ത്യാഗം

Sunday 12 August 2018 3:00 am IST

മക്കളേ, 

'ത്യാഗേനൈകേ അമൃതത്വമാനശുഃ' എന്ന് മക്കള്‍ കേട്ടിട്ടുണ്ടാകുമല്ലോ. ത്യാഗം കൊണ്ടു മാത്രമേ അമൃതത്വം പ്രാപിക്കാന്‍ കഴിയുകയുള്ളൂ. ഈ മന്ത്രം ചുണ്ടില്‍ ജപിക്കുവാന്‍ മാത്രമുള്ളതല്ല. മറിച്ച് ജീവിതത്തില്‍ പകര്‍ത്തേണ്ടതു കൂടിയാണ്. 

നമുക്ക് ഇഷ്ടമില്ലാത്ത വസ്തുക്കളെ ത്യജിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ഇഷ്ടമുള്ളതിനെ ത്യജിക്കുന്നത് നമുക്ക് ഇഷ്ടമുള്ള കാര്യമല്ല. എങ്കിലും ഒരു കാര്യം ഓര്‍ക്കണം, നമ്മള്‍ ഇഷ്ടപ്പെടുന്നതെല്ലാം നമുക്കു നല്ലതിനായിരിക്കണമെന്നില്ല. ഉദാഹരണത്തിന് ഒരു രോഗിക്ക് ഏറെ ഇഷ്ടമുള്ള ആഹാരം  രോഗത്തിന് പഥ്യമാകണമെന്നില്ല. അങ്ങനെയുള്ള ആഹാരം കഴിച്ചാല്‍ അയാളുടെ രോഗം ഗുരുതരമാകും. ഹിതകരമല്ലാത്ത വസ്തുക്കളും ശീലങ്ങളും ത്യജിക്കാന്‍ നമുക്കു സാധിക്കണം. വിവേകം വളര്‍ന്നാല്‍ മാത്രമേ ഇതു സാദ്ധ്യമാകൂ. 

ശരിയായ അറിവുണ്ടായാല്‍ ത്യാഗം സ്വാഭാവികമായി സംഭവിക്കും. സിഗരറ്റ് വലിക്കുമ്പോള്‍ ഒരാള്‍ക്ക് കിട്ടുന്ന ആനന്ദത്തിന്റെ ഉറവിടം ഏതാണ്? സിഗരറ്റിന്റെ മണം സഹിക്കാനാകാതെ ചിലര്‍ മൂക്ക് പൊത്താറുണ്ട്. സിഗരറ്റിലാണ് ആനന്ദമെങ്കില്‍ ഇങ്ങനെ വരില്ലല്ലോ. അപ്പോള്‍ ആനന്ദം സിഗരറ്റിലല്ല, അതിനോടുള്ള ഇഷ്ടമാണ് നമുക്ക് ആ സുഖവും സന്തോഷവും തരുന്നത്. ഈ സത്യം മനസ്സിലാക്കിയാല്‍ നമുക്ക് അതിനെ ത്യജിക്കാനുള്ള ശക്തി കിട്ടും. നമ്മള്‍ കുടിക്കാനെടുത്ത ചായയില്‍ പല്ലി വീണതാണെന്നറിഞ്ഞാല്‍ പിന്നെ അത് ഉപേക്ഷിക്കാന്‍ ഒരു മടിയും ഉണ്ടാകില്ല. 

ഒരു വസ്തുവിന്റെ സമീപത്ത് ഇരുന്നുകൊണ്ട് അതിനെ അതിജീവിക്കാന്‍ പ്രയാസമാണ്. മദ്യം കുടിച്ച് ശീലിച്ച ഒരാള്‍ മദ്യക്കുപ്പി അടുത്തുവെച്ച് ''ഞാന്‍ ഇനി മദ്യം കുടിക്കില്ല'' എന്നു പ്രതിജ്ഞയെടുത്താലും താനറിയാതെ കൈ കുപ്പിയുടെ അടുത്തേക്കു പോകും, അടുത്ത നിമിഷം മദ്യം കുടിക്കുകയും ചെയ്യും. നമുക്ക് ഇഷ്ടപ്പെട്ട വസ്തു അടുത്തുവെച്ച് അതിനെ അതിജീവിക്കാനാവില്ല. ബാലിയുടെ കഥയും ഇതാണ് വ്യക്തമാക്കുന്നത്. ബാലി കാമത്തിന്റെ പ്രതീകമാണ്. നേര്‍ക്കുനേരെ യുദ്ധം ചെയ്ത് ബാലിയെ തോല്പിക്കാനാവില്ല. അതാണ് രാമന്‍ ബാലിയെ ഒളിയമ്പാല്‍ കൊന്നത്. വിഷയവസ്തുക്കളില്‍ നിന്ന് അകന്നു നിന്നാല്‍ മാത്രമേ അവയെ അതിജീവിക്കാന്‍ സാധിക്കൂ.

