കേരളത്തിന് അടിയന്തര സഹായം 100 കോടി

Sunday 12 August 2018 6:44 pm IST
പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച ശേഷം നെടുമ്പാശ്ശേരിയിലെ സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണ്. കേരളം നേരിടുന്നത് 1924 ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ്.

കൊച്ചി: പ്രളയക്കെടുതി കണ്ടറിഞ്ഞും ദുരിതബാധിതരെ ആശ്വസിപ്പിച്ചും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. അടിയന്തര സഹായമായി കേന്ദ്ര സര്‍ക്കാര്‍ നൂറ് കോടി രൂപ അനുവദിച്ചതായി രാജ്‌നാഥ് പ്രഖ്യാപിച്ചു.  160.5 കോടി രൂപ അനുവദിച്ചതിന്റെ പിന്നാലെയാണ് നൂറ് കോടി രൂപ അടിയന്തര സഹായമായി കേന്ദ്രം അനുവദിച്ചിരിക്കുന്നത്. മഴദുരന്തം നേരിട്ട് വിലയിരുത്തുന്നതിനാണ് കേന്ദ്ര ആഭ്യന്തര മന്ത്രി ഇന്നലെ കേരളത്തില്‍ എത്തിയത്. കേരളത്തിലെത്തിയ പ്രത്യേക കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് അടക്കം പരിശോധിച്ച് ഉടന്‍ തന്നെ കൂടുതല്‍ സഹായം പ്രഖ്യാപിക്കുമെന്നും രാജ്‌നാഥ് പറഞ്ഞു. 

പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസ ക്യാമ്പും സന്ദര്‍ശിച്ച ശേഷം നെടുമ്പാശ്ശേരിയിലെ സിയാല്‍ ഗോള്‍ഫ് കോഴ്‌സില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ സാഹചര്യം അതീവ ഗുരുതരമാണ്. കേരളം നേരിടുന്നത് 1924 ന് ശേഷമുള്ള ഏറ്റവും വലിയ പ്രളയമാണ്. എല്ലാ പിന്തുണയും സഹായവുമായി കേന്ദ്ര സര്‍ക്കാര്‍ ഒപ്പമുണ്ടാകും, രാജ്‌നാഥ് സിങ് പറഞ്ഞു. 

മറ്റ് ആവശ്യങ്ങള്‍ വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനുഭാവപൂര്‍വം പരിഗണിക്കും. നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കാലതാമസമുള്ളതിനാലാണ് അടിയന്തരസഹായമായി നൂറ് കോടി അനുവദിച്ചിരിക്കുന്നത്, അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, ജി.സുധാകരന്‍, മാത്യു ടി.തോമസ്, എം.പിമാരായ പ്രൊഫ.കെ.വി.തോമസ്, ഇന്നസെന്റ്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്‌നാഥ് ബഹ്‌റ, എംഎല്‍എമാരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. 

ഉച്ചയ്ക്ക് പ്രത്യേക വിമാനത്തില്‍ നെടുമ്പാശ്ശേരിയില്‍ എത്തിയ രാജ്‌നാഥ് സിങ് ഇടുക്കി, ചെറുതോണി ഡാമുകളും, അടിമാലി, പറവൂര്‍, ആലുവ മേഖലകളുമാണ് ഹെലികോപ്റ്ററില്‍ സന്ദര്‍ശിച്ചത്. പറവൂരിലെ ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ രാജ്‌നാഥ് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു, അവരെ ആശ്വസിപ്പിച്ചു. 

കാലവര്‍ഷത്തിലും പ്രളയത്തിലും 8316 കോടി രൂപയുടെ നാശനഷ്ടമാണ് കണക്കാക്കിയിരിക്കുന്നതെന്നും അടിയന്തര സഹായമായി 1220 കോടി രൂപ അനുവദിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.