ആരെതിര്‍ത്താലും പൗരത്വ രജിസ്റ്റര്‍ നടപ്പാക്കും; അമിത് ഷാ

Saturday 11 August 2018 6:18 pm IST
രാജ്യത്തിന്റെ സുരക്ഷിതത്വത്തിന് ഭീഷണിയാണ് ബംഗ്‌ളാദേശി നുഴഞ്ഞു കയറ്റക്കാര്‍. മമതയും രാഹുലും വ്യക്തമാക്കണം. അവര്‍ ആരുടെ കൂടെയാണ് . വോട്ട് ബാങ്ക് രാഷ്ട്രീയത്തിനൊപ്പമോ അതോ രാജ്യത്തിനൊപ്പമോ . ഷാ ചോദിച്ചു.

ന്യൂദല്‍ഹി: അനധികൃത ബംഗ്ലാദേശികളെ സംരക്ഷിക്കുന്ന ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. ആരൊക്കെ എത്രത്തോളം എതിര്‍ത്താലും ദേശീയ പൗരത്വ രജിസ്റ്ററുമായി മുന്നോട്ടുപോകുമെന്ന് കൊല്‍ക്കത്തയില്‍ യുവമോര്‍ച്ച സംഘടിപ്പിച്ച യുവ സ്വാഭിമാന്‍ സമാവേശ് റാലിയില്‍ അദ്ദേഹം വ്യക്തമാക്കി. അസമിലെ പൗരത്വ രജിസ്ട്രിക്കെതിരെ മമത രംഗത്തുവരികയും ബംഗാളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഷാ ബംഗാളിലെത്തിയത്. പരിപാടി തടയുന്നതിനും സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. അമിത് ഷായെ ബംഗാളില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മമതയുടെ വെല്ലുവിളി. മൂന്ന് ലക്ഷത്തോളം പ്രവര്‍ത്തകരാണ് ഇന്നലെ റാലിയില്‍ പങ്കെടുത്തത്. 

 അനധികൃത ബംഗ്ലാദേശികളെ കണ്ടെത്തി പുറത്താക്കുന്നതിനാണ് എന്‍ആര്‍സി. ഇവരെ എന്തിനാണ് മമത പിന്തുണക്കുന്നതെന്ന് ഷാ ചോദിച്ചു. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരെ പുറത്താക്കരുതെന്നാണോ മമതയുടെയും രാഹുലിന്റെയും നിലപാട്. രാജ്യസുരക്ഷയേക്കാള്‍ വലുതാണോ വോട്ട് ബാങ്ക് രാഷ്ട്രീയമെന്ന് ഇവര്‍ വ്യക്തമാക്കണം. ബംഗ്ലാദേശികള്‍ നേരത്തെ ഇടത് പാര്‍ട്ടികളുടെ വോട്ട് ബാങ്കായിരുന്നുവെങ്കില്‍ ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്സിന്റേതാണ്. 

 മമതയെയും തൃണമൂലിനെയും ബംഗാളില്‍നിന്നും പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രവീന്ദ്ര സംഗീതം കേട്ടിരുന്ന ബംഗാളില്‍നിന്നും ഇപ്പോള്‍ സ്‌ഫോടനത്തിന്റെ ശബ്ദമാണ് ഉയരുന്നതെന്ന് തൃണമൂലിന്റെ അക്രമങ്ങളെയും കൊലപാതകങ്ങളെയും ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. പരിപാടി ജനങ്ങളിലേക്കെത്താതിരിക്കാന്‍ പ്രാദേശിക ചാനലുകളുടെ സിഗ്നലുകള്‍ കുറച്ചിരിക്കുകയാണ്. എത്രയൊക്കെ അടിച്ചമര്‍ത്തിയാലും ഞങ്ങള്‍ നിങ്ങളെ തൂത്തെറിയുക തന്നെ ചെയ്യും. ശ്യാമപ്രസാദ് മുഖര്‍ജിയുടെ ജന്മസ്ഥലമായ ബംഗാളില്‍ മാറ്റം വന്നില്ലെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ ബിജെപി ഭരിക്കുന്നതില്‍ അര്‍ഥമില്ല, ഷാ വ്യക്തമാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.