ലക്ഷ്യബോധം ഉള്ളവന് ത്യാഗം പ്രയാസമില്ല. പരീക്ഷയില്‍ ഒന്നാം റാങ്ക് നേടണമെന്ന ചിന്ത വന്നാല്‍ പിന്നെ കളിയും തമാശയുമെല്ലാം വിട്ട്, ഉറക്കമിളച്ചു പഠിക്കും. അതൊരു ത്യാഗമായി തോന്നുക പോലുമില്ല. ലക്ഷ്യത്തിനോട് ശരിയായ പ്രേമമുണ്ടെങ്കില്‍ അതിനുവേണ്ടി സഹിക്കുന്ന കഷ്ടപ്പാടില്‍ പോലും ആനന്ദം അനുഭവിക്കാന്‍ കഴിയും. ഒരു ചുമട്ടുകാരന് ചുമട് ഒരു ഭാരമായി തോന്നാം. എന്നാല്‍ ഗര്‍ഭിണിയായ ഒരു സ്ത്രീ ഒമ്പതു മാസം കുഞ്ഞിനെ വയറ്റില്‍ ചുമക്കുന്നു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ ഓര്‍ക്കുമ്പോള്‍ തന്റെ കഷ്ടപ്പാട് ആഹ്ലാദമായി മാറുന്നു. അതുപോലെ പര്‍വ്വതാരോഹകര്‍ പതിനായിരം അടിയും അതിലധികവും ഉയരമുള്ള മല കയറുന്നത് മറ്റൊന്നും നേടിയെടുക്കാനല്ല, അവര്‍ ആ സാഹസികതയില്‍ ആനന്ദം കണ്ടെത്തുന്നതുകൊണ്ടാണ്. ശരിയായ ഭക്ഷണവും ഉറക്കവുമില്ല, പ്രാണവായു പോലും ആവശ്യത്തിനില്ല. അസഹ്യമായ തണുപ്പ്, മരണം മുന്നില്‍ കാണാം. എന്നിരുന്നാലും ലക്ഷ്യത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ അവര്‍ക്ക് അതൊന്നും പ്രശ്‌നമല്ല. 

അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരിക്കല്‍ ഒരു രാജാവ് ഒരു സന്ന്യാസിയെ കാണുവാനെത്തി. രാജാവ് സന്ന്യാസിയെ നമസ്‌കരിച്ചു. അപ്പോള്‍ സന്ന്യാസി ചോദിച്ചു, ''അങ്ങ് എന്നെ ആദരിക്കുവാനുള്ള കാരണമെന്താണ്?'' രാജാവ് പറഞ്ഞു, ''അങ്ങ് ഒരിക്കല്‍ ഒരു രാജാവായിരുന്നല്ലോ. രാജ്യവും, സകല ഐശ്വര്യങ്ങളും ത്യജിച്ച് അങ്ങ് സന്ന്യാസം സ്വീകരിച്ചു. ആ മഹാത്യാഗത്തെയാണ് ഞാന്‍ ആദരിച്ചത്. അപ്പോള്‍ സന്ന്യാസി പറഞ്ഞു. ''അങ്ങ് എന്നെക്കാള്‍ എത്രയോ വലിയ ത്യാഗിയാണ്.'' ഇതുകേട്ട് രാജാവ് ആശ്ചര്യത്തോടെ ചോദിച്ചു, ''ഞാന്‍  മഹാത്യാഗിയാകുന്നത് എങ്ങനെയാണ്?'' സന്ന്യാസി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, ''വലിയൊരു കൊട്ടാരം സ്വന്തമായുള്ള ഒരാളുടെ കാര്യമെടുക്കാം. ആ കൊട്ടാരം വൃത്തിയാക്കുമ്പോള്‍ കിട്ടുന്ന ചപ്പുചവറ് പുറത്ത് വലിച്ചെറിഞ്ഞാല്‍ അതൊരു ത്യാഗമാണെന്ന് പറയാനാകുമോ?'' രാജാവ് പറഞ്ഞു, ''ഒരിക്കലുമില്ല.'' സന്ന്യാസി തുടര്‍ന്നു, ''എന്നാല്‍ അയാള്‍ ചപ്പുചവറുകള്‍ വളരെ ഭ്രദ്രമായി സൂക്ഷിച്ചു വെയ്ക്കുകയും, കൊട്ടാരം ത്യജിക്കുകയും ചെയ്താലോ? രാജാവ് പറഞ്ഞു, ''അയാള്‍ വലിയ ത്യാഗി തന്നെ.'' അപ്പോള്‍ സന്ന്യാസി പറഞ്ഞു, ''അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും അങ്ങ് മഹാത്യാഗിയാണ്. കൊട്ടാരത്തിനെക്കാളും, രാജ്യത്തെക്കാളും ശ്രേഷ്ഠമായ ആത്മാനന്ദത്തെ അങ്ങ് ത്യജിച്ചിരിക്കുന്നു. എന്നിട്ട് ചപ്പുചവറിനു തുല്യമായ രാജ്യഭോഗങ്ങളെ അനുഭവിക്കുന്നു.''

രാജാവിനെ സന്ന്യാസി പരിഹസിക്കുകയായിരുന്നില്ല. മറിച്ച് ഭൗതികമായ ഐശ്വര്യങ്ങളെല്ലാം അത്യന്തം നിസ്സാരവും ക്ഷണികവുമാണെന്നു വ്യക്തമാക്കുകയാണ് ചെയ്തത്. 

ഒരു വസ്തുവിന്റെ നിസ്സാരത നമുക്കു ബോദ്ധ്യമായാല്‍ പിന്നെ അതു ത്യജിക്കുക വളരെ എളുപ്പമാണ്. വിവേകബുദ്ധി വേണ്ടും വണ്ണം ഉപയോഗിച്ചാല്‍ ജീവിതത്തിലെ ഏതു സാഹചര്യത്തിലും എന്താണ് ത്യജിക്കേണ്ടതെന്ന് തിരിച്ചറിയുവാന്‍ നമുക്ക് പ്രയാസമുണ്ടാവില്ല. ഇതുതന്നെയാണ് ജീവിത വിജയത്തിലേയ്ക്കുള്ള നേരായ മാര്‍ഗം. 

 

മാതാ അമൃതാനന്ദ മയി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.