ബിഷപ്പിനെ ചോദ്യം ചെയ്യുന്നു; ബിഷപ്പ് ഹൗസ് സായുധ സംഘത്തിന്റെ വലയില്‍

Monday 13 August 2018 2:19 pm IST
പള്ളിക്കു മുന്നില്‍ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി.

ജലന്ധര്‍: ലൈംഗിക പീഡന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു.  അന്വേഷണ സംഘം എത്തുന്നതിന് മുന്നോടിയായി ബിഷപ്പ് ഹൗസിനു മുന്നില്‍ പഞ്ചാബ് പോലീസിന്റെ സായുധ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ഉണ്ടാകുകയാണെങ്കില്‍ പ്രതിഷേധങ്ങള്‍ നേരിടുന്നതിനാണ് നടപടി. 

ചോദ്യം ചെയ്യുന്നിടത്ത് ബിഷപ്പിന്റെ അഭിഭാഷകനും എത്തിയിട്ടുണ്ട്. അഡ്വ.മന്‍‌ദീപ് സിംഗ് സച്‌ദേവാണ് ചോദ്യം ചെയ്യുന്നിടത്ത് എത്തിയിരിക്കുന്നത്. അതിനിടെ ബിഷപ്പിനെതിരെയുള്ള അന്വേഷണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിശ്വാസികളുടെ സംഘടന നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.  ബിഷപ്പിനെതിരെയുള്ള അന്വേഷണം ശരിയായ ദിശയിലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 

രാവിലെ മുതല്‍ വാഹനങ്ങളില്‍ വിശ്വാസികള്‍ കൂട്ടത്തോടെ ബിഷപ്പ് ഹൗസിലേക്ക് എത്തുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. പള്ളിക്കു മുന്നില്‍ വടം കെട്ടി തിരിച്ചിരിക്കുകയാണ്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ വിശ്വാസികള്‍ ഇവിടേക്ക് എത്തുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. ബിഷപ്പിനെ കസ്റ്റഡിയിലെടുക്കാന്‍ കേരള പൊലീസ് സംഘം പഞ്ചാബ് പൊലീസിന്റെ സഹായം തേടിയിരുന്നു. നേരത്തെ ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും ക്രമസമാധാന പ്രശ്‌നം കണക്കിലെടുത്ത് ചോദ്യം ചെയ്യല്‍ മാറ്റിവയ്ക്കുകയായിരുന്നു.  

പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി എത്തിയേക്കുമെന്നും ഇതിനായുള്ള നീക്കം നടന്നുവരികയാണെന്നുള്ള സൂചനയുണ്ട്. കേരള ഹൈക്കോടതിയില്‍ വന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍, ബിഷപ്പിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയതിനു പിന്നാലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കുള്ള ശ്രമം. ജലന്ധറില്‍ എത്തിയ അന്വേഷണ സംഘം മിഷണറീസ് ജീസസ് മദര്‍ ജനറാള്‍ റജീന അടക്കമുള്ള കന്യാസ്ത്രീകളുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. സന്യാസിനി സമൂഹത്തിന്റെ ഉപദേശക സമിതി അംഗങ്ങളില്‍ നിന്നാണ് ഡിവൈഎസ്പി കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ സംഘം മൊഴിയെടുത്തത്.

പാസ്റ്ററല്‍ സെന്ററിലെ തെളിവെടുപ്പിന് ശേഷം അന്വേഷണ സംഘം അമൃത്സറിലേയ്ക്ക് പോയിരുന്നു. ഇവിടെ നിന്നും കന്യസ്ത്രീയുടെ സഹോദരന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി. ജലന്ധര്‍ ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ നിര്‍ണായക മൊഴിയും പുറത്തെത്തിയിരുന്നു. പ്രാര്‍ത്ഥനയുടെ പേരില്‍ കന്യാസ്ത്രീകള്‍ക്ക് മോശം അനുഭവം ഉണ്ടായതായാണ് പരാതിയില്‍ പറയുന്നത്. രാത്രിയില്‍ പോലും കന്യാസ്ത്രീകളെ മുറിയിലേക്ക് വിളിപ്പിച്ചിരുന്നുവെന്നും അവര്‍ മൊഴി നല്‍കിയിരുന്നു.

അതേസമയം, ജലന്ധര്‍ ബിഷപ്പിന്റെ അറസ്റ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരാണ് അറസ്റ്റ് സംബന്ധിച്ച്‌ തീരുമാനം എടുക്കേണ്ടതെന്നും ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്‌റ്റെന്നുമാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുമെന്നാണ് സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.