വികസിത കേരളത്തിലും ചൂഷണത്തിന്റെ തുരുത്തുകള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ തിരുത്തണം

Sunday 12 August 2018 6:57 am IST

കൊച്ചി: നവോത്ഥാന പ്രക്രിയയുടെ ഭാഗമായി സാമ്പത്തിക വിജയം കൈവരിച്ച കേരളത്തിലും ചൂഷണത്തിന്റെയും പിന്നാക്കാവസ്ഥയുടേയും തുരുത്തുകള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ തിരുത്തണമെന്ന് ബിഎംഎസ് ദേശീയ അധ്യക്ഷന്‍ അഡ്വ.സി.കെ. സജിനാരായണന്‍. ഈ സ്ഥിതി വിശേഷം ഇല്ലായ്മ ചെയ്യാന്‍ തൊഴിലാളികള്‍ പോരാട്ടത്തിന് ഇറങ്ങണമെന്ന് അദ്ദേഹം പറഞ്ഞു. 

ടെക്‌സ്റ്റൈല്‍സ് ഷോപ്പുകളില്‍ രാവിലെ മുതല്‍ രാത്രി വരെ ജോലി ചെയ്യുന്ന സ്ത്രീതൊഴിലാളികള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനോ ഇരിക്കുന്നതിനോ പോലും നിര്‍വാഹമില്ലാത്ത അവസ്ഥയാണുള്ളത്. ചുമട്ടു തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ഇടത് സര്‍ക്കാരാണ്. ബിഎംഎസിന്റെ നിരന്തരമായ പ്രക്ഷോഭങ്ങള്‍ മൂലമാണ് ഓര്‍ഡിനന്‍സ് വേണ്ടെന്നു വെച്ചത്.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്തിയെടുത്ത അടിസ്ഥാന ജനവിഭാഗമായ ചുമട്ടുതൊഴിലാളികളെ പുറംകാലുകൊണ്ട് തൊഴിക്കുന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചത്. തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ക്കെതിരെയും ചൂഷണത്തിന്റെയും ദാരിദ്ര്യത്തിന്റെയും തുരുത്തുകള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ക്കെതിരെയും ഭരണകര്‍ത്താക്കള്‍ക്കെതിരെയും തൊഴിലാളികള്‍ നിരന്തരമായ പ്രക്ഷോഭങ്ങള്‍ക്ക് തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. 

ബിഎംഎസിന്റെ 142-ാമത് അഖിലേന്ത്യാ പ്രവര്‍ത്തക സമിതിയുടെ ഭാഗമായി ഭാസ്‌ക്കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തൊഴിലാളി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിഎംഎസ് ജില്ലാ പ്രസിഡന്റ് ടി.എ. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ദേശീയ ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ മുഖ്യപ്രഭാഷണം നടത്തി. 

ബിഎംഎസ് ദേശീയ സംഘടനാ സെക്രട്ടറി ബി. സുരേന്ദ്ര, ദക്ഷിണക്ഷേത്ര സംഘടനാ സെക്രട്ടറി എസ്. ദുരൈരാജ്, സംസ്ഥാന പ്രസിഡന്റ് കെ.കെ. വിജയകുമാര്‍, ജനറല്‍ സെക്രട്ടറി എം.പി. രാജീവന്‍, വൈസ് പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ എന്നിവര്‍ പ്രസംഗിച്ചു. ബിഎംഎസ് എറണാകുളം ജില്ലാ സെക്രട്ടറി കെ.വി. മധുകുമാര്‍, ട്രഷറര്‍ കെ.എസ്. ശ്യാംജിത്ത് എന്നിവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.