ഹിമാചല്‍ പ്രദേശില്‍ കനത്ത മഴ: മാണ്ഡിയിലും ഷിംലയിലും സ്‌കൂളുകള്‍ക്ക് അവധി

Monday 13 August 2018 11:25 am IST

ഷിംല: തുടര്‍ച്ചയായി പെയ്യുന്ന മഴ ഹിമാചല്‍ പ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത നാശം വിതയ്ക്കുന്നു.മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിലും ഒഴുക്കില്‍പ്പെട്ടും ജീവന്‍ നഷ്ടമായവരുടെ എണ്ണം അഞ്ചായി. കനത്ത മഴ മൂലം മണ്ണിടിച്ചില്‍ പതിവായതോടെ, സംസ്ഥാനത്ത് റോഡ് ഗതാഗതം താറുമാറായി. നൂറുകണക്കിനു പേര്‍ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ്.

മണ്ണിടിച്ചിലിനെ തുടര്‍ന്ന് മാന്‍ഡി ജില്ലയില്‍ മൂന്നു പേര്‍ക്കു ജീവന്‍ നഷ്ടമായി. സോളന്‍ ജില്ലയിലെ കൗശല്യ നദിയില്‍ ഒഴുക്കില്‍പ്പെട്ട് ഒരു കുട്ടി മരിച്ചു. സോളന്‍ ജില്ലയില്‍ത്തന്നെ കണ്ഡഗാട്ടില്‍ മണ്ണിനടിയില്‍പ്പെട്ട് ഒരാള്‍കൂടി മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. മണ്ണിനടിയില്‍പ്പെട്ട നാലു പേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

മണ്ണിടിച്ചില്‍ രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ചണ്ഡിഗഡ്  മണാലി ദേശീയപാതയില്‍ ഗതാഗതം നിര്‍ത്തിവച്ചു. ചണ്ഡിഗഡ്  ഷിംല പാതയിലും മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മാന്‍ഡി  പഠാന്‍കോട്ട്, ചമ്പ  പഠാന്‍കോട്ട്, ഷിംല  നഹാന്‍ ദേശീയപാതകളിലും മണ്ണിടിച്ചിലുണ്ടായി.മണ്ണിടിച്ചിലിനെ തുടര്‍ന്നു ഛത്തീസ്ഗഡ്-മണാലി ദേശീയ പാത തകര്‍ന്നു. ഇതിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മാണ്ഡിയിലും ഷിംലയിലും സ്‌കൂളുകള്‍ക്കും അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വകാര്യ സ്‌കൂളുകള്‍ക്ക് ഉള്‍പ്പെടെയാണ് തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു ഉത്തരാഖണ്ഡിലെ ബദരീനാഥ് ദേശീയ പാതയും അടച്ചിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.