കൊളോണിയലിസത്തോടു കലഹിച്ച ബ്രിട്ടീഷ് സാഹിത്യകാരന്‍

Monday 13 August 2018 1:22 am IST
എഴുത്താണ് തന്റെ കരുത്തെന്നും എഴുതിത്തുടങ്ങിയതോടെ 'എന്റെ യജമാനന്‍ ഞാന്‍ തന്നെ'യെന്നും തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു നെയ്പാള്‍. കൃതികളില്‍ പലതും ആത്മകഥാ സംബന്ധിയായിരുന്നു. 1957-ല്‍ ആദ്യപുസ്തകം 'ദി മിസ്റ്റിക് മാഷ്വര്‍' പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പ്രകീര്‍ത്തിക്കപ്പെട്ട 'എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്' പുറത്തിറങ്ങിയത് 1961ലാണ്.

ലണ്ടന്‍: കരീബിയന്‍  ദ്വീപില്‍ ജനിച്ച ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് സാഹിത്യകാരന്‍. അതായിരുന്നു  വിദ്യാധര്‍ സൂരജ് പ്രസാദ് എന്ന വി. എസ്. നെയ്പാള്‍.  വൈരുധ്യങ്ങള്‍ അവിടെ തീരുന്നില്ല. ബ്രിട്ടനില്‍ പഠിച്ച,് പൗരത്വം സ്വീകരിച്ച്,  നെയ്പാള്‍  എഴുതി പോരാടിയത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയായിരുന്നു. കുടിയേറ്റക്കാരന്റെ യാതനകള്‍ നിറഞ്ഞ രചനകള്‍.  നൊബേല്‍ സമ്മാനത്തോളം ചെന്നെത്തിയ എഴുത്തിന്റെ വഴികള്‍. പ്രസിദ്ധിക്കൊപ്പം ആരോപണങ്ങള്‍ക്കും വിധേയനായി നെയ്പാള്‍. വര്‍ണവിവേചനം, ലൈംഗികത, ഷോവനിസം, ഇസ്ലാമോഫോബിയ  എന്നിവയുമായി ബന്ധപ്പെട്ട  വിവാദങ്ങള്‍ നെയ്പാളിനെ വിടാതെ പിന്തുടര്‍ന്നു.

1932 ല്‍ ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. 1950ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പഠനത്തിനെത്തിയ നെയ്പാള്‍ പിന്നീട് ബ്രിട്ടീഷ് പൗരത്വം സ്വീകരിക്കുകയായിരുന്നു. 

എഴുത്താണ് തന്റെ കരുത്തെന്നും എഴുതിത്തുടങ്ങിയതോടെ 'എന്റെ യജമാനന്‍ ഞാന്‍ തന്നെ'യെന്നും തിരിച്ചറിഞ്ഞ എഴുത്തുകാരനായിരുന്നു നെയ്പാള്‍. കൃതികളില്‍ പലതും ആത്മകഥാ സംബന്ധിയായിരുന്നു. 1957-ല്‍ ആദ്യപുസ്തകം 'ദി മിസ്റ്റിക് മാഷ്വര്‍' പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ നോവലുകളില്‍ ഏറ്റവും മികച്ചതെന്ന് പ്രകീര്‍ത്തിക്കപ്പെട്ട 'എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ്' പുറത്തിറങ്ങിയത് 1961ലാണ്. 

ഇന്ത്യയില്‍ നിന്ന് കരീബിയന്‍ ദ്വീപുകളിലേക്ക് നാടുകടത്തപ്പെട്ട തൊഴിലാളികളായിരുന്നു നെയ്പാളിന്റെ പൂര്‍വികര്‍. അതുകൊണ്ടു തന്നെ കൊളോണിയലിസത്തിന്റെ നിശിത വിമര്‍ശകനായി അദ്ദേഹം.  കൃതികളിലും അത് പ്രതിഫലിച്ചു. അധിനിവേശത്തിന്റെ കയ്പറിയുന്ന കരീബിയന്‍ ഗ്രാമീണ സാഹചര്യങ്ങളില്‍ നിന്ന് 'അപ്പര്‍ ക്ലാസ്' ഇംഗ്ലണ്ടിലേക്ക് നീണ്ട നെയ്പാളിന്റെ സാഹിത്യ സപര്യക്ക് അരനൂറ്റാണ്ടിന്റെ തിളക്കമുണ്ട്. 

എഴുത്തില്‍ നെയ്പാളിന്റെ പ്രചോദനം അച്ഛനായിരുന്നു. 'എ ഹൗസ് ഫോര്‍ മിസ്റ്റര്‍ ബിശ്വാസ് 'നെയ്പാള്‍ രചിച്ചത്  അച്ഛനെ കേന്ദ്ര കഥാപാത്രമായി സങ്കല്‍പ്പിച്ചാണ്.  അദ്ദേഹത്തിന്റെ കുടുംബ പശ്ചാത്തലവും നോവലില്‍ വായിച്ചെടുക്കാം. ട്രിനിഡാഡിന്റെ കൊളോണിയല്‍ ചരിത്രമാണ് ' ദി  ലോസ് ഓഫ് എല്‍ ദൊറാഡോ' യുടെ പ്രമേയം. ട്രിനിഡാഡിലേക്ക് ഒരിക്കലും തിരികെപ്പോകാന്‍ ഇഷ്ടപ്പെടാതിരുന്ന നെയ്പാള്‍, അവിടെ ജനിക്കേണ്ടി വന്നത് വലിയൊരു തെറ്റായിപ്പോയെന്ന് ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്‌പെയിനിലുള്ള അദ്ദേഹത്തിന്റെ ജന്മഗൃഹം ഇപ്പോള്‍ സാഹിത്യ മ്യൂസിയമാക്കി മാറ്റിയിരിക്കുകയാണ്. ഹൈന്ദവ സംസ്‌കാരവുമായി ബന്ധപ്പെട്ട രചനകളാണ് നെയ്പാളെന്ന എഴുത്തുകാരനെ ഇന്ത്യയില്‍ ശ്രദ്ധേയനാക്കിയത്. 

പാക്കിസ്ഥാനി പത്രപ്രവര്‍ത്തകയായ നാദിറ ഖാനും അല്‍വിയാണ് ഭാര്യ. ആദ്യ ഭാര്യ പട്രീഷ്യ ഹെയ്ല്‍ 1996ല്‍ അന്തരിച്ചു. 

എഴുത്തും രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും തനിക്ക് നഷ്ടപ്പെട്ടത് മൂത്ത സഹോദരനെയാണെന്നായിരുന്നു നെയ്പാളിന്റെ വിയോഗ വാര്‍ത്തയറിഞ്ഞ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്ദിയുടെ പ്രതികരണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.