ഒരു 'സംസ്‌കാര' കലാപം

Monday 13 August 2018 1:13 am IST
കരുണാനിധിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, ദുഃഖകരവും ഉണ്ടാവാന്‍ പാടില്ലാത്തതുമായിരുന്നു. ആ തര്‍ക്കങ്ങള്‍ അവസാനം കോടതി കയറി. അതൊക്കെ ഒഴിവാക്കാമായിരുന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നേതാക്കളില്‍ ഒരാളായിരുന്നു കലൈജ്ഞര്‍ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഭിന്ന നിലപാട് ഉണ്ടാവുമെന്ന് തോന്നുന്നില്ല.

2013 ഡിസംബറിലായിരുന്നു മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹ റാവുവിന്റെ മരണം. മൃതദേഹം ദല്‍ഹിയില്‍ത്തന്നെ സംസ്‌കരിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിലാഷം. പക്ഷെ, ഇതുപോലെ ഒരു മുന്‍ പ്രധാനമന്ത്രിയുടെ മൃതദേഹം അപമാനിക്കപ്പെട്ടിരിക്കില്ല. റാവു താമസിച്ചിരുന്ന വസതിയില്‍ മൃതദേഹം എത്തിച്ചപ്പോള്‍ ഒരു ഡസന്‍ കസേരകള്‍ പോലും അവിടെ നിരത്തിയിരുന്നില്ല. രണ്ട് മണിക്കൂര്‍ കഴിഞ്ഞ് ഒരു പഴയ സുഹൃത്താണ് അവിടെ ഒരു ഷാമിയാന വലിച്ചുകെട്ടിച്ചത്. അപ്പോഴാണ് സംസ്‌കാരച്ചടങ്ങ് എങ്ങിനെ, എവിടെ എന്ന ചോദ്യമുയരുന്നത്. റാവുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി 'സംസ്‌കാരം ദല്‍ഹിയില്‍ വേണ്ട, ആന്ധ്രയില്‍ മതി' എന്ന് അന്ന് തീരുമാനിച്ചത് കോണ്‍ഗ്രസുകാരും അവരുടെ സര്‍ക്കാരുമാണ്. തനിക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അഭയം നല്‍കിയ റാവുവിനോട് സാമാന്യ മര്യാദ കാണിക്കാന്‍ പോലും പ്രധാനമന്ത്രിയായിരുന്ന ഡോ.മന്‍മോഹന്‍ സിങ് തയ്യാറായില്ല. അല്ലെങ്കില്‍ അതിന് അദ്ദേഹത്തിനായില്ല. ആ മുന്‍ പ്രധാനമന്ത്രിക്ക് അന്തിമോചാരമര്‍പ്പിക്കാന്‍ മന്‍മോഹന്‍ വന്നിരുന്നു. പക്ഷെ വേണ്ടതൊന്നും ചെയ്തില്ല.

പിറ്റേന്ന് രാവിലെ, എഐസിസി ആസ്ഥാനത്തേക്ക് മൃതദേഹം കൊണ്ടുപോയെങ്കിലും വാഹനം അകത്ത് കടത്താതെ ഗേറ്റില്‍ നിര്‍ത്തുകയാണ് ചെയ്തത്. സോണിയ ഗാന്ധി വച്ചുപുലര്‍ത്തിയ കടുത്ത പകയായിരുന്നു അതിനൊക്കെ കാരണം. 'മാഡം' മനസിലേറ്റിയ ദേഷ്യം! റാവു സര്‍ക്കാരിന്റെ കാലത്ത് ഒട്ടാവിയോ ക്വത്തറോക്കിയെ അന്വേഷിച്ച്  സിബിഐ സംഘം പോയതും മറ്റും അതിന് കരണമായിട്ടുണ്ടാവും. മൂന്നര പതിറ്റാണ്ട് കാലം ദല്‍ഹിയില്‍ ചിലവിട്ട ആ മുന്‍ പ്രധാനമന്ത്രിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടന്നത് ആന്ധ്രയില്‍. 

ഇതിപ്പോള്‍ ഓര്‍മയില്‍ വന്നത് കഴിഞ്ഞദിവസം തമിഴ്‌നാട്ടില്‍ ഡിഎംകെ തലവന്‍ എം.കരുണാനിധിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ കേട്ടപ്പോഴാണ്. എന്തൊക്കെ പറഞ്ഞാലും സോണിയയും കോണ്‍ഗ്രസും റാവുവിനോട് കാണിച്ചത്ര പകയോ പാതകമോ ആരെങ്കിലും കരുണാനിധിയോട് ചെയ്തുവെന്ന് തോന്നുന്നില്ല.   

