കേന്ദ്രം കനിഞ്ഞാലും കേരളം ചെയ്യേണ്ടത്

Sunday 12 August 2018 3:02 am IST
വികസിത കേരളം എന്ന നമ്മുടെ വിശ്വാസത്തെത്തന്നെ ചോദ്യം ചെയ്യുന്നതായി ഇത് മാറി. 2018 ജൂലൈ ആഗസ്റ്റ് മാസം, കുറഞ്ഞത് 15 വര്‍ഷത്തേക്ക് കേരളത്തെ പിന്നോട്ടടിച്ചു. അതും കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയും സമത്വവും പാടിയാടുന്ന ഓണക്കാലത്ത്. പ്രകൃതിക്കുമുന്നില്‍ എല്ലാവരും സമന്മാരാണെന്ന വലിയ സന്ദേശംകൂടി നല്‍കുന്നതായി സംഭവങ്ങള്‍.

കേരളമാകെ മഴക്കെടുതിയിലാണ്. ആശങ്കയും മഴഭീഷണിയും മാറിയിട്ടില്ല. അതിവൃഷ്ടിയും അതു നേരിടാന്‍ കഴിയാതെ വന്നതും മൂലം സംഭവിച്ച ദുരിതങ്ങളിലേറെയും മൂന്നു സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകം വിശകലനം ചെയ്യണം; കുട്ടനാട്, വയനാട്, പാലക്കാട്. ആ കണക്കെടുപ്പ് നടത്തുമ്പോള്‍ വരാന്‍ പോകുന്ന ഭീകരാവസ്ഥ ചെറുതല്ലെന്ന് ബോധ്യപ്പെടും. കാരണം, കേരളത്തിന്റെ അരിയാഹാരത്തിനു മേലുള്ള ആശങ്കയാവുകയാണത്.

കുട്ടനാടിന് മാത്രമല്ല, കേരളത്തിനാകെ വേണ്ടിവരും പ്രത്യേക പാക്കേജ്. കേന്ദ്രസര്‍ക്കാറിന്റെ സഹായവും കിട്ടണം. സംസ്ഥാനം സ്വയം കണ്ടെത്തണം. കേന്ദ്ര സര്‍ക്കാരുകള്‍ മുമ്പ് ചെയ്തിരുന്നതില്‍നിന്ന് വ്യത്യസ്തമായി, കെടുതിക്കാലത്തുതന്നെ ഈ സര്‍ക്കാര്‍ നടപടി എടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടു. കേന്ദ്ര നിരീക്ഷണ സംഘത്തെ അയച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് കേരളം സന്ദര്‍ശിക്കുന്നു. മഴമൂലമുള്ള, പ്രകൃതി ക്ഷോഭത്താലുള്ള ഈ വന്‍ കെടുതി, ആധുനിക കേരളം കണ്ട ഏറ്റവും വലിയ ദുരിതമാണ്.

വികസിത കേരളം എന്ന നമ്മുടെ വിശ്വാസത്തെത്തന്നെ ചോദ്യം ചെയ്യുന്നതായി ഇത് മാറി. 2018 ജൂലൈ ആഗസ്റ്റ് മാസം, കുറഞ്ഞത് 15 വര്‍ഷത്തേക്ക് കേരളത്തെ പിന്നോട്ടടിച്ചു. അതും കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയും സമത്വവും പാടിയാടുന്ന ഓണക്കാലത്ത്. പ്രകൃതിക്കുമുന്നില്‍ എല്ലാവരും സമന്മാരാണെന്ന വലിയ സന്ദേശംകൂടി നല്‍കുന്നതായി സംഭവങ്ങള്‍.

അടിസ്ഥാനപരമായി മൂന്നു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണം. 

ഒന്ന്: പ്രകൃതിയുടെ പ്രത്യേകത, സ്വഭാവം, രീതി. 

രണ്ട്: വികസനം വിഭാവനം ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കാതെ പോകുന്നത്, ശ്രദ്ധിക്കേണ്ടത്. 

മൂന്ന്: ഭരണപരമായി ഇത് നടപ്പിലാക്കുകയും നടത്തിക്കൊണ്ടു പോകുകയും ചെയ്യുന്നതിലെ ജാഗ്രത.

സമകാലിക സംഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ ഇടുക്കി, എറണാകുളം, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിലേയും ആലപ്പുഴ (കുട്ടനാട്)യിലേയും സംഭവങ്ങളെ വെവ്വേറെ പശ്ചാത്തലത്തില്‍ കാണണം. വിലയിരുത്തണം, പഠിക്കണം. ഭാവിയില്‍ ആസൂത്രണങ്ങള്‍ക്ക് അതില്‍നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളണം. 

