അംഗപരിമിതര്‍ക്കായി എടിഎമ്മുകളില്‍ റാമ്പ്; നടപടി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന്

Monday 13 August 2018 1:14 am IST

തിരുവനന്തപുരം: മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്ന് നിലവിലുള്ളതും പുതുതായി സ്ഥാപിക്കുന്നതുമായ എല്ലാ എടിഎമ്മുകളിലും റാമ്പ് സ്ഥാപിക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കി. അംഗപരിമിതര്‍ക്ക് തടസ്സം കൂടാതെ എടിഎമ്മില്‍ പ്രവേശിച്ച് ഇടപാടുകള്‍ നടത്താവുന്ന വിധത്തില്‍ ബാങ്കുകളുടെ എടിഎമ്മുകളില്‍ റാമ്പ് സ്ഥാപിക്കമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് റിസര്‍വ് ബാങ്കിന് നിര്‍ദേശം നല്‍കിയിരുന്നു.

തിരുവനന്തപുരം കരമന സ്വദേശിനി കെ. ഫരീദാബീവി നല്‍കിയ പരാതിയിലാണ് കമ്മീഷന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കിയത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ഫരീദാ ബീവിയുടെ ശമ്പളം എസ്ബിഐയിലാണ് വരുന്നത്. അംഗപരിമിതയായതിനാല്‍ തനിക്ക് എടിഎമ്മില്‍ പ്രവേശിച്ച് ശമ്പളം മാറാനാവുന്നില്ലെന്നായിരുന്നു പരാതി. അംഗ പരിമിതരുടെ അവകാശങ്ങളെ കുറിച്ചുള്ള യുഎന്‍ ഉടമ്പടികള്‍ അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചിരുന്നു. രാജ്യത്തെ എല്ലാ കെട്ടിടങ്ങളിലും അംഗപരിമിതര്‍ക്ക് പ്രവേശിക്കാന്‍ അവസരം നല്‍കണമെന്ന സുപ്രീംകോടതി ഉത്തരവും കമ്മീഷന്‍ ഉത്തരവില്‍ പരാമര്‍ശിച്ചിരുന്നു. ആര്‍ബിഐ ഗൈഡ്‌ലൈന്‍ പ്രകാരം എടിഎമ്മുകള്‍ അംഗപരിമിത സൗഹൃദമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് റിസര്‍വ് ബാങ്ക് കമ്മീഷനെ അറിയിച്ചത്. 

റാമ്പ് നിലവില്‍ വരുന്നതോടെ എടിഎമ്മിനുള്ളില്‍ വീല്‍ചെയര്‍ പ്രവേശിപ്പിക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.