13,916 പേരെ പുനരധിവസിപ്പിച്ചു, 20,000 പേര്‍ അഭയ കേന്ദ്രങ്ങളില്‍

Sunday 12 August 2018 2:31 am IST

കല്‍പ്പറ്റ: വയനാട്ടില്‍ മഴയ്ക്ക് നേരിയ ശമനം. പ്രധാന ടൗണുകളില്‍ നിന്നെല്ലാം വെള്ളം ഒഴിവായി. ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 190 സെന്റീമീറ്ററില്‍ നിന്ന് 160 ആയും ഉച്ചയോടെ 80 ആയും വൈകുന്നേരത്തോടെ അണക്കെട്ട് പരിധിയില്‍ മഴ ലഭിച്ചതിനെ തുടര്‍ന്ന് 100 സെന്റീ മീറ്ററായും ക്രമീകരിച്ചു. 

രണ്ടുദിവസം തിമിര്‍ത്തു പെയ്ത മഴയില്‍ ജില്ല ഇതുവരെ അനുഭവിക്കാത്ത ദുരിതക്കയത്തിലൂടെയാണ് കടന്നുപോയത്. മണ്ണിടിഞ്ഞും ഉരുള്‍പൊട്ടിയും ദമ്പതികളടക്കം നാലുപേരാണ് മരിച്ചത്. മാനന്തവാടി തലപ്പുഴയ്ക്ക് സമീപം മക്കിമലയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് മംഗലശ്ശേരി വീട്ടില്‍ റസാഖ് (40), ഭാര്യ സീനത്ത് (32), വൈത്തിരി പോലിസ് സ്‌റ്റേഷന് സമീപം ലക്ഷംവീട് കോളനിയിലെ തോളിയിലത്തറ ജോര്‍ജിന്റെ ഭാര്യ ലില്ലി (62), വെള്ളാരംകുന്നില്‍ മണ്ണിടിച്ചലില്‍പ്പെട്ട് മൂപ്പൈനാട് കടല്‍മാട് സ്വദേശി വാറങ്ങോട്ട് ഷൗക്കത്തലി (33) എന്നിവരാണ് മരിച്ചത്. 

വൈത്തിരി, മാനന്തവാടി, ബത്തേരി താലൂക്കുകളിലെ 126 ദുരിതാശ്വാസ ക്യാമ്പുകളിലായി 2,744 കുടുംബങ്ങളില്‍ നിന്നായി 13,916 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 20,000 പേര്‍ മറ്റു അഭയകേന്ദ്രങ്ങളില്‍ കഴിയുന്നു.  226 വീടുകള്‍ പൂര്‍ണമായും 536 വീടുകള്‍ ഭാഗികമായും തകര്‍ന്നു. ജില്ലയില്‍ മഴക്കെടുതിയില്‍ ഇതേവരെ ഒന്‍പത് ജീവന്‍ നഷ്ടപ്പെട്ടു. 23 പേര്‍ക്ക് വിവിധ അപകടങ്ങളില്‍ പരിക്കേറ്റു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.