പ്രതീക്ഷ നല്‍കുന്ന കേന്ദ്രവാഗ്ദാനം

Monday 13 August 2018 1:17 am IST

കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ വരള്‍ച്ചാക്കാലത്തും വരള്‍ച്ചാ കണക്കെടുപ്പിന് മഴക്കാലത്തും കേന്ദ്രസംഘം എത്തുന്നതായിരുന്നു പതിവ് കാഴ്ച. എന്നാല്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ആ പതിവ് തെറ്റിച്ചു. മഴ തുടരുകയും കെടുതി വിതയ്ക്കുകയും ചെയ്യുമ്പോള്‍ തന്നെ കേന്ദ്രമന്ത്രിമാരെയും ഉദ്യോഗസ്ഥ സംഘത്തേയും കേരളത്തിലെത്തിച്ച് ദുഃഖത്തില്‍ പങ്കുചേരുകയും പ്രളയം നേരിട്ട് കാണുകയും വിലയിരുത്തുകയും ചെയ്തത് നല്ലൊരു സന്ദേശമാണ്. 

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആദ്യകെടുതിക്കാലത്തും ഇന്നലെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് കെടുതി പ്രദേശങ്ങളിലും ആകാശ നിരീക്ഷണം നടത്തി. മുഖ്യമന്ത്രിക്കൊപ്പമായിരുന്നു ഇത്. പറവൂരില്‍ ദുരിതാശ്വാസ ക്യാമ്പിലുമെത്തി. സുഖവിവരങ്ങള്‍ അന്വേഷിച്ചു. ദുരിതബാധിതര്‍ക്കൊപ്പം കേന്ദ്രസര്‍ക്കാര്‍ ഉണ്ടെന്ന് ഉറപ്പും നല്‍കി. ആത്മാര്‍ത്ഥത തുളുമ്പുന്നതായിരുന്നു ആ ഉറപ്പുകളെന്ന് വാക്കുകളില്‍ നിന്ന് വ്യക്തമാണ്. 

പക്ഷേ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെയും കൂട്ടി മുഖ്യമന്ത്രി നടത്തിയ പര്യടനം ഏറെ പരാതി ഉണ്ടാക്കിയത് മറുന്നുകൂടാ. മഴയിലും പ്രളയത്തിലും സകലതും നഷ്ടപ്പെട്ട് കൊടിയ ദുരിതത്തിലായവരുടെ പരാതി കേള്‍ക്കാന്‍ തയാറാകാത്ത, മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനങ്ങള്‍ പൊട്ടിത്തെറിച്ചു. വയനാട്ടിലെ കല്‍പ്പറ്റയിലും ആലുവയിലെ ചെങ്ങമനാട്ടുമാണ് ജനങ്ങള്‍ രോഷാകുലരായത്. 

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കല്‍പ്പറ്റ മുണ്ടേരി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലെത്തിയ മുഖ്യമന്ത്രി ക്യാമ്പിലുള്ള രണ്ടു പേരുടെ പരാതികള്‍ കേട്ടു. പരാതികളുമായി പലരും മുന്നോട്ട് വന്നെങ്കിലും അവരെ കേള്‍ക്കാന്‍ മുഖ്യമന്ത്രി തയാറായില്ല. ഇത് അല്പനേരം സംഘര്‍ഷത്തിന് കാരണമായി. 

കളക്‌ട്രേറ്റില്‍ നടന്ന സര്‍വകക്ഷി പ്രതിനിധി യോഗത്തില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഇറക്കിവിട്ടു. പുറത്തു പോകണമെന്ന് മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി നേരിട്ട് പറയുകയും ചെയ്തു. യോഗത്തിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ക്ക് അദ്ദേഹം മുഖം കൊടുത്തില്ല. മുഖ്യമന്ത്രിയുടെ മുഖം കാണാന്‍ പോലും പറ്റിയില്ലെന്നാണ് ഒരു ക്യാമ്പില്‍ കഴിയുന്ന ഒരു വയോവൃദ്ധ പരിതപിച്ചത്. ആലുവ ചെങ്ങമനാട്ടും കുന്നുകരയിലുമുള്ള ദുരിതാശ്വാസ കേന്ദ്രങ്ങളിലാണ് മുഖ്യമന്ത്രി എത്തിയത്. ക്യാമ്പിലുള്ളവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനുള്ള ക്ഷമ മുഖ്യമന്ത്രിക്കുണ്ടായില്ല. 

