അസം പൗരത്വ വിഷയത്തില്‍ കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു

Sunday 12 August 2018 11:47 am IST
വികസനം അതിവേഗം, എല്ലാവര്‍ക്കും എന്ന നയത്തിലൂന്നിയാവും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ക്രിയാത്മകമായി ഒന്നും ചെയ്യാത്തവരാണ് പലവിധ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നാലു വര്‍ഷവും ഞങ്ങള്‍ അത്യധ്വാനം ചെയ്തു. ജനങ്ങളുടെ സ്നേഹവും പിന്തുണയും തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. എന്‍ഡിഎ മുമ്പു നേടിയ സീറ്റുകളുടെ റെക്കോര്‍ഡ് തകര്‍ത്ത് ഗംഭീരവിജയം കൈപ്പിടിയിലൊതുക്കും.

ന്യൂദല്‍ഹി: അസം പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍  കോണ്‍ഗ്രസ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1972ലെ ഇന്ദിര- മുജീബ് കരാറിലും 1983 ല്‍ രാജീവ് ഗാന്ധി ഉണ്ടാക്കിയ കരാറിലും അനധികൃത കുടിയേറ്റക്കാരെ തടയുന്നതു പ്രധാന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ വോട്ട്ബാങ്ക് ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഇതു നടപ്പാക്കാതിരിക്കുകയായിരുന്നുവെന്നും ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ മോദി വ്യക്തമാക്കി. 

പൗരത്വവും പരമാധികാരവും ഏതു രാജ്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്നത് എല്ലാവരും അംഗീകരിക്കും. ദേശതാല്‍പര്യത്തില്‍ രാഷ്ട്രീയം കലര്‍ത്തരുത്. എന്‍ആര്‍സി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുമെന്നു ഞങ്ങള്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനമാണ്. സുപ്രീംകോടതി നിര്‍ദേശമനുസരിച്ചാണു മുമ്പോട്ടു പോകുന്നത്. ചീഫ് ജസ്റ്റിസിനെ അവിശ്വസിച്ചവര്‍ ഇപ്പോള്‍ സുപ്രീംകോടതിയുടെ നിരീക്ഷണത്തിലുള്ള നടപടികള്‍ക്കെതിരേയും രംഗത്തെത്തിയിരിക്കുകയാണെന്നു മോദി കുറ്റപ്പെടുത്തി. 

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി തുടങ്ങിയവര്‍ കോടികളുടെ കടമെടുത്തു രാജ്യം വിടാന്‍ ഇടയായതു മുന്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ പോരായ്മയാണെന്നു മോദി പറഞ്ഞു. ഇത്തരക്കാരെ വലയിലാക്കാന്‍ അതിശക്തമായ നിയമം ഈ സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പൊതുജനങ്ങളുടെ പണം കൊള്ളയടിച്ചു മുങ്ങിയ ഒരാളെയും വെറുതേവിടില്ല. കര്‍ശനമായ നടപടികള്‍ കാണാനിരിക്കുന്നതേയുള്ളുവെന്നും മോദി വ്യക്തമാക്കി.

വികസനം അതിവേഗം, എല്ലാവര്‍ക്കും എന്ന നയത്തിലൂന്നിയാവും ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുക. ക്രിയാത്മകമായി ഒന്നും ചെയ്യാത്തവരാണ് പലവിധ മുദ്രാവാക്യങ്ങള്‍ മുഴക്കി ജനത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നത്. നാലു വര്‍ഷവും ഞങ്ങള്‍ അത്യധ്വാനം ചെയ്തു. ജനങ്ങളുടെ സ്നേഹവും പിന്തുണയും തുടര്‍ന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. എന്‍ഡിഎ മുമ്പു നേടിയ സീറ്റുകളുടെ റെക്കോര്‍ഡ് തകര്‍ത്ത് ഗംഭീരവിജയം കൈപ്പിടിയിലൊതുക്കും.

ഉജ്വല യോജനയിലൂടെ പാചകവാതകം ലഭിച്ച ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകളും 70 വര്‍ഷങ്ങള്‍ക്കിപ്പുറം വൈദ്യതി എത്തിയ ഗ്രാമങ്ങളിലെ ജനങ്ങളും ജന്‍ധന്‍ അക്കൗണ്ടിലൂടെ ബാങ്കിങ് സൗകര്യം ആദ്യമായി ഉപയോഗപ്പെടുത്തി തുടങ്ങിയവരും മോദിക്കുവേണ്ടി ഇത്തവണ പ്രചാരണത്തിനിറങ്ങും. ജനങ്ങള്‍ ഒപ്പമുള്ളപ്പോള്‍ ഒന്നും ഭയപ്പെടുത്തുന്നില്ലെന്നും മോദി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.