 കരുണാനിധിയുടെ സംസ്‌കാര ചടങ്ങുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍, ദുഃഖകരവും ഉണ്ടാവാന്‍ പാടില്ലാത്തതുമായിരുന്നു. ആ തര്‍ക്കങ്ങള്‍ അവസാനം കോടതി കയറി. അതൊക്കെ ഒഴിവാക്കാമായിരുന്നു.  ഇന്ത്യ കണ്ട ഏറ്റവും വലിയ രാഷ്ട്രീയനേതാക്കളില്‍ ഒരാളായിരുന്നു കലൈജ്ഞര്‍ എന്ന കാര്യത്തില്‍ ആര്‍ക്കെങ്കിലും ഭിന്ന നിലപാട് ഉണ്ടാവുമെന്ന് തോന്നുന്നില്ല. മറീന കടലോരത്തെ മലീമസമാക്കുന്നത്, അതിന്റെ മനോഹാരിത നശിപ്പിക്കുന്നത് എന്നിവയൊക്കെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ട്; കേസുകള്‍ കോടതിയിലുമുണ്ടായിരുന്നു.

ജയലളിതയുടെ മൃതദേഹം സംസ്‌കരിക്കുന്നതും സ്മാരക നിര്‍മ്മാണവുമൊക്കെ തടയാനായി രൂപമെടുത്ത കേസുകള്‍ വരെ അക്കൂട്ടത്തിലുണ്ട് എന്ന് കരുതുന്നവരുമുണ്ട്. കെ. കാമരാജ് മരണമടഞ്ഞപ്പോള്‍ മറീനയില്‍ സംസ്‌കരിക്കണം എന്ന ആവശ്യമുയര്‍ന്നതും അന്ന് മുഖ്യമന്ത്രിയായിരുന്ന കരുണാനിധി അത് അനുവദിക്കാതിരുന്നതും ചരിത്രത്തിന്റെ ഭാഗമാണ്. 

ഇതൊക്കെയാണെങ്കിലും തന്റെ  മൃതദേഹം അതേ കടപ്പുറത്ത് തന്നെ സംസ്‌കരിക്കണം എന്ന് ഡിഎംകെയുടെ തലൈവര്‍ ആഗ്രഹിച്ചിരുന്നുവെങ്കില്‍ അതിന് സമ്മതം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറാവേണ്ടതായിരുന്നു. ഇവിടെ കാണുന്ന ഒരു നല്ല കാര്യം, അടുത്തകാലത്തായി കോടതിയിലും മറ്റും വലിയ വിശ്വാസമില്ലാതിരുന്നവരാണ് പലരും. നരേന്ദ്ര മോദി അധികാരത്തില്‍ വന്നശേഷം എല്ലാ കോടതികളും ബിജെപിക്കാര്‍ക്കൊപ്പമാണ് എന്നല്ലേ കോണ്‍ഗ്രസുകാരും അവര്‍ക്കൊപ്പമുള്ളവരും പറഞ്ഞിരുന്നത്. ഇവിടെയിപ്പോള്‍ കോടതി അര്‍ദ്ധരാത്രി സിറ്റിംഗ് നടത്തി; ഡിഎംകെക്ക് അനുകൂലമായി വിധിയും പ്രസ്താവിച്ചല്ലോ. അവര്‍ക്കൊക്കെ കോടതി നിഷ്പക്ഷമാണെന്ന് തോന്നിയെങ്കില്‍ കോടതിയില്‍ വിശ്വാസമുണ്ടായെങ്കില്‍ അത്രയും നല്ലത് . 