കുട്ടനാട്ടില്‍ രണ്ടുതവണയാണ് മഴമൂലവും അണക്കെട്ടു വെള്ളം തുറന്നുവിട്ടതുവഴിയും ജലനിരപ്പുയര്‍ന്നത്. അതില്‍ രണ്ടാംതവണത്തെ ആഘാതം താരതമ്യേന കുറവായിരുന്നു. അതായത് പമ്പാ ഡാം തുറന്നിട്ടും രണ്ടുദിവസം തുടര്‍മഴ പെയ്തിട്ടും കുട്ടനാട്ടില്‍ വെള്ളം പൊങ്ങിയില്ല. ആറുകളിലൂടെ, അഞ്ചുനദികളിലൂടെ ഒഴുകിയെത്തിയ വെള്ളം കുട്ടനാട്ടില്‍ കരയിലേക്കു കയറാതെ കടലില്‍ പതിച്ചു. എങ്ങനെ? എന്തുകൊണ്ട്? ചിന്താവിഷയമാണ്.

ഒന്ന്: കുട്ടനാടിനെ രക്ഷിക്കാന്‍ നിര്‍മിച്ചതെന്ന് ചിലര്‍ വിശ്വസിക്കുന്ന, ചിലര്‍ എതിര്‍ക്കുന്ന തണ്ണീര്‍മുക്കം ബണ്ട് ആദ്യത്തെ പെരുമഴക്കാലത്ത് അടച്ചിട്ടിരിക്കുകയായിരുന്നു. രണ്ടാംതവണ, നിറഞ്ഞ കക്കിപമ്പാ ഡാമുകള്‍ തുറന്നു വിട്ടപ്പോള്‍ തണ്ണീര്‍മുക്കം ബണ്ട് ഷട്ടറുകള്‍ തുറന്നുകിടക്കുകയായിരുന്നു. (ബണ്ടിന്റെ ഷട്ടര്‍ തുറക്കാഞ്ഞതിനെച്ചൊല്ലിയുള്ള രാഷ്ട്രീയവിവാദങ്ങള്‍ വേറേ വിഷയം)

രണ്ട്: ആദ്യ വെള്ളപ്പൊക്കക്കാലത്ത് പല പാടങ്ങളും കൃഷിയുണ്ടായിരുന്നതിനാല്‍ പെയ്ത്തുവെള്ളവും ഒഴുകിയെത്തിയ കിഴക്കന്‍ മഴവെള്ളവും നദികളില്‍കൂടിത്തന്നെ ഒഴുകിപ്പോകേണ്ടിവന്നു. കടല്‍ ക്ഷോഭിച്ചിരുന്നതിനാല്‍ വേലിയിറക്കത്തോതും കുറഞ്ഞു.

മൂന്ന്: കുട്ടനാടിന്റെ വികസനത്തിന് തയ്യാറാക്കി അവതരിപ്പിച്ച ഡോ. സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടു പ്രകാരമുള്ള കുട്ടനാടന്‍ പാക്കേജിന്റെ നടത്തിപ്പുകാര്യമാണ്. കുട്ടനാടിനു വേണ്ടിയുള്ള പാക്കേജിനെ കാര്‍ഷിക മേഖലയുടെ പാക്കേജാക്കി ചുരുക്കുകയോ ഒതുക്കുകയോ പിടിപ്പുകെട്ടവര്‍ നടത്തിപ്പ് നിര്‍വഹിക്കുകയോ ചെയ്തതാണ് പ്രധാനകാരണം.

കുട്ടനാടിന്റെ, പാലക്കാടിന്റെ, വയനാടിന്റെ ദുരിതാവസ്ഥ വരും നാളുകളില്‍ കേരളത്തിന്റെ അന്നം മുടക്കും എന്നത് ആശങ്കതന്നെയാണ്. തകഴിയുടെ വെള്ളപ്പൊക്കം എന്ന കഥയേക്കാള്‍ ഈ സമയം വായിക്കുകയും പിന്തുടരുകയും ചര്‍ച്ച ചെയ്യേണ്ടതും 'രണ്ടുകൃഷിക്കാര്‍' എന്ന കഥയാണ്. പാരമ്പര്യ കര്‍ഷകന്റെയും ആധുനിക കൃഷിക്കാരന്റെയും മനോഭാവമാണതില്‍. കൈക്കരുത്തിന്റെയും യന്ത്രശക്തിയുടെയും പിന്നിലെ മനോനിലയാണതില്‍. കൃഷി ലാഭമല്ലെന്ന തോന്നല്‍ എപ്പോള്‍ തോന്നുന്നുവോ അപ്പോള്‍ മറ്റൊരു പണിയിലേക്ക് തിരിയാന്‍ മടിയില്ലാത്ത, അല്ലെങ്കില്‍ ബുദ്ധി കാണിക്കുന്ന കര്‍ഷകന്‍ തീരുമാനിച്ചാല്‍, അക്ഷരാര്‍ത്ഥത്തില്‍ കഞ്ഞികുടി മുട്ടും. കര്‍ഷകന്റെ, കുട്ടനാടന്‍ കര്‍ഷകന്റെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ കരുതലോടെയുള്ള കാല്‍വെയ്പ്പുകള്‍ വേണം. 

