ചെറുതോണി ബസ് സ്റ്റാന്‍ഡ് ഒലിച്ചുപോയി

Sunday 12 August 2018 6:25 am IST

ചെറുതോണി: പരീക്ഷണാര്‍ഥം തുറന്ന ഇടുക്കി ജലസംഭരണി മൂന്നാം ദിവസവും അടയ്ക്കാതെ വന്നതോടെ ചെറുതോണി രണ്ടായി പിരിഞ്ഞു. കടകളും ബസ് സ്റ്റാന്‍ഡും പാര്‍ക്കിങ് ഏരിയയും ഒലിച്ചുപോയി. വ്യാഴാഴ്ച രാവിലെയാണ് സംഭരണിയുടെ ഭാഗമായുള്ള ചെറുതോണി അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നത്. ഇതോടെ തൊടുപുഴ-പുളിയന്മല റോഡിലെ ഗതാഗതം നിലച്ചു. 

മരങ്ങളും വൈദ്യുതി പോസ്റ്റുകളും കടപുഴകിയതിന് പിന്നാലെ ഇന്നലെ ചെറുതോണി ബസ് സ്റ്റാന്‍ഡ് വെള്ളത്തില്‍ ഒലിച്ചുപോയി. ഇവിടെ നിര്‍മിച്ചിരുന്ന ശൗചാലയം ഭാഗികമായി തകര്‍ന്നു. പെട്ടിക്കടകളും പാലത്തിനോട് ചേര്‍ന്നിരുന്ന പച്ചക്കറിക്കടയും ഒലിച്ചുപോയി. ഇതിന് സമീപത്ത് അടുത്തിടെ നിര്‍മിച്ച പാര്‍ക്കിങ് ഏരിയയും തകര്‍ന്നു. പാലത്തിന് ബലക്ഷയം ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പരിശോധനയ്ക്ക് ശേഷമാണ് ഇതുവഴി ഗതാഗതം ജില്ലാ ഭരണകൂടം തുറന്നുകൊടുക്കുക. 

ചെറുതോണി ടൗണിന് മറുവശം ഉള്ളവര്‍ക്ക് ഇപ്പുറത്ത് എത്താന്‍ 40 കിലോമീറ്റര്‍ ചുറ്റേണ്ട ഗതികേടിലാണ്. ജില്ലാ ആശുപത്രിയും കളക്‌ട്രേറ്റും അടക്കമുള്ള ഇടങ്ങളിലെത്താനും ഇവര്‍ക്ക് ഇതേവഴി തന്നെ ആശ്രയം. തിരിച്ച് കട്ടപ്പന ഭാഗത്തേക്ക് പോകുന്നതിനുള്ള വഴി തിരിച്ചുവിട്ടതോടെ 15 കിലോമീറ്റര്‍ അധികം സഞ്ചരിക്കേണ്ട ഗതികേടിലായി നാട്ടുകാര്‍.

തടിയമ്പാടും വ്യാപകനാശം

 കുത്തൊഴുക്കില്‍ തടിയമ്പാട് ചപ്പാത്ത് തകര്‍ന്നു. ചപ്പാത്ത് കവിഞ്ഞ് വെള്ളം ഒഴുകിക്കൊണ്ടിരിക്കുകയാണ്. വാഴത്തോപ്പ്, മരിയാപുരം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത മാര്‍ഗമാണിത്. 400 മീറ്റര്‍ ദൂരം വരുന്നതാണ് ചപ്പാത്ത്. പല ഭാഗങ്ങളിലും അഗാധമായ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്. മരിയാപുരം, കുതിരക്കല്ല് സ്വദേശികള്‍ ഇതോടെ ഒറ്റപ്പെട്ടു, മേഖലയില്‍ കൃഷികള്‍ പൂര്‍ണമായി നശിച്ചു. ചെറുതോണിപ്പുഴ പെരിയാറുമായി സംഗമിക്കുന്ന വെള്ളക്കയത്ത് നിന്ന് 300 മുതല്‍ 500 മീറ്റര്‍ വരെ വിസ്തൃതിയിലാണ് നദി ഒഴുകുന്നത്. വെള്ളപ്പൊക്ക ഭീക്ഷണിയെ തുടര്‍ന്ന് മേഖലയിലാകെ 40 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. ഇതില്‍ 90 ശതമാനത്തിലധികം വീടുകളും വെള്ളത്തിനടിയിലായി. പാമ്പ് അടക്കമുള്ള ഇഴജന്തുക്കളുടെ ശല്യവും കൂടി. ഷട്ടര്‍ എന്ന് അടയ്ക്കുമെന്ന കൃത്യമായ വിവരം പുറത്തുവരാത്തതിനാല്‍ എത്ര ദിവസം ക്യാമ്പുകളില്‍ കഴിയേണ്ടി വരുമെന്നതും വ്യക്തമല്ല.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.