'ലോര്‍ഡ്'സും കൈവിടുന്നു

Monday 13 August 2018 3:46 am IST

ലണ്ടന്‍: ലോര്‍ഡ്‌സും ഇന്ത്യയെ കൈവിടുന്നു. രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്ങ്‌സ് തോല്‍വിയിലേക്ക് കുതിക്കുന്നു. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റുപിടിപ്പിക്കാന്‍ 289 റണ്‍സ് എടുക്കേണ്ട ഇന്ത്യ നാലാം ദിനം ഉച്ചഭക്ഷണത്തിനുശേഷം മഴമൂലം കളിനിര്‍ത്തിവയ്ക്കുമ്പോള്‍ ആറു വിക്കറ്റിന് 66 റണ്‍സെന്ന പരിതാപകരമായ അവസ്ഥയിലാണ്. ഇംഗ്ലണ്ട് നേരത്തെ ഏഴു വിക്കറ്റിന് 396 റണ്‍സ് നേടി ആദ്യ ഇന്നിങ്ങ്‌സ് അവസാനിപ്പിച്ചു. ഇതോടെ അവര്‍ക്ക് 289 റണ്‍സ് ലീഡായി. ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സില്‍ 107 റണ്‍സാണെടുത്തത്്.

മഴയ്ക്ക് പിന്നാലെ ഇംഗ്ലീഷ് പേസര്‍മാര്‍ തീപാറും പന്തുകള്‍ പായിച്ചതോടെ ഇന്ത്യയുടെ പേരുകേട്ട ബാറ്റിങ്ങ്‌നിര ആദ്യ ഇന്നിങ്ങ്‌സിലേതുപോലെ തകര്‍ന്നു വീഴുകയായിരുന്നു.തുടക്കത്തില്‍ തന്നെ ആന്‍ഡേഴ്‌സണ്‍ ഇന്ത്യന്‍ ഓപ്പണര്‍ മുരളി വിജയിനെ പൂജ്യത്തിന് മടക്കി. ബെയര്‍സ്‌റ്റോയാണ് ക്യാച്ചെടുത്തത്. ലോര്‍ഡ്‌സില്‍ ആന്‍ഡേഴ്‌സണിന്റെ നൂറാം വിക്കറ്റാണിത്. ആദ്യ ഇന്നിങ്ങ്‌സിലും മുരളി വിജയിനെ ആന്‍ഡേഴ്‌സണ്‍ പൂജ്യത്തിന് വീഴ്ത്തിയിരുന്നു. മുരളി മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡും ശൂന്യമായിരുന്നു.

 ഓപ്പണറായ കെ.എല്‍. രാഹുലിനും ആന്‍ഡേഴ്‌സണിന്റെ തീ തുപ്പുന്ന പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. പത്ത് റണ്‍സ്മാത്രം കുറിച്ച രാഹുല്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി- ഇന്ത്യ രണ്ടിന് 13.

പിന്നീട് ബ്രോഡിന്റെ ഉഴമായിരുന്നു. രഹാനെയും (13) പൂജാരയും (17), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (17)യും കാര്‍ത്തിക്കും (0) ഈ പേസറിന് മുന്നില്‍ ബാറ്റ് താഴ്ത്തി. പുറം വേദന സഹിച്ച ക്രീസിലിറങ്ങിയ കോഹ്‌ലിയെ ബ്രോഡിന്റെ പന്തില്‍ പുതുമുഖം പോപ്പ് പിടികൂടി. പുറം വേദനമൂലം കോഹ് ലി രാവിലെ ഫീല്‍ഡ് ചെയ്തില്ല. ആറു വിക്കറ്റുകള്‍ കൊഴിയുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 61 റണ്‍സ്. ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം (1) ആര്‍.അശ്വിന്‍ (0) ക്രീസില്‍ നില്‍ക്കുമ്പോള്‍ മഴയെത്തി. തുടര്‍ന്ന് മത്സരം നിര്‍ത്തിവച്ചു.  ഇന്ത്യന്‍ ഇന്നിങ്ങ്‌സിന്റെ തുടക്കത്തിലും മഴ കളി മുടക്കിയിരുന്നു.

നേരത്തെ ആറു വിക്കറ്റിന് 357 റണ്‍സിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇംഗ്ലണ്ട് ഒരു വിക്കറ്റ് കൂടി നഷ്ടപ്പെടുത്തി 39 റണ്‍സ്  കൂട്ടിചേര്‍ത്ത് ഏഴിന് 396 റണ്‍സിന് ഇന്നിങ്ങ്‌സ് ഡിക്ലയര്‍ ചെയ്തു.

സ്‌കോര്‍ബോര്‍ഡ് 

ഇന്ത്യ ഒന്നാം ഇന്നിങ്ങ്‌സ് 107. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്ങ്‌സ്: എ.എന്‍. കുക്ക് സി കാര്‍ത്തിക് ബി ശര്‍മ 21, കെ.കെ. ജെന്നിങ്ങ്‌സ് എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 11, ജെ.ഇ. റൂട്ട് എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 19, ഒ.ജെ. പോപ്പ് എല്‍ബിഡബ്‌ളീയു ബി പാണ്ഡ്യ 28, ജെ.എം.ബയര്‍സ്‌റ്റോ സി കാര്‍ത്തിക് ബി പാണ്ഡ്യ 93, ജെ.സി. ബട്ട്‌ലര്‍ എല്‍ബിഡബ്‌ളീയു ബി മുഹമ്മദ് ഷമി 24, സി.ആര്‍.വോക്‌സ് നോട്ടൗട്ട് 137, സാം കറന്‍ സി മുഹമ്മദ് ഷമി ബി പാണ്ഡ്യ 40, എക്‌സ്ട്രാസ് 23, ആകെ ഏഴ് വിക്കറ്റിന് 396 ഡിക്ലയേര്‍ഡ്്.

വിക്കറ്റ് വീഴ്ച: 1-28, 2-32, 3-77, 4-89, 5-131, 6-320, 7- 396.

ബൗളിങ്ങ് : ഇഷാന്ത് ശര്‍മ 22-4-101-1, മുഹമ്മദ് ഷമി 23-4-96-3,കുല്‍ദീപ് യാദവ് 9-1-44-0, എച്ച്.എച്ച്.പാണ്ഡ്യ 17.1- 0-66-3, ആര്‍.അശ്വിന്‍ 17-1-68-0.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.