കുട്ടനാടന്‍ ജനവിഭാഗത്തില്‍ വലിയൊരു വിഭാഗത്തിന്റെ സമ്പാദ്യമൊക്കെ നഷ്ടമായിട്ടുണ്ട്. അവര്‍ക്ക് ഇനി ജീവിതം കരുപ്പിടിപ്പിക്കണം. പ്രദേശം അജ്ഞാതവും വിചിത്രവുമായതുള്‍പ്പെടെ വിവിധ രോഗങ്ങള്‍ പിടിപെട്ട ചരിത്രമുള്ളതാണ്. അവിടെ ഇനി ഉണ്ടായേക്കാവുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ചെറുതായിരിക്കില്ല. കരുതല്‍ ഏറെ വേണം. 

ഐക്യരാഷ്ട്ര സംഘടനയുടെ (യുഎന്‍) ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍ (എഫ്എഒ) കുട്ടനാടിനെ ഗ്ലോബലി ഇമ്പോര്‍ട്ടന്റ് അഗ്രിക്കള്‍ചറല്‍ ഹെറിറ്റേജ് സിസ്റ്റം (ജിഐഎഎച്ച്എസ്) ആയി 2012 ല്‍ പ്രഖ്യാപിച്ചു. കാലാവസ്ഥാ വ്യതിയാനം കാര്‍ഷിക മേഖലയേയും കടലിനേയും പോലും എങ്ങനെ ബാധിക്കുമെന്ന് ഉറ്റുനോക്കുന്ന ലോകശാസ്ത്രജ്ഞന്മാര്‍ കടല്‍നിരപ്പിനുതാഴെ കൃഷിനടത്തുന്ന കുട്ടനാടിനെ പ്രത്യേകം പഠിക്കുകയാണ്. പക്ഷേ നമ്മളോ?

യുഎന്‍ പ്രഖ്യാപനം വന്നതോടെ, ഇനിയെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തം, അവിടുന്ന് പണം കിട്ടും, നമ്മള്‍ ഇഷ്ടാനുസരണം ചെലവിട്ടാല്‍മതിയെന്ന മനസോടെയാണ് ചിലരെങ്കിലും കുട്ടനാടിനെ കണ്ടത്, കാണുന്നത്. കുട്ടനാടന്‍ പാക്കേജിന്റെ നടത്തിപ്പിലെ പരാജയം അതാണ് കാണിക്കുന്നത്. ഭരണവും രാഷ്ട്രീയവും ഏതെന്നും ആരുടേതെന്നതുമല്ല വിഷയം, 'പീലിയാനിക്കല്‍'മാരുണ്ടാകുന്നതും 30 വര്‍ഷത്തിനിടെ ഉണ്ടാകാത്ത വെള്ളപ്പൊക്കമുണ്ടാകുന്നതും ബണ്ടുതുറക്കാത്ത വിവാദമുണ്ടാകുന്നതും എന്തുകൊണ്ടെന്നതാണ് വിഷയം. ഇനി കുട്ടനാട് പാക്കേജിന്റെ രണ്ടാം ഘട്ടം വേണമോ, കുട്ടനാടന്‍ വികസനത്തിന് പുതിയൊരു മുഖവും അടിത്തറയും സങ്കല്‍പ്പവും വേണമോ എന്നതാണ് മുഖ്യം. അത് ആര് തയാറാക്കണമെന്നും ആര് നടപ്പാക്കണമെന്നതും പ്രധാനമാണ്. 

കുട്ടനാട് ഒന്നാം പാക്കേജിന്റെ സംക്ഷിപ്ത വിവരണം കേട്ട് ആലോചിക്കുക: 1840 കോടി രൂപയുടെ പദ്ധതി. 2010 സെപ്തംബര്‍ അഞ്ചിന് തുടങ്ങി. അന്ന് കേന്ദ്രത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രി. 2016 ല്‍ കാലാവധി തീര്‍ന്നു. 1268.13 കോടി രൂപ കേന്ദ്രം അനുവദിച്ചു. ചെലവഴിച്ചത് 780 കോടി മാത്രം. കേന്ദ്രത്തില്‍ സര്‍ക്കാര്‍ മാറി. കേരളത്തില്‍ രണ്ടു വട്ടം ഭരണം മാറി. കുട്ടനാട് കൂടുതല്‍ മുടിഞ്ഞു. ഇനിയും ഇതൊക്കെ ആവര്‍ത്തിക്കണോ. 2016 ല്‍ കുട്ടനാട് വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പറഞ്ഞതിങ്ങനെ.                           (തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.