കൈക്കുഞ്ഞുങ്ങളുമായി അമ്മമാരും വൃദ്ധരും ഉള്‍പ്പടെയുള്ളവരാണ് കാത്തുനിന്നത്. അവരെ നിരാശപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്റെ സമീപനം. കുന്നുകരയിലെ ദുരിതാശ്വാസ കേന്ദ്രത്തിലെത്തി. ഇവിടെയുള്ളവരോടും മുഖ്യമന്ത്രി സംസാരിച്ചില്ല. ഒരുകാര്യവും അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താന്‍ സാധിച്ചില്ലെന്ന് നാട്ടുകാര്‍ക്ക് പരാതി. 

നിലമ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന വനവാസികള്‍ ഉള്‍പ്പടെയുള്ളവരെയും മുഖ്യമന്ത്രി അവഗണിച്ചു. വയനാട്ടില്‍ നിന്ന് നേരെ നിലമ്പൂരിലേക്ക് എത്തുമെന്നായിരുന്നു പ്രതീക്ഷ. അദ്ദേഹത്തോട് പറയാന്‍ കുറെ ആവലാതികളും അവര്‍ക്കുണ്ടായിരുന്നു. പക്ഷേ വയനാട്ടിലെ ചടങ്ങിന് ശേഷം കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നേരെ എറണാകുളത്തേക്കാണ് അദ്ദേഹം പോയത്. ഒരു ഭരണാധികാരി എങ്ങനെ ആകരുത് എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറുകയായിരുന്നു പിണറായി വിജയന്‍. ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ചിരിച്ചുകൊണ്ട് ആശ്വാസം പകരാന്‍ മുതിരാത്തത് മോശമായി. പക്ഷേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു കാര്യത്തില്‍ മിടുക്ക് കാണിച്ചു. ജനങ്ങളെ വിഡ്ഢികളാക്കാന്‍ ഭരണപക്ഷം മാത്രമല്ല പ്രതിപക്ഷവും ഒറ്റക്കെട്ടാണെന്ന് തെളിയിച്ചു. 

സര്‍ക്കാര്‍ വാടകക്കെടുത്ത ഹെലിക്കോപ്റ്ററില്‍ ഒന്ന് കണ്ണിറുക്കിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചാടിക്കയറി മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ചു. പ്രതിപക്ഷത്തിന്റെ വിമര്‍ശനത്തിന്റെ മുനയൊടിക്കുകയാണ് മുഖ്യമന്ത്രിയുടെ ലക്ഷ്യമെന്ന് മനസ്സിലാക്കാന്‍ പ്രതിപക്ഷ നേതാവിനായില്ല. കാലവര്‍ഷക്കെടുതി മുന്‍കൂട്ടി അറിഞ്ഞിട്ടും മതിയായ മുന്‍കരുതലെടുക്കാന്‍ അറച്ചുനിന്ന സര്‍ക്കാര്‍ വിമര്‍ശനങ്ങളില്‍ നിന്നും ഇതുവഴി തന്ത്രപൂര്‍വ്വം രക്ഷപ്പെടുകയാണ്. 

പ്രതിപക്ഷനേതാവിന്റെ വകതിരിവില്ലാത്ത ഈ പെരുമാറ്റത്തില്‍ കോണ്‍ഗ്രസ്സുകാരില്‍ നിന്നടക്കം അമര്‍ഷം പുകയുകയാണ്. കെടുതിക്കാലത്ത് രാഷ്ട്രീയം പറയുന്നില്ല. പക്ഷേ ഇത്രയും കെടുതികളുണ്ടായിട്ടും സംസ്ഥാനം പ്രകടിപ്പിക്കാത്ത ജാഗ്രതയും കരുതലും കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്നത് ആശ്വാസവും പ്രതീക്ഷയും നല്‍കുന്നത് തന്നെയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.