കേരളം, കുട്ടനാട്, സിങ്കപ്പൂര്‍

Monday 13 August 2018 1:15 am IST
'കുട്ടനാട് പാക്കേജില്‍ 80 ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. കേന്ദ്രം നല്‍കിയ പണത്തിന്റെ കണക്ക് മുന്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ടോ? സംസ്ഥാന സര്‍ക്കാരുകള്‍ കൊടുത്തിട്ടുണ്ടോ? സംസ്ഥാനത്തിന്റെ ചെലവ് എത്രയായിരുന്നു? എന്തിനെല്ലാം ചെലവിട്ടു? ഇതുവരെ കണക്കൊന്നും കൃത്യമായി പുറത്തുവന്നിട്ടില്ല.'

കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് കിട്ടണം, ആ പണം എന്തുചെയ്‌തെന്ന് ചോദിക്കരുത് എന്നൊരു ന്യായം എങ്ങനെ കേരള ഭരണത്തിന്റെ പൊതു സ്വഭാവമായി എന്നറിയില്ല. കേന്ദ്രത്തിലും കേരളത്തിലും ഒരേ പാര്‍ട്ടി ഭരിക്കുമ്പോള്‍ അതായിരുന്നു പതിവ്. ചോദിക്കുന്നത് കൊടുക്കും, അവ എങ്ങനെയൊക്കെയോ ചെലവായിപ്പോകും ('ചില വായില്‍' എന്നും ആക്ഷേപം). അതൊരു രാഷ്ട്രീയ ലൈസന്‍സായിരുന്നു. കേരളത്തില്‍ ഭരണം മാറുമ്പോള്‍ കേന്ദ്രം കൈയയച്ചു സഹായം ചെയ്യുന്നത് മുടക്കും. അപ്പോള്‍ കേന്ദ്ര സഹായം കിട്ടുന്നില്ലെന്ന ആക്ഷേപം ഉയരും, പ്രചാരണവും പ്രക്ഷോഭവും നടക്കും. ഈ പതിവില്‍ കേരളത്തിന്റെ പദ്ധതികള്‍ പാളി, ആസൂത്രണം തകര്‍ന്നു. കേരളം പോലൊരു ചെറു സംസ്ഥാനം വികസനക്കുതിപ്പില്‍ എവിടെയൊക്കെയോ എത്താമായിരുന്നിട്ടും സ്വയം പ്രഖ്യാപിച്ച ഒന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടുന്നു.

കുട്ടനാട് പാക്കേജിന്റെ കാലാവധി കഴിഞ്ഞപ്പോള്‍, അനുവദിച്ച 'ഫണ്ട് വിനിയോഗിക്കാത്ത, വിനിയോഗിച്ച തുക പാഴാക്കിയ' കേരളം, പാക്കേജ് പുതുക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മുന്നില്‍ ആവശ്യവുമായിച്ചെന്നു. പഞ്ചവത്സര പദ്ധതികള്‍ ലക്ഷ്യം കാണാതെ വരികയും ദശവത്സരവും അതിനപ്പുറവും ഇഴയുകയും ചെയ്യുന്നതിനാല്‍ ആസൂത്രണക്കമ്മീഷന്‍ എന്ന പാഴ്പ്പണിതന്നെ അഴിച്ചു പണിഞ്ഞ കേന്ദ്ര സര്‍ക്കാര്‍, നിലപാട് വ്യക്തമാക്കി. ''പഴയ പാക്കേജ് പുതുക്കാനില്ല. പാക്കേജ് പരിപാടികളേ വേണ്ട. പകരം നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക വികസനത്തിനും ജലവിതരണ ജലസേചന പരിപാടികള്‍ക്കും മറ്റും മറ്റുമായി സഹായങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ തയ്യാറാക്കുക. അവയ്ക്ക് ആവശ്യമായ സഹായം എത്രയാണോ അത് നല്‍കാം.''

2016 ല്‍ കുട്ടനാടിന്റെ എംപി കൊടിക്കുന്നില്‍ സുരേഷാണ് വിഷയം ലോക്‌സഭയില്‍ ചോദ്യമായി ഉന്നയിച്ചത്. മോദി സര്‍ക്കാര്‍ വ്യക്തമായ നിലപാട് പറഞ്ഞു. പക്ഷേ, സംസ്ഥാന സര്‍ക്കാര്‍ ആ വഴിക്ക് ഒന്നും ചെയ്തിട്ടില്ല, ചിന്തിച്ചിട്ടുതന്നെയില്ല. പകരം 'രണ്ടാം കുട്ടനാട് പാക്കേജ്,' 'ഹരിതകേരളം പദ്ധതിയില്‍ പെടുത്തി ആസൂത്രണം' എന്നെല്ലാമാണ് പുതിയ പ്രഖ്യാപനങ്ങള്‍. 