ഇവിടെ, തമിഴ്‌നാട്ടിലെ രണ്ട് പക്ഷക്കാരും ഉന്നയിച്ച ആക്ഷേപങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ശ്രമിക്കുന്നില്ല. എന്നാല്‍ അത് എന്തുകൊണ്ടുണ്ടായി എന്നത്  വിലയിരുത്തപ്പെടുക തന്നെവേണം. അതിനൊപ്പം എന്താണ് പരിഹാരം എന്നതും പരിശോധിക്കപ്പെടണം. തമിഴ്‌നാട് രാഷ്ട്രീയം കുറേനാളായി ഇങ്ങനെയാണ്... മുഖാമുഖം നോക്കാന്‍ മടിക്കുന്ന വൈര്യം രാഷ്ട്രീയക്കാര്‍ക്കിടയിലുണ്ട്. കിട്ടുന്ന വേളകളില്‍ പ്രതിയോഗികളെ പരമാവധി ദ്രോഹിക്കാന്‍ ശ്രമിക്കുന്ന സമ്പ്രദായവും. കേരളത്തില്‍ അതൊക്കെ കുറവാണ്; എന്നാല്‍ ഇല്ലെന്നു പറയുന്നില്ല. 

മൃതദേഹം കിടത്തിക്കൊണ്ട് രാഷ്ട്രീയവിരോധം തീര്‍ക്കാനും മറ്റും നമ്മള്‍ തയ്യാറാവാറില്ല. സംസ്‌കാര ചടങ്ങ് നടത്തുന്നതിന് പൊതു സര്‍ക്കാര്‍ സ്ഥലം അന്വേഷിച്ചു നടക്കുന്ന രീതിയും മലയാളിക്കില്ല. നിയമം അനുശാസിക്കുമെങ്കില്‍ സ്വന്തം വീട്ടില്‍ ചടങ്ങുകള്‍ നടത്തുന്നതാണ് പൊതുരീതി. ക്രിസ്ത്യാനികള്‍ക്കും മുസ്ലിങ്ങള്‍ക്കും അവരുടെ പള്ളികളില്‍ അതിനുള്ള സംവിധാനമുണ്ടുതാനും. 

ഇഎംഎസ് നമ്പൂതിരിപ്പാട്, എ.കെ. ഗോപാലന്‍, ഇ.കെ.നായനാര്‍, കെ.ജി. മാരാര്‍ തുടങ്ങിയ കേരളത്തിലെ രാഷ്ട്രീയ നേതാക്കള്‍ മരിച്ചപ്പോള്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നത് പൊതുശ്മശാനത്തിലാണ്. കെ കരുണാകരന്റേത് തൃശൂരില്‍ സ്വന്തം വസതിയിലും നടന്നു. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാവും സമുന്നതനും മുന്‍ പ്രാന്ത പ്രചാരകുമായിരുന്ന കെ. ഭാസ്‌കര്‍ റാവു മരിച്ചത് കേരളത്തില്‍ വെച്ചാണ്. അദ്ദേഹത്തെ സംസ്‌കരിച്ചതും പൊതുശ്മശാനത്തിലാണ്. എന്നാല്‍ തമിഴ്‌നാട്ടില്‍ നാം കാണുന്നത്, മറീന കടപ്പുറത്ത് സംസ്‌കാരം നടത്തിയാല്‍ മാത്രം പോരാ ആ നേതാക്കള്‍ക്കൊക്കെ അവിടെ വലിയ സ്മാരകങ്ങള്‍ ഉയര്‍ത്താനുള്ള അനുമതിയും സ്ഥലവും സൗകര്യവും സര്‍ക്കാര്‍ കൊടുക്കണം എന്നതാണ്. 

ഇത്തരമൊരു ശൈലി ദല്‍ഹിയിലുണ്ട്, അല്ലെങ്കില്‍ ഉണ്ടായിരുന്നു. അവിടെ യമുനാ തീരത്താണ് വിവിഐപികളുടെ മൃതദേഹം സംസ്‌കരിക്കപ്പെടാറുള്ളത്. ഗാന്ധിജി മുതല്‍ സഞ്ജയ് ഗാന്ധി വരെയുള്ളവര്‍ അടുത്തടുത്ത്. അവിടെ ഏതാണ്ട് 245 ഏക്കറാണ് അതിനായി നീക്കിവെച്ചത്. ഓരോ നേതാവിന്റെയും മൃതദേഹം സംസ്‌കരിച്ച സ്ഥലവും സ്മാരകവും അതിനായി ചാര്‍ത്തി നല്‍കിയ ഭൂമിയുടെ വിസ്തൃതിയും നോക്കുക. ഗാന്ധിജി (രാജ്ഘട്ട് ; 44.35 ഏക്കര്‍), പണ്ഡിറ്റ് നെഹ്‌റു (ശാന്തിവനം; 20 ഏക്കര്‍), ലാല്‍ ബഹദൂര്‍ ശാസ്ത്രി (വിജയ് ഘട്ട്; 40 ഏക്കര്‍), ഇന്ദിരാ ഗാന്ധി(ശക്തിസ്ഥല്‍; 45ലേറെ ഏക്കര്‍), രാജീവ് ഗാന്ധി (വീര്‍ഭൂമി; 15 ഏക്കര്‍), ചരണ്‍ സിങ് (കിസാന്‍ ഘട്ട്;19 ഏക്കര്‍), സെയില്‍ സിങ് ( 22.5 ഏക്കര്‍), ജഗജീവന്‍ റാം (1 2. 5 ഏക്കര്‍)... ശങ്കര്‍ദയാല്‍ ശര്‍മ്മ, എസ്. ചന്ദ്രശേഖര്‍, കെ.ആര്‍. നാരായണന്‍, ദേവിലാല്‍, ആര്‍. വെങ്കിട്ടരാമന്‍, മൗലാന അബ്ദുല്‍ കലാം ആസാദ്, സഞ്ജയ് ഗാന്ധി എന്നിവരും അവിടെയുണ്ട്.

