്കുകളിലൂടെ തന്നെ ജാനകിയെ മനസ്സിലായി. കഥാപാത്രത്തിന്റെ ഓരോ ശ്വാസംപോലും എങ്ങനെയായിരിക്കണമെന്ന് റോഷന്‍ ആന്‍ഡ്രൂസിനറിയാം. ആ വര്‍ക്കു കണ്ട് പഠിക്കേണ്ടതാണ്. സംവിധായകന്‍ ശങ്കറിന്റെ അസിസ്റ്റന്റാകാന്‍ ആഗ്രഹിച്ച പ്രിയ ആനന്ദ് സിനിമയുടെ ഓരോ തലവും നിരീക്ഷിക്കുന്ന നടികൂടിയാണ്. കഥാപാത്രത്തെ മനസ്സിലാക്കിയപ്പോള്‍ ധ്യാനംപോലെയായിരുന്നു ജാനകിയിലേക്കുള്ള പകര്‍ന്നാട്ടം. ജാനകിക്ക് കറുപ്പാണ്. ഓരോന്നിലുമുണ്ട് കഥാപാത്രത്തിന്റെ സൂക്ഷ്മത. മറ്റൊരു ചിത്രത്തിനു ഡേറ്റുകൊടുക്കാതെ ഏഴുമാസമാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. സമ്മതിച്ചു. കടന്നുവന്ന മൂന്ന്  ഓഫറുകള്‍ വേണ്ടെന്നുവെച്ചു. മനസില്‍ ജാനകിയായിരുന്നു. ജാനകി മാത്രം. ഉള്ളില്‍ ജാനകിയെ ധ്യാനിക്കുകയായിരുന്നുവെന്ന് പ്രിയ.

നല്ല അനുഭവമായിരുന്നു കൊച്ചുണ്ണി. എക്കാലത്തേയും അഭിമാനമാണ് ഈ സിനിമ. ഒരു ചരിത്രത്തിനും കാലത്തിനോടുമൊപ്പമായിരുന്ന മാസങ്ങള്‍. വിവിധ ലൊക്കേഷനുകളില്‍, കാലാവസ്ഥകളില്‍ എല്ലാം വ്യത്യസ്തമായിരുന്നു; പുതുമയുമായിരുന്നു. കൊച്ചുണ്ണിയായി വേഷമിടുന്ന നിവിന്‍പോളിയുമായി ആദ്യന്തം ജാനകിയുണ്ട്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഇത്തിക്കരപ്പക്കിക്കൊപ്പവും നിവിന്‍പോളി കൊച്ചുണ്ണിയായി മിന്നുന്നുണ്ട്. സൂപ്പര്‍ താരം മോഹന്‍ലാലിനെക്കുറിച്ച് എത്രയോ കേട്ടിരിക്കുന്നു. ഒന്നിച്ചഭിനയിക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യം.  അനായാസമാണ്  അദ്ദേഹത്തിന്റെ അഭിനയമെന്ന്് പ്രിയ. 

ബഹുഭാഷാ നടിയായ പ്രിയ ആനന്ദിന്റെ അരങ്ങേറ്റം വാമനന്‍ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു. തുടര്‍ന്ന് തെലുങ്ക്, കന്നഡ, ഹിന്ദി, മലയാളം ചിത്രങ്ങള്‍. ഇരുപത്തിമൂന്നാമതു ചിത്രമാണ് കായംകുളം കൊച്ചുണ്ണി. ചെന്നൈയില്‍ ജനിച്ച പ്രിയ അവിടെത്തന്നെയാണ് താമസം. ഇംഗ്‌ളീഷ്, തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, സ്പാനിഷ് ഭാഷകളറിയാം.

അഭിനയ രംഗത്തുള്ളവര്‍ക്ക് വലിയ പാഠമാണ് മലയാളം സിനിമ എന്ന് പ്രിയപറഞ്ഞു. തമിഴ്് സിനിമ അതിഭാവുകത്വമാകുമ്പോള്‍ മലയാളം കഥാപരമായും അഭിനയത്തിലും റിയലിസ്റ്റിക്കാണ്. പഴയ കായംകുളം കൊച്ചുണ്ണി കണ്ടിട്ടില്ലെങ്കിലും കേട്ടിട്ടുണ്ട്. സിനിമ കണ്ട് ജാനകിയെ അനുഗ്രഹിക്കണമെന്ന് പ്രിയ ആനന്ദ്.

ബോബി സഞ്ജയ് തിരക്കഥ എഴുതി ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന കായംകുളം കൊച്ചുണ്ണി മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ്. 45 കോടിയാണ് ചെലവ്. കേരളത്തിലും പുറത്തും നിരവധി ലൊക്കേഷനുകളിലായി മാസങ്ങളെടുത്ത ചിത്രീകരണം കൗതുകകരമായ ചര്‍ച്ചയായിരുന്നു. സൂപ്പര്‍താരം മോഹന്‍ലാലും യുവതാരം നിവിന്‍പോളിയും ഒന്നിച്ചണിനിരക്കുന്ന കായംകുളം കൊച്ചുണ്ണി ഓണത്തിന് റിലീസാവും. 

വൈരുധ്യങ്ങളുടെ കെട്ടുപാടുള്ള കഥയുടെ പരിവേഷമാണ് കായംകുളത്തുകാരന്‍ കൊച്ചുണ്ണിയുടേത്. മോഷണവും അക്രമവുമുള്ളപ്പോഴും നീതിമാനും സത്യസന്ധനുമായ നല്ല കള്ളന്‍ എന്ന വിശേഷണമുള്ള കായംകുളം കൊച്ചുണ്ണി കേരളത്തിലെ റോബിന്‍ഹുഡ് എന്നാണറിയപ്പെടുന്നത്. കൊച്ചുണ്ണിയുടേയും ഇത്തിക്കരപ്പക്കിയുടേയും വീരസാഹസികതകളും അഭ്യാസവും സൗഹൃദവുമൊക്കെ ചാലിച്ചെഴുതിയ നാടകീയ മുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ ചിത്രം നല്ലൊരു ഓണ വിരുന്നായിരിക്കുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.

xavierjoseph598@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.