പിണറായിക്കെതിരെ ജനരോഷം

Sunday 12 August 2018 7:00 am IST
രാവിലെ 11 മണിയോടെ കല്‍പ്പറ്റ മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ക്യാമ്പിലുള്ള രണ്ടു പേരുടെ പരാതികള്‍ കേട്ടു. പരാതികളുമായി പലരും മുന്നോട്ട് വന്നെങ്കിലും അവരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇത് അല്പനേരം സംഘര്‍ഷത്തിന് കാരണമായി.

കൊച്ചി/കല്‍പ്പറ്റ: മഴയിലും പ്രളയത്തിലും സകലതും നഷ്ടപ്പെട്ട് കൊടിയ ദുരിതത്തിലായവരുടെ പരാതി കേള്‍ക്കാന്‍ തയാറായില്ല, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങള്‍ പൊട്ടിത്തെറിച്ചു. വയനാട്ടിലെ കല്‍പ്പറ്റയിലും ആലുവയിലെ ചെങ്ങമനാട്ടുമാണ് ജനങ്ങള്‍ രോഷാകുലരായത്. 

രാവിലെ 11 മണിയോടെ കല്‍പ്പറ്റ മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ക്യാമ്പിലുള്ള രണ്ടു പേരുടെ പരാതികള്‍ കേട്ടു. പരാതികളുമായി പലരും മുന്നോട്ട് വന്നെങ്കിലും അവരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇത് അല്പനേരം സംഘര്‍ഷത്തിന് കാരണമായി. കളക്‌ട്രേറ്റില്‍ നടന്ന സര്‍വകക്ഷി പ്രതിനിധി യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. പുറത്തു പോകണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി നേരിട്ട് പറയുകയായിരുന്നു. യോഗത്തിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മുഖം കൊടുത്തില്ല. 

മുഖ്യമന്ത്രിയുടെ മുഖം കാണാന്‍ പോലും പറ്റിയില്ലെന്നാണ് ഒരു ക്യാമ്പില്‍ കഴിയുന്ന ഒരു വയോവൃദ്ധ പരിതപിച്ചത്. ആലുവ ചെങ്ങമനാട്ടും കുന്നുകരയിലുമുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തിയത്. ക്യാമ്പിലുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള ക്ഷമ മുഖ്യമന്ത്രിക്കുണ്ടായില്ല. കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വൃദ്ധരും ഉള്‍പ്പടെയുള്ളവരാണ് കാത്തുനിന്നത്. അവരെ നിരാശപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. 

മാധ്യമപ്രവര്‍ത്തകരേയും മറ്റുള്ളവരേയുമെല്ലാം വകഞ്ഞുമാറ്റിയാണ് അദ്ദേഹത്തിനും സംഘത്തിനും പോലീസ് വഴിയൊരുക്കിയത്. രണ്ടോ മൂന്നോ പേരുടെ പരാതികള്‍ മാത്രമാണ് കേട്ടത്. വീടുകളെല്ലാം നന്നാക്കും, ആരും ഭയപ്പെടേണ്ടതില്ല എന്നു പറഞ്ഞ് അദ്ദേഹം മടങ്ങി. അഞ്ച് മിനിട്ടുപോലും മുഖ്യമന്ത്രി ഇവിടെ ചിലവഴിച്ചില്ല.

പിന്നീട് കുന്നുകരയിലെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തി. ഇവിടെയുള്ള വരോടും മുഖ്യമന്ത്രി സംസാരിച്ചില്ല. ഒരുകാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. 

നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വനവാസികള്‍ ഉള്‍പ്പടെയുള്ളവരെയും മുഖ്യമന്ത്രി അവഗണിച്ചു. വയനാട്ടില്‍ നിന്ന് നേരെ നിലമ്പൂരിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. അദ്ദേഹത്തോട് പറയാന്‍ കുറെ ആവലാതികളും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ വയനാട്ടിലെ ചടങ്ങിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നേരെ എറണാകുളത്തേക്കാണ് അദ്ദേഹം പോയത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.