മുനമ്പം ബോട്ടപകടം: ഉറ്റവരെ കണ്ടെത്താന്‍ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കള്‍

Sunday 12 August 2018 2:46 am IST

കൊച്ചി: കപ്പലിടിച്ച് മുങ്ങിയ മീന്‍പിടുത്ത ബോട്ടിലുണ്ടായിരുന്ന എട്ട് തൊഴിലാളികളെയും കണ്ടെത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്ന് ബന്ധുക്കള്‍. അപകടം നടന്ന് അഞ്ച് ദിവസം കഴിഞ്ഞിട്ടും ബോട്ടിലുണ്ടായിരുന്നവരെ പറ്റി ഇനിയും വിവരങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും നാവിക സേന തിരച്ചില്‍ ഊര്‍ജിതമാക്കണമെന്നും ബന്ധുക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ബോട്ട് മുങ്ങിയ സ്ഥലത്ത് ആധുനിക യന്ത്ര സംവിധാനങ്ങളുടെ സഹായത്തോടെ നാവിക സേന പരിശോധന നടത്തണം.  മറ്റുള്ളവര്‍  ബോട്ടിന്റെ കാബിനിനുള്ളില്‍ ഉറങ്ങുകയായിരുന്നുവെന്നാണ് രക്ഷപ്പെട്ട തൊഴിലാളികള്‍ പറയുന്നത്. ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ ബോട്ടപകടത്തെക്കുറിച്ച്   സര്‍ക്കാരിന്റെ ശ്രദ്ധ കുറയുന്നോ എന്ന് ഉത്കണ്ഠയുണ്ട്. കപ്പല്‍ കണ്ടെത്തി പരിശോധനകള്‍ നടത്താന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു. 

70 മീറ്റര്‍ ആഴമുള്ളതിനാല്‍ സാധാരണ മുങ്ങല്‍ വിദഗ്ധരെ ഇറക്കാന്‍ സാധിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. നാവികസേനയ്ക്ക് മുംബൈയില്‍ കേജ് ഡൈവിങ്ങ് അടക്കമുള്ള ആധുനിക സാങ്കേതിക വിദ്യ ഉണ്ടെങ്കിലും ഇത് ഉപയോഗപ്പെടുത്തുന്നില്ല. പ്രിയപ്പെട്ടവരുടെ മൃതദേഹങ്ങളെങ്കിലും വീണ്ടെടുക്കാതെ കേരളം വിട്ട് പോകില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

മുനമ്പം മഞ്ഞുമാതാ ബസിലിക്ക വികാരി ഫാ.ജോണ്‍സണ്‍ പങ്കയത്ത്, ഫാ.ആന്റണി ക്ലാരട്ട്,  രാമന്‍തുറൈ വികാരി ഫാ. സെല്‍വരാജ്, ബോട്ടപകടത്തില്‍ കാണാതായ പശ്ചിമ ബംഗാള്‍ സ്വദേശി വിപുലിന്റെ അച്ഛന്‍ സുനില്‍ ദാസ്, കാണാതായ സഹായരാജിന്റെ സഹോദരന്‍ ലോറന്‍സ്, ഹിദിയോണ്‍ രാജ്, അപകടത്തില്‍പ്പെട്ട ഒഷ്യാനിക് ബോട്ടുടമയുടെ മകന്‍ സതീഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.