പശ്ചിമഘട്ടവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

Monday 13 August 2018 1:16 am IST

സുനാമി ദുരന്തത്തിന് ശേഷം കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിക്ഷോഭത്തിനാണ് കേരളം സാക്ഷ്യം വഹിച്ചത്. പ്രവചനങ്ങള്‍ക്ക് അതീതമായി മുന്നറിയിപ്പ് പോലും കൊടുക്കുവാന്‍ കഴിയുന്നതിന് മുന്നേ പ്രകൃതി അതിന്റെ സംഹാര താണ്ഡവം ആരംഭിച്ചിരുന്നു. കൃഷിയിടങ്ങള്‍, ഭവനങ്ങള്‍, വ്യാപരസ്ഥപനങ്ങള്‍ എന്നിവ തിരിച്ചെടുക്കുവാന്‍ കഴിയാത്തവിധം നാശത്തിന്റെ കുത്തതൊഴുക്കില്‍പ്പെട്ടു മണ്ണടിഞ്ഞു. അനേകം വിലപ്പെട്ട ജീവനുകള്‍ നമുക്ക് നഷ്ടമായി. പക്ഷെ ഇതെല്ലാം കണ്മുന്നില്‍ കണ്ടിട്ടും പാഠം പഠിക്കാത്ത നാം വീണ്ടും ജെസിബിയുമായി മണ്ണിന്റെ മാറിടം കീറിമുറിക്കുന്നു. വെള്ളം ഇറങ്ങിപോയ സ്ഥലങ്ങള്‍ പകര്‍ച്ചവ്യാധികളും കുടിവെള്ള ക്ഷാമവും രൂക്ഷമാണ്.

  ജൈവവൈവിധ്യം കൊണ്ടും പ്രകൃതി സന്തുലനാവസ്ഥ പരിപാലനംകൊണ്ടും ഏറെ പ്രാധാന്യമര്‍ഹിക്കുന്ന പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠനം നടത്തുവാന്‍ 2010ല്‍ മാധവഗാട്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ നിയമിക്കുകയും ആ സമിതി പരിസ്ഥിതിയെകുറിച്ചും പശ്ചിമഘട്ടത്തിന്റെ പ്രധാന്യത്തെ കുറിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്‍കി. ഭൂമിയുടെ പരിസ്ഥിതിലോലതയെ കുറിച്ച് കൃത്യമായ വിവരം നല്‍കി അതിനെ പലതായി തിരിച്ച് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും നിര്‍ദ്ദേശവും ഏറെ പ്രധാന്യമുള്ളതായിരുന്നു

ആരുടെയും അവകാശങ്ങള്‍ ഹനിക്കാതെ പശ്ചിമഘട്ടത്തെ സംരക്ഷിക്കാന്‍ കഴിയുന്ന ആ നിര്‍ദ്ദേശങ്ങള്‍ തെറ്റായി പ്രചരിപ്പിച്ച് അത് ജനവിരുദ്ധം എന്ന് പ്രചരിപ്പിച്ചു. ഇടത് വലത് മുന്നണികളും, റിസോര്‍ട്ട് ഭൂ-വനം മാഫിയകളും ക്രിസ്ത്യന്‍ മത മേലധ്യക്ഷന്‍മാരും ചേര്‍ന്ന് അതിനെ എതിര്‍ത്തു തോല്‍പ്പിച്ചു. അന്ന് കര്‍ഷകരുടെ രക്ഷകരായി മുന്നിലുണ്ടായിരുന്ന ആരെയും പ്രകൃതിക്ഷോഭ സ്ഥലത്ത് കണ്ടിട്ടില്ല.

  ഇതൊരു മുന്നറിയിപ്പ് മാത്രമാണ്. മൂന്നാര്‍, ദേവികുളം, ഈട്ടിസിറ്റി, ചിന്നകനാല്‍, അനയിറങ്ങല്‍, മാങ്കുളം, ബൈസന്‍വാലി തുടങ്ങിയ സ്ഥലങ്ങളിലെ പല റിസോര്‍ട്ടുകളും പരിസ്ഥിതിലോല പ്രദേശത്താണ്. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ മറികടന്നും നിയമത്തിന്റെ പഴുത് ഉപയോഗിച്ചും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും ഒത്താശയോടും നടക്കുന്ന ഇത്തരം നിയമലംഘന പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണം. ഇല്ലങ്കില്‍ ഇനിവരുന്ന ദുരന്തം ഇതിലും ഭീകരമായിരിക്കും

ജയകുമാര്‍ വേലിക്കകത്ത്

ഇടുക്കി

ഒരു പൊതുനിയമംകൂടി വരണം

നമ്മുടെ രാജ്യത്ത് അത്യാവശ്യമായി ഒരു പൊതുനിയമംകൂടി നിലവില്‍ വരേണ്ടതായിട്ടുണ്ടെന്നുതോന്നുന്നു. 

ഇന്ത്യയിലെ ഏതെങ്കിലും ഒരു സംസ്ഥാനത്ത് ജലമോ വൈദ്യുതിയോ കൂടുതലായി ലഭ്യമെങ്കില്‍ ആവശ്യക്കാരായ മറ്റുസംസ്ഥാനങ്ങള്‍ക്കെല്ലാം നിര്‍ബന്ധമായും നല്‍കണമെന്നുളള കര്‍ശനമായ നിയമവും സംവിധാനവും വരണം. 

ജലത്തിന്റെയോ വൈദ്യുതിയുടെയോ കാര്യത്തില്‍ ഒരുതരത്തിലുളള വിട്ടുവീഴ്ച്ചയും അനുവദിക്കാത്തതരത്തിലുളള ശക്തമായ നിയമം. മന:സാക്ഷിയില്ലാത്ത സമീപനം, രാജ്യത്തെ ഇതരസംസ്ഥാനങ്ങളോട് പാടില്ല. അവരുംകൂടി ചേര്‍ന്നതാണ് ഇന്ത്യ എന്ന മഹാരാജ്യം ! 

രാജന്‍ വെങ്കിട്ടരാമന്‍ 

എറണാകുളം

ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക

കലിതുള്ളി കാലവര്‍ഷം പെയ്തിറങ്ങുമ്പോള്‍ മുമ്പെങ്ങുമില്ലാത്ത വിധം പ്രളയക്കെടുതിയിലാണ് കേരളം. അതീവ ഗുരുതരമായ ഈ അവസ്ഥയെ നേരിടാന്‍ നാം ഒരേ മനസ്സോടെ പ്രവര്‍ത്തിക്കണം. അതാണ് ഈ ദുരന്തത്തെ അതിജീവിക്കനുള്ള ഏറ്റവും നല്ല പോംവഴി.

രജിത് മുതുവിള

തിരുവനന്തപുരം

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.