യേന ഇദം സര്‍വം തതം

Sunday 12 August 2018 2:57 am IST

ആ ബ്രഹ്മതത്വം- അതായത്- ഞാന്‍- സര്‍വ്വജ്ഞനും എല്ലാത്തരം ശക്തികളുള്ളവനുമായ ഞാന്‍- ഈ കൃഷ്ണന്‍- എല്ലായിടത്തും, എപ്പോഴും വ്യാപിച്ചുനില്‍ക്കുന്നുണ്ട്. ഈ വസ്തുതയും ഞാന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്.

മയാ തതമിദം സര്‍വ്വം

ജഗദവ്യക്തമൂര്‍ത്തിനാ (ഗീ 9-4)

(= കരം ചരണം- കൈ കാല്‍ തുടങ്ങിയ ദിവ്യങ്ങളായ അവയവങ്ങളില്ലാത്ത മൂര്‍ത്തിയാല്‍- ബ്രഹ്മഭാവത്താല്‍- ഞാന്‍ എല്ലാത്തിലും അകത്തും പുറത്തും വ്യാപിച്ചു നില്‍ക്കുന്നു).

സൂര്യഗ്രഹം ഗോളരൂപത്തില്‍ ആകാശത്തില്‍ നില്‍ക്കുന്നു; അതേസമയം എല്ലായിടത്തും വ്യാപിച്ചുനില്‍ക്കുന്നു. അതു വെയിലിന്റെ ഭാവത്തിലാണ്. ആ വെയില്‍ സൂര്യനില്‍ നിന്നുതന്നെയാണല്ലോ പുറത്തേക്കൊഴുകുന്നത് എന്നതു പോലെ എന്ന് പറയാം. സകല ദേവീദേവന്മാരുടെയും സര്‍വ മനുഷ്യരുടെയും മൃഗപക്ഷ്യാദികളുടെയും ചരാചരങ്ങളുടെയും ഉള്ളില്‍ വ്യാപിച്ചുനില്‍ക്കുന്നു. ഈ കാര്യവും ഞാന്‍ മുമ്പു പറഞ്ഞതു തന്നെയാണ്-

''അഹമാത്മാഗുഡാകേശ!

സര്‍ഭൂതാശയ സ്ഥിതഃ'' (ഗീ- 10-20)

(= അര്‍ജുന, ഞാന്‍ സര്‍വപ്രാണികളുടെയും ഹൃദയത്തില്‍ നില്‍ക്കുന്നു. അതുകൊണ്ട്-

സ്വകര്‍മണാതം അഭ്യര്‍ച്ച (18-46)

ബ്രാഹ്മണാദിവര്‍ണങ്ങളുടെ സാത്വികാദിഗുണങ്ങളില്‍ നിന്ന് ഉണ്ടായിട്ടുള്ള സ്വഭാവങ്ങള്‍ അനുസരിച്ചുള്ള ലൗകികവും വൈദികവുമായ കര്‍മങ്ങള്‍ എന്തൊക്കെയാണ് എന്ന് മുമ്പ്- 42, 43, 44 ശ്ലോകങ്ങളില്‍ വിവരിച്ചിട്ടുണ്ടല്ലോ. ആ കര്‍മങ്ങള്‍ ചെയ്യുമ്പോള്‍ ആ കര്‍മങ്ങളുടെ കര്‍ത്തൃത്വവും, ഫലങ്ങളിലുള്ള ആഗ്രഹങ്ങളും ഉപേക്ഷിക്കണം. മാത്രമല്ല, അവ സര്‍വജ്ഞനും സര്‍വദേവതകളുടെയും ഹൃദയത്തില്‍ സമര്‍പ്പിച്ച് പൂജിക്കുകയും വേണം. എന്നാല്‍ മാത്രമേ ഭാഗവത തത്ത്വവിജ്ഞാനം നേടി, ഭഗവാനില്‍ ഭക്തി വളരുകയുള്ളൂ. ആ ഭക്തന്മാരെ ഭഗവാന്‍ ശ്രീകൃഷ്ണന്‍ തന്നെ സംസാരസാഗരത്തില്‍ നിന്ന് ഉദ്ധരിച്ച് ഭഗവദ്പാദത്തില്‍ എത്തിക്കും, തീര്‍ച്ച. 12-ാം അധ്യായത്തില്‍ ഭഗവാന്‍തന്നെ-

തേഷായഹം സമുദ്ധര്‍ത്താ

മൃത്യു സംസാരസാഗരാത് (12-7)

(= അവരെ ഞാന്‍ ജനനമരണരൂപമായ ഈ ഭൗതികലോകത്തിനപ്പുറത്ത്, ഭഗവദ്പാദത്തില്‍ എത്തിച്ചു എന്നു പറഞ്ഞതു നമുക്ക് അനുസ്മരിക്കാം. ശ്രീമദ് ഭാഗവതം പഞ്ചമ സ്‌കന്ധത്തില്‍ പതിനഞ്ചാമധ്യായത്തില്‍ രാജര്‍ഷി പ്രവരനായ ഗയമഹാരാജാവിന്റെ ചരിത്രം നോക്കാം. അദ്ദേഹം വിഷ്ണുഭഗവാന്റെ ജഗദൃക്ഷണം എന്ന കര്‍മത്തില്‍ ഉള്‍പ്പെട്ട്, ഭഗവാന്റെ ഒരു ദാസനെപ്പോലെ സ്വധര്‍മം അനുഷ്ഠിച്ചു. ക്ഷത്രിയ ധര്‍മമായ- പ്രജാപാലനം, അവരെ വളര്‍ത്തുക (പോ

ഷണം), അവരെ സന്തോഷിപ്പിക്കുക (പ്രീണനം) ഉപലാളനം (=പ്രജകള്‍ ആഗ്രഹിക്കാത്ത സുഖങ്ങള്‍ കൂടി നല്‍കുക) അനുശാസനം (അവര്‍ക്ക് ധര്‍മമാര്‍ഗം ഉപദേശിക്കുക) എന്നിവ ചെയ്തിരുന്നു.

മന്ത്രമല്ല,- ''ഇ ജ്യാദിനാ ച''യജ്ഞം, ദാനം, തപസ്സ് മുതലായ വൈദിക കര്‍മങ്ങളും അനുഷ്ഠിച്ചിരുന്നു. അതായത് പ്രജാപാലനമെന്ന ലൗകിക ധര്‍മവും യജ്ഞാദികളായ വൈദിക കര്‍മവും ചെയ്തിരുന്നു. അവ ചെയ്യുമ്പോള്‍ ''ഭഗവതി മഹാപുരുഷേ- ഭഗവാനായ ആദിപുരുഷനില്‍, സര്‍വാത്മനാ അര്‍പ്പിതപരമാര്‍ത്ഥലക്ഷണേന.'' എല്ലാവിധ കര്‍മങ്ങളും അര്‍പ്പിക്കുക എന്ന ലക്ഷണമുള്ള 'ഭക്തിയോഗേന' (ഭക്തിയോഗം) അനുഷ്ഠിക്കുകയായിരുന്നു. ഇങ്ങനെയാണ് രാജ്യഭരണം എന്ന ലൗകികകര്‍മം പോലും ശ്രീകൃഷ്ണാരാധനയായിത്തീരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.