വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഉമര്‍ ഖാലിദ്

Monday 13 August 2018 3:48 pm IST
ഇടത്-മുസ്ലിം തീവ്ര സംഘടനകളുടെ സംയുക്ത വേദിയായ 'യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്' സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഉമര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയത്.

ന്യൂദല്‍ഹി: അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി രാജ്യദ്രോഹക്കേസിലെ പ്രതിയും ജെഎന്‍യുവിലെ ഇടത് വിദ്യാര്‍ത്ഥി നേതാവുമായ ഉമര്‍ ഖാലിദ്. ദല്‍ഹി റാഫി മാര്‍ഗ്ഗിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബിന് മുന്നില്‍വെച്ചായിരുന്നു സംഭവം.
 
''സുഹൃത്തുക്കള്‍ക്കൊപ്പം ചായ കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ബലിഷ്ഠനായ ഒരാള്‍ പുറകിലൂടെ വന്ന് കഴുത്തിന് പിടിച്ചു. അയാളുടെ കയ്യില്‍ തോക്കുണ്ടായിരുന്നു. കൈ മാറ്റാന്‍ ശ്രമിച്ചപ്പോള്‍ എന്നെ നിലത്തേക്ക് വലിച്ചെറിഞ്ഞ് മര്‍ദ്ദിച്ചു. സുഹൃത്തുക്കള്‍ തിരിച്ചടിക്കാന്‍ തയ്യാറായപ്പോള്‍ തോക്ക് വലിച്ചെറിഞ്ഞ് അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടയില്‍ വെടിയൊച്ചയും കേട്ടു''. ഉമര്‍ പറഞ്ഞു. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമുണ്ടെന്നും സര്‍ക്കാരിനെതിരെ സംസാരിക്കുന്നവര്‍ ഭീഷണി നേരിടുകയാണെന്നും ഉമര്‍ കുറ്റപ്പെടുത്തി. 
 
ഉമറിന്റെ പരാതി പരിശോധിക്കേണ്ടതുണ്ടെന്ന് ദല്‍ഹി ഡിസിപി മധൂര്‍ വര്‍മ പറഞ്ഞു. തോക്ക് പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇടത്-മുസ്ലിം തീവ്ര സംഘടനകളുടെ സംയുക്ത വേദിയായ 'യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ്' സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് ഉമര്‍ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ എത്തിയത്. ഇവിടെ മറ്റൊരു പരിപാടിക്കെത്തിയ ദല്‍ഹി എംപി മീനാക്ഷി ലേഖി ഉമറിനെ സന്ദര്‍ശിച്ച് വിവരങ്ങള്‍ ആരാഞ്ഞു.
 
2016 ഫെബ്രുവരിയിലാണ് ജെഎന്‍യുവില്‍ അഫ്‌സല്‍ ഗുരു അനുസ്മരണത്തിനിടെ പാക്കിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചതിന് കനയ്യ കുമാര്‍, അനിര്‍ബന്‍ ഭട്ടാചാര്യ, ഉമര്‍ ഖാലിദ് എന്നിവവരെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.