തന്റെ മൃതദേഹം ദല്‍ഹിയില്‍ സംസ്‌കരിക്കണം എന്ന് നരസിംഹ റാവു ആഗ്രഹിച്ചത് ഇതൊക്കെക്കൊണ്ടാവണം. നേതാക്കള്‍ മരിച്ചാല്‍ ദല്‍ഹിയില്‍ സംസ്‌കാരം നടത്താന്‍ ഇനി മേലില്‍ ഭൂമി അനുവദിക്കുകയോ സ്മാരകം നിര്‍മ്മിക്കുകയോ വേണ്ടെന്ന് തീരുമാനിച്ചത് 2000ല്‍ വാജ്‌പേയി സര്‍ക്കാരാണ്. ഇവര്‍ക്കൊക്കെയുള്ള സ്മാരകങ്ങള്‍ ഇങ്ങനെ നിലനില്‍ക്കുമ്പോഴും പല പ്രമുഖരും തങ്ങള്‍ താമസിച്ചിരുന്ന ദല്‍ഹിയിലെ സര്‍ക്കാര്‍ വസതി മറ്റൊരു സ്മാരകമാക്കുന്നതും കാണുകയുണ്ടായി. 

നെഹ്‌റു, ഇന്ദിര ഗാന്ധി, കാന്‍ഷിറാം, ജഗജീവന്‍ റാം എന്നിവരുടെ വസതികള്‍ ഉദാഹരണം. സര്‍ക്കാര്‍ ബംഗ്ലാവുകള്‍ ഒരു കാരണവശാലും സ്മാരകമാക്കാന്‍ അനുവദിക്കില്ല എന്നാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ നയം. യു.പിയില്‍ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് ഒരു സര്‍ക്കാര്‍ വീട് സ്വന്തമായി നല്‍കിയിരുന്നത് കോടതി റദ്ദാക്കിയത് സ്മരിക്കേണ്ടതാണ്.

വിവിഐപികളുടെ മൃതദേഹം സംസ്‌കരിക്കാനായി ദല്‍ഹിയില്‍  ഒരു പ്രത്യേക ശ്മശാനം ഉണ്ടാക്കാനും അതിന് 'ഏകതാ സ്ഥല്‍' എന്ന പേര് കൊടുക്കാനും നിശ്ചയിച്ചത് വാജ്‌പേയിയുടെ കാലത്താണ്;  അവിടെ സംസ്‌കരിക്കപ്പെടുന്നവരുടെ പേര് കൊത്തിയ ഒരു ചെറിയ ഫലകം  സ്ഥാപിച്ചാല്‍ മതി എന്നാണ്  തീരുമാനം. ശ്മശാനത്തിന്  സ്ഥലം കണ്ടെത്തിയെങ്കിലും വാജ്‌പേയി ഭരണകാലത്ത് അതിന്റെ നിര്‍മ്മാണം തുടങ്ങിയില്ല. എനിക്ക് തോന്നുന്നു, തമിഴ്‌നാട് സര്‍ക്കാരും ഗൗരവമായി ചിന്തിക്കേണ്ടുന്ന കാര്യമാണിത്. അല്ലെങ്കില്‍, കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍,  മനോഹരിയായ ആ മറീന കടലോരം ഒരു 'കബറിസ്ഥാന്‍' ആയി മാറും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.