കുട്ടനാട് പാക്കേജില്‍ 80 ശതമാനം ചെലവ് കേന്ദ്ര സര്‍ക്കാരും 20 ശതമാനം സംസ്ഥാന സര്‍ക്കാരുമാണ് വഹിക്കുന്നത്. കേന്ദ്രം നല്‍കിയ പണത്തിന്റെ കണക്ക് മുന്‍ കേന്ദ്ര സര്‍ക്കാര്‍ ചോദിച്ചിട്ടുണ്ടോ? സംസ്ഥാന സര്‍ക്കാരുകള്‍ കൊടുത്തിട്ടുണ്ടോ? സംസ്ഥാനത്തിന്റെ ചെലവ് എത്രയായിരുന്നു? എന്തിനെല്ലാം ചെലവിട്ടു? ഇതുവരെ കണക്കൊന്നും കൃത്യമായി പുറത്തുവന്നിട്ടില്ല. 

അടുത്ത കുട്ടനാടന്‍ വികസന പദ്ധതികള്‍ക്കുമുമ്പ് കഴിഞ്ഞ കുട്ടനാടന്‍ പാക്കേജിന്റെ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടട്ടെ, ജനം അറിയട്ടെ. കുട്ടനാടിന്റെ ഈ വെള്ളപ്പൊക്ക ദുരിത നഷ്ടക്കണക്കിനൊപ്പം അങ്ങനെയൊരു കണക്ക് പുറത്തുവന്നശേഷമേ പുതിയൊരു പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരായാലും സംസ്ഥാനമായലും പണം മുടക്കാവൂ. 'കടലിലായാലും കായലിലായാലും കായം കലക്കുന്ന' പരിപാടികള്‍ക്ക് അറുതിവരണം.

കുട്ടനാടന്‍ പാക്കേജിനുള്ള സ്വാമിനാഥന്‍ കമ്മീഷനില്‍ അംഗമായിരുന്ന ഡോ. കെ.ജി. പത്മകുമാര്‍ പറയുന്നു: ''കുട്ടനാടന്‍ പാക്കേജ് ഡോ. എം.എസ്. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കുമ്പോള്‍ ഉണ്ടായിരുന്ന സ്ഥിതിയല്ല ഇന്ന് കുട്ടനാടിന്. ആ മാനദണ്ഡങ്ങളും പരിണഗനകളും പോരാ ഇന്ന്. കുട്ടനാടിനെ കാര്‍ഷിക മേഖലയായി മാത്രം കണ്ടാല്‍ പോരാ. ജലസേചനം, ജല നിര്‍ഗമനം, നീരൊഴുക്ക് തുടങ്ങി കാര്‍ഷിക മേഖലയിലേതുള്‍പ്പെടെ നൂലിഴകീറി പരിശോധിച്ച് വിശകലനം ചെയ്ത് വേണം പുതിയൊരുപദ്ധതി തയ്യാറാക്കാന്‍. ശാസ്ത്രീയമായ ചര്‍ച്ചകള്‍ വേണം.''

അതെ, കുട്ടനാടിനെ സംബന്ധിച്ച് വിശദമായ ചര്‍ച്ചകള്‍ നടക്കണം. കുട്ടനാടിനെക്കുറിച്ച് മാത്രമല്ല, ഈ മഴവെള്ളപ്പൊക്കത്തിലെ ദുരിതത്തെ തുടര്‍ന്ന് 10 വര്‍ഷമെങ്കിലും പിന്നാക്കം പോയ കേരളത്തിന്റെ വളര്‍ച്ചയില്‍ മികച്ചൊരു കുതിപ്പിന് ഏറെ ആസൂത്രണം വേണം. അത് വെറും രാഷ്ട്രീയ കാട്ടിക്കൂട്ടലുകളാകാതിരിക്കണം. കേരളത്തിന് ഇതൊരു അവസരമായി കാണണം. 

ജപ്പാന്‍ കൈയൊഴിഞ്ഞപ്പോള്‍ സിങ്കപ്പൂര്‍ വളര്‍ന്നെഴുന്നേറ്റതുപോലെ, കൊച്ചു കേരളത്തിനെന്തുകൊണ്ട് സ്വയം ഉയരാനും വളരാനും സാധിക്കുന്നില്ല. സര്‍വ സഹായങ്ങളുമായി കേന്ദ്രസര്‍ക്കാരുള്ളപ്പോള്‍ അതിന് ഗതിവേഗവും കൂടും. (തകര്‍ന്നടിഞ്ഞ സിങ്കപ്പൂരിന് രക്ഷകരായി രണ്ടുപേര്‍ ഉണ്ടായിരുന്നു. ലിം യൂ ഹോക്കും (195559) ലീ ക്വാന്‍ യൂവും (195990). അവരുടെ ഇച്ഛാശക്തിയും ആസൂത്രണവും അതിനവര്‍ നേടിയ ജന പിന്തുണയുമാണ് ഇന്നത്തെ സിങ്കപ്പൂര്‍. അത് വേറൊരു ഇതിഹാസമാണ്.)

രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും എല്ലാ കാര്യത്തിലും വിദഗ്ദ്ധരും അഭിപ്രായം പറയാന്‍ കഴിവുള്ളവരുമാകണമെന്നില്ല. അവര്‍ അവസാനം അഭിപ്രായം പറഞ്ഞാല്‍മതിയെന്ന് തീരുമാനിക്കണം. അതാത് മേഖലയിലെ വിദഗ്ദ്ധര്‍ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വെക്കട്ടെ. അതിന് സംസ്ഥാന സര്‍ക്കാര്‍ വേദിയൊരുക്കട്ടെ. കേരളത്തിനകത്തും പുറത്തുമുള്ള, കേരളത്തെ പഠിച്ച് പരിരക്ഷിക്കാന്‍ തയ്യാറായ, ആയിരക്കണക്കിനു പേരുണ്ട്. അവര്‍ക്ക് നിര്‍ദ്ദേശിക്കാന്‍ അവസരം ഒരുക്കണം. ഡിജിറ്റല്‍ ഇന്ത്യയുടെ കാലത്ത്, ഐടിയില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്ന കേരളത്തിന് അതിനൊക്കെ സാഹചര്യമൊരുക്കുക എളുപ്പവുമാണ്. വന്‍തുക ചെലവിട്ടുള്ള സെമിനാര്‍ മഹാമഹങ്ങളല്ല വേണ്ടത്. കേരളം വികസിച്ചു, ഇനിയൊന്നും ചെയ്യാനില്ലെന്ന മട്ടും മാതിരിയും എല്ലാറ്റിനും മാതൃകയാണെന്നുമുള്ള അവകാശവാദങ്ങള്‍ വിലയിരുത്താനുള്ള അവസരംകൂടിയാണ് ഇപ്പോഴത്തെ സ്ഥിതിഗതികള്‍. 

കുട്ടനാടിന്റെ കാര്യത്തിലേക്ക് വീണ്ടും വരാം. കാരണം കേരള വികസനത്തിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണത്. ആസൂത്രണവും ഇച്ഛാശക്തിയും ഭരണകൂടവും ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകതയാണത് വിവരിക്കുന്നത്. ഡോ. സ്വാമിനാഥന്‍ കമ്മീഷനിലല്ല വാസ്തവത്തില്‍ കുട്ടനാട് വികസനത്തിന്റെ തുടക്കം. ഇന്ത്യ കടുത്ത ക്ഷാമം നേരിട്ടു, 1940 മുതല്‍ 70 വരെ. ചൈനാ യുദ്ധവും പാകിസ്ഥാന്‍ യുദ്ധവും അതിന് ആക്കംകൂട്ടി. അനുഭവിച്ച ഭക്ഷണ പരാധീനതകള്‍ക്ക് പരിഹാരം തേടിയപ്പോള്‍ കണ്ടെത്തിയ ഹരിത വിപ്ലവത്തിന് 'വിധേയമായ' പ്രമുഖ കാര്‍ഷിക മേഖലയില്‍ കുട്ടനാടുമുണ്ടായിരുന്നു. അമേരിക്കന്‍ കാര്‍ഷിക ശാസ്ത്രജ്ഞന്‍ ഡോ. നോര്‍മാന്‍ ബൊര്‍ലോഗ്, അമേരിക്കയില്‍ പരീക്ഷിച്ച കാര്‍ഷിക ഉല്‍പ്പാദന വര്‍ധിപ്പിക്കല്‍ പരീക്ഷണങ്ങള്‍ ഇന്ത്യയിലും നടപ്പാക്കി. 

പരമ്പരാഗത കാര്‍ഷിക രീതിതന്നെ മാറ്റി മറിച്ചു. പുതിയ ഇനം അത്യുല്‍പ്പാദന ശേഷിയുള്ള വിത്തുകള്‍, വളം, കീടനാശിനി, ജലസേചന സംവിധാനം തുടങ്ങിയവ അവതിപ്പിച്ചു. ഇന്ത്യയിലാകെ പരീക്ഷിച്ച കാര്‍ഷിക പരിഷ്‌കാരത്തില്‍ നെല്ല്, ഗോതമ്പ് തുടങ്ങിയവയുടെ ഉല്‍പ്പാദനം കൂടി. കൃഷിയിലേക്ക് കൂടുതല്‍ കൂടുതല്‍ പേര്‍ ആകര്‍ഷിക്കപ്പെട്ടു. കൃഷിയിടവിസ്തൃതി കൂടി. ഉല്‍പ്പാദനം വര്‍ധിച്ചു. ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടി. ഡോ. നോര്‍മാന്‍ ബൊര്‍ലോഗിലൂടെ മലയാളിയും കുട്ടനാട്ടുകാരനുമായ ഡോ. സ്വാമിനാഥന്‍ എന്ന കൃഷി ശാസ്ത്രജ്ഞന്‍ അവതരിപ്പിക്കപ്പെട്ടു. അത് കാര്‍ഷിക വിപ്ലവത്തിന് കാരണവുമായി. പക്ഷേ...

(തുടരും)

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.