നെഞ്ചേറ്റും, ഹൃദയം കവരും

Sunday 12 August 2018 2:25 am IST

പറഞ്ഞുപഴകിയ പ്രയോഗങ്ങള്‍ ഏറെയുണ്ട്. അവ ഉപേക്ഷിക്കാന്‍ പല എഴുത്തുകാര്‍ക്കും പ്രഭാഷകര്‍ക്കും മടിയാണ്. അത്തരം പ്രയോഗങ്ങളുടെ ആവര്‍ത്തനം വായനക്കാര്‍ക്ക് മടുപ്പുണ്ടാക്കും. 

''മലയാളികള്‍ നെഞ്ചേറ്റിയ കലാരൂപം'' ഇഷ്ടപ്പെട്ടതിനെയൊക്കെ ചിലര്‍ക്ക് ഇങ്ങനെ നെഞ്ചേറ്റണം. 

''തൊഴിലാളികള്‍ നെഞ്ചേറ്റിയ പ്രസ്ഥാനം''

''ശ്രോതാക്കള്‍ നെഞ്ചേറ്റിയ ഗായകന്‍'' ഈ നിലയ്ക്കാണ് നെഞ്ചേറ്റം പടരുന്നത്. വായനക്കാര്‍ ഇതെങ്ങനെ നെഞ്ചേറ്റും?

''നെഞ്ചേറ്റിയ''യുടെ മുന്‍ഗാമിയായ 'ഹൃദയം കവര്‍ന്ന' ഇപ്പോഴും ചിലരുടെ ദൗര്‍ബല്യമാണ്.

''കലാകേരളത്തിന്റെ ഹൃദയം കവര്‍ന്ന കവി''

''മുംബൈയുടെ ഹൃദയം കവര്‍ന്ന് കര്‍ഷകറാലി''

''കാണികളുടെ ഹൃദയം കവര്‍ന്ന് കുട്ടിക്കൂട്ടം''

ഹൃദയം കവര്‍ച്ച ഇങ്ങനെ വ്യാപകമായാല്‍ വായനക്കാര്‍ വിഷമിക്കും. 

ചിലര്‍ക്ക് ഹൃദയത്തേക്കാളേറെ ഇഷ്ടം 'മന'മാണ്. ''നൃത്തവേദിയില്‍ മനം കവര്‍ന്ന് കുരുന്നുകള്‍''

അവയവമല്ലെങ്കിലും മനം ഹൃദയത്തിനൊപ്പം നില്‍ക്കും. എവിടെയും 'ഹൃദയ'ത്തിനു പകരം 'മനം' ചേര്‍ക്കാം. 

സ്വാര്‍ത്ഥത കൂടിയിട്ടാണോ എന്നറിയില്ല, ചിലര്‍ക്ക് എന്തിനും 'സ്വന്തം' ചേര്‍ക്കണം. 

''മലയാളത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാര്‍''

''കേരളീയരുടെ സ്വന്തം കഥാകാരന്‍''

''ഈ കിരീടം ഇനി കേരളത്തിന് സ്വന്തം''

''വരാപ്പുഴക്കാരുടെ സ്വന്തം മാസ്റ്റര്‍''

ഇങ്ങനെയാണ് സ്വന്തം ചേര്‍ത്ത് അവര്‍ ഉടമസ്ഥാവകാശം ഉറപ്പിക്കുന്നത്. സ്വന്തത്തിന്റ സ്വന്തം നാട്!

കലോത്സവം എവിടെയുണ്ടോ അവിടെ 'കലയുടെ കാല്‍ച്ചിലമ്പൊലി' കേള്‍ക്കാം. ചിലമ്പൊലിക്കൊപ്പം മത്സരിക്കാന്‍ 'നൂപുരധ്വനി'യുമുണ്ടാകും. 

കുട്ടികളുടെ ചിത്രരചനാ വിഷയമെങ്കില്‍ 'ബാലഭാവന പീലിവിടര്‍ത്തും' ചിലപ്പോള്‍ 'പീലിവിടര്‍ത്തി ആടും' പീലിക്ക് പകരം ചിലര്‍ക്ക് വെറും 'ചിറക്' മതി. 

