ജലന്ധര്‍ ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ സാധ്യത

Monday 13 August 2018 1:06 am IST
ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇതിനോടകം അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. ഇനി നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതിന് മുമ്പായി ബിഷപ്പിനെ ചോദ്യം ചെയ്യും. ഇന്ന് ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.

കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തേക്കും. ഡിജിപിയുടെ അനുമതിയോടെയായിരിക്കും നടപടിയെന്നാണ് വിവരം. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ പര്യാപ്തമായ തെളിവുകള്‍ ഇതിനോടകം അന്വേഷണസംഘം ശേഖരിച്ചു കഴിഞ്ഞു. ഇനി നടപടിക്രമങ്ങള്‍ മാത്രമാണ് പൂര്‍ത്തീകരിക്കാനുള്ളത്. ഇതിന് മുമ്പായി ബിഷപ്പിനെ ചോദ്യം ചെയ്യും. ഇന്ന് ബിഷപ്പിനെ ചോദ്യം ചെയ്യുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. ഇതിനായി അമ്പതു ചോദ്യങ്ങള്‍ അടങ്ങിയ പ്രത്യേക ചോദ്യാവലിയും തയാറാക്കിയിട്ടുണ്ട്.

ഇന്നലെ ജലന്ധറിലെത്തിയ അന്വേഷണസംഘം മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്ര ആസ്ഥാനത്തുള്ള കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തി. ഇവരുടെ മൊഴിയും ബിഷപ്പിനെതിരാണ്. 'ഇടയനോടൊപ്പം ഒരു ദിവസം' എന്ന പേരില്‍ ബിഷപ് നടത്തിയ പ്രാര്‍ഥനയ്ക്കിടെ മോശം അനുഭവങ്ങളുണ്ടായാതാണ് കന്യാസ്ത്രീകള്‍ മൊഴി നല്‍കിയത്. എതിര്‍പ്പുകള്‍ ഉയര്‍ന്നതോടെ പ്രാര്‍ഥനാപരിപാടി സഭ നിര്‍ത്തിവച്ചതായും അന്വേഷണസംഘത്തോട് വെളിപ്പെടുത്തി.

കന്യാസ്ത്രീകളെ കൂടാതെ പാസ്റ്ററല്‍ സെന്ററിലെ വികാരിമാരുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പരിപാടിയെക്കുറിച്ച് ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സഭാനേതൃത്വം ഇടപെട്ട് നിര്‍ത്തിവച്ചുവെന്നാണ് ഇവരും പറയുന്നത്. 

കന്യാസ്ത്രീയുടെ പരാതിയെ സാധൂകരിക്കുന്ന കൂടുതല്‍ മൊഴികള്‍ പുറത്തായതോടെ ബിഷപ്പിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം എത്തിയിരിക്കുന്നത്. ആഭ്യന്തരവകുപ്പിന്റെ അനുമതി ഇക്കാര്യത്തില്‍ വേണം. ജലന്ധറില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പഞ്ചാബ് പോലീസ് സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തുതുടങ്ങി. ഇതിനിടെ അറസ്റ്റ് ഏതുവിധേനെയും ഒഴിവാക്കാന്‍ സഭാനേതൃത്വവും ശ്രമിക്കുന്നുണ്ട്. ഇതിനായി എല്ലാ രാഷ്ട്രീയ സ്വാധീനവും പ്രയോഗിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.