വരാപ്പുഴ കസ്റ്റഡി കൊലപാതകം: സിബിഐ അന്വേഷണമില്ല

Monday 13 August 2018 2:12 pm IST
പോലീസുകാര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സിബിഐ ആരോപിച്ചു. മരിച്ചയാളുടെ പേരില്‍ അറസ്റ്റ് റെക്കോഡ് ചെയ്യുകയും, റിമാന്‍ഡ് അപ്ലിക്കേഷന്‍ ഉണ്ടാക്കുകയും ചെയ്തു എന്നും സിബിഐ പറഞ്ഞു.

കൊച്ചി : വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹര്‍ജിയാണ് തള്ളിയത്. കസ്റ്റഡി മരണം അന്വേഷിക്കാന്‍ തയ്യാറെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 

പോലീസുകാര്‍ തെളിവുകള്‍ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന് സിബിഐ ആരോപിച്ചു. മരിച്ചയാളുടെ പേരില്‍ അറസ്റ്റ് റെക്കോഡ് ചെയ്യുകയും, റിമാന്‍ഡ് അപ്ലിക്കേഷന്‍ ഉണ്ടാക്കുകയും ചെയ്തു എന്നും സിബിഐ പറഞ്ഞു. എന്നാല്‍ ഇത് പറയേണ്ടത് സി.ബി.ഐ അല്ല ഹര്‍ജിക്കാര്‍ ആണെന്ന് കോടതി വ്യക്തമാക്കി. കുടുംബാംഗങ്ങളും ശ്രീജിത്തിനൊപ്പം അറസ്റ്റിലായവരുമാണ് കേസില്‍ സാക്ഷികള്‍. അവര്‍ നല്‍കുന്ന മൊഴിയെ ആശ്രയിച്ചാകും കേസിന്റെ ഫലം. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത ആര്‍ടിഎഫുകാര്‍ മര്‍ദിക്കുന്നതു കുടുംബാംഗങ്ങള്‍ കണ്ടുവെന്നാണു പറയുന്നത്. എസ്‌ഐ മര്‍ദിച്ചതു കണ്ടതായി കൂട്ടത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ടവര്‍ പറയുന്നു. അതിനാല്‍ സാക്ഷികള്‍ സ്വാധീനിക്കപ്പെടുമെന്നും തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നുമുള്ള ആശങ്കയില്‍ കാര്യമില്ല. ഭാര്യ ആവശ്യപ്പെട്ടു എന്നതുകൊണ്ടു മാത്രം സിബിഐ അന്വേഷണം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

നഷ്ടപരിഹാരം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. എന്നാല്‍, കുടുംബത്തിനു 10 ലക്ഷം രൂപയും ഭാര്യക്കു സര്‍ക്കാര്‍ ജോലിയും നല്‍കിയിട്ടുണ്ട്. അതു തൃപ്തികരമല്ലെങ്കില്‍ ഉചിതമായ ഫോറത്തെ സമീപിക്കാവുന്നതാണെന്നു കോടതി വ്യക്തമാക്കി. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള അപ്പീല്‍ തള്ളിയ സിംഗിള്‍ ബെഞ്ച്, കേസ് ഡയറി പരിശോധിച്ചില്ലെന്നും അഖിലയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

എന്നാല്‍ രണ്ടു വട്ടം സിംഗിള്‍ ബഞ്ച് കേസ് ഡയറി പരിശോധിച്ചുവെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വിശദമായ പരിശോധനക്ക് ശേഷമാണ് സിംഗിള്‍ ബെഞ്ച് സി.ബി.ഐ അന്വേഷണം വേണ്ടെന്ന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.