''ബാലഭാവന ചിറകു വിടര്‍ത്തിയപ്പോള്‍''

ചിലര്‍ ബ്രഷ്‌കൊണ്ട് 'വര്‍ണ്ണവിസ്മയം തീര്‍ക്കും'

പറയുന്നത് ഗ്ലാമര്‍ താരത്തെക്കുറിച്ചാണെങ്കില്‍ ചില ലേഖകര്‍ക്കൊരു സ്ഥിരം പ്രയോഗമുണ്ട് - 'ഉറക്കം കെടുത്തുന്ന'

''ഒരുകാലത്ത് യുവാക്കളുടെ ഉറക്കം കെടുത്തിയ ബോളിവുഡ് താരം...''

''യുവാക്കളുടെ ഉറക്കം കെടുത്തുന്ന പോപ്പ് ഗായിക''

ചിലര്‍ക്കുവേണ്ടി യുവാക്കളെ മുഴുവന്‍ ഇങ്ങനെ അപഹസിക്കുന്നതെന്തിന്?

പ്രകടനത്തിന് പിന്നാലെ 'കാഴ്ചവച്ചു' ഉണ്ടാകും.

''മോണോആക്ടില്‍ പങ്കെടുത്തവരെല്ലാം ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്''

''കഥകളിയില്‍ പങ്കെടുക്കാന്‍ ഏറെപ്പേരുണ്ടായെങ്കിലും ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല''

''പോയവര്‍ഷം സര്‍ക്കാര്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്''. 

പ്രകടനത്തെയും കാഴ്ചവെച്ചുവിനെയും ഇനി വേര്‍പെടുത്താനാവില്ല. 

പെണ്‍വാണിഭത്തെക്കുറിച്ചുള്ള വാര്‍ത്തയില്‍ 'കാഴ്ച'വെച്ചു സ്ഥിരം സാന്നിധ്യമാണ്.

''പ്രതികള്‍ പെണ്‍കുട്ടിയെ പല ഉന്നതര്‍ക്കും കാഴ്ചവെച്ചു''. 

ചില നേതാക്കള്‍ക്ക് കാഴ്ചവെക്കാനാണ് യുവതിയെ ഗസ്റ്റ് ഹൗസിലേക്കു കൊണ്ടുപോയത്''. 

വായനക്കാരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ട് ചിലര്‍ 'സ്തുത്യര്‍ഹമായ സേവനം' തുടരുന്നു. 

''30 കൊല്ലത്തെ സ്തുത്യര്‍ഹമായ സേവനത്തിന് ശേഷം വിരമിക്കുന്ന വില്ലേജോഫീസര്‍...''

സ്തുത്യര്‍ഹമായ സേവനത്തിന് ശേഷമല്ലാതെ കേരളത്തില്‍ ആരും വിരമിച്ചിട്ടില്ല!

എഴുത്തുകാരില്‍ ചിലര്‍ ത്രികാലജ്ഞാനികളാണ്. കാലമെന്നാല്‍ അവര്‍ക്ക് 'എക്കാല'മാണ്. 

''കേരളം കണ്ട എക്കാലത്തെയും മികച്ച ഓട്ടക്കാരന്‍''

''എക്കാലത്തെയും വലിയ നടന്‍''

എക്കാലം എക്കാലവും ഉണ്ടാകുമെന്നുറപ്പ്. 

പിന്‍കുറിപ്പ്: 

നന്ദിപ്രകടനത്തില്‍ നിന്ന്:- ''തിരക്കുകള്‍ക്കിടയിലും കൃത്യസമയത്ത് തന്നെ ഇവിടെ എത്തിച്ചേര്‍ന്ന് ഈ കലാമേള ഉദ്ഘാടനം ചെയ്ത എക്കാലത്തെയും മികച്ച ഈ കലാകാരന് ഞാന്‍ ഹൃദയത്തിന്റെ ഭാഷയില്‍ എന്റെ സ്വന്തം പേരിലും നിങ്ങളുടെ സ്വന്തം പേരിലും അഗാധമായ നന്ദി രേഖപ്പെടുത്തിക്കൊള്ളുന്നു''.

ഭാഷാവിശേഷം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.