കുമ്പസാരത്തിന്റെ മറവിലെ ബലാത്സംഗം : രണ്ട് പ്രതികള്‍ കൂടി കീഴടങ്ങി

Monday 13 August 2018 11:00 am IST
കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസും നാലാംപ്രതിയായ ജെയിംസ് കെ. ജോര്‍ജുമാണ് കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പോലീസിന്റെ പിടിയിലായി.

കൊല്ലം : കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്സ് വികാരിമാര്‍ കൂടി കീഴടങ്ങി. കൊല്ലം ക്രൈംബ്രാഞ്ച് ഓഫീസിലാണ് കീഴടങ്ങിയത്. കേസിലെ ഒന്നാം പ്രതി എബ്രഹാം വര്‍ഗീസും നാലാംപ്രതിയായ ജെയിംസ് കെ. ജോര്‍ജുമാണ് കീഴടങ്ങിയത്. ഇതോടെ കേസിലെ എല്ലാ പ്രതികളും പോലീസിന്റെ പിടിയിലായി.

ഇരുവരുടെയും ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു. വികാരിമാര്‍ ഈ മാസം 13ന് പോലീസിന് മുന്നില്‍ കീഴടങ്ങണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. മുന്‍കൂര്‍ ജാമ്യം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രതികള്‍ 13ന് തന്നെ കീഴടങ്ങുമെന്ന് പ്രതിഭാഗം അഭിഭാഷകര്‍ സുപ്രീംകോടതിക്ക് ഉറപ്പ് നല്‍കിയിരുന്നു.  മുന്‍കൂര്‍ ജാമ്യം നല്‍കാവുന്ന കേസല്ല വികാരിമാര്‍ക്കെതിരെ ഉള്ളതെന്ന് ജസ്റ്റിസ് എ. കെ സിക്രി വ്യക്തമാക്കിയിരുന്നു. 

കേസില്‍ നേരത്തെ പ്രതികളുടെ അറസ്റ്റ് കോടതി വിലക്കിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം ആകുന്നതുവരെ അറസ്റ്റ് പാടില്ലെന്നായിരുന്നു നിര്‍ദേശം. പരസ്പര സമ്മതത്തോടെയുള്ള ബന്ധമാണ് പരാതിക്കാരിയുമായി വികാരിമാര്‍ക്ക് ഉണ്ടായിരുന്നതെന്നും ഇത് ബലാത്സംഗമായി കാണാനാവില്ലെന്നും പ്രതികളുടെ അഭിഭാഷകര്‍ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. കേസില്‍ രണ്ട് പ്രതികള്‍ നേരത്തെ കീഴടങ്ങിയിരുന്നു. 

1999ല്‍ വിവാഹ വാഗ്ദാനം നല്‍കി ഒന്നാംപ്രതിയും കുമ്പസാര രഹസ്യത്തിന്റെ പേരില്‍ ഭീഷണിപ്പെടുത്തി പിന്നീട് മറ്റുള്ളവരും പീഡിപ്പിച്ചെന്നാണ് പരാതി. ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് സംസ്ഥാന സര്‍ക്കാരും പരാതിക്കാരിയായ